അറിയാനുള്ള അവകാശം എവിടെ? വിജിലന്‍സിലെ വിവരാവകാശ വിലക്കില്‍ വ്യാപക വിമര്‍ശനം, യൂടേണ്‍ അടിക്കുമോ സര്‍ക്കാര്‍

വിജിലന്‍സിന്റെ ടി സെക്ഷനെ വിവരാവകാശ പരിധിയില്‍ നിന്ന് ഒഴിവാക്കിയ സര്‍ക്കാര്‍ നടപടിയാണ് ചോദ്യങ്ങളുയര്‍ത്തുന്നത്. വിജിലന്‍സ് അന്വേഷണവുമായി ബന്ധപ്പെട്ട് നിര്‍ണായക വിവരങ്ങള്‍ രഹസ്യമാക്കുന്നതിലൂടെ സര്‍ക്കാര്‍ അഴിമതിക്ക് കളമൊരുക്കുകയാണോ എന്നാണ് ചോദ്യം

അറിയാനുള്ള അവകാശം എവിടെ? വിജിലന്‍സിലെ വിവരാവകാശ വിലക്കില്‍ വ്യാപക വിമര്‍ശനം, യൂടേണ്‍ അടിക്കുമോ സര്‍ക്കാര്‍
dot image

കൊച്ചി: സ്വാതന്ത്രാനന്തര ഇന്ത്യയില്‍ ജനങ്ങളുടെ കൈകളിലേക്ക് അധികാരം കൈമാറിയ ഏറ്റവും പ്രധാനപ്പെട്ട നിയമനിര്‍മ്മാണമായിരുന്നു വിവരാവകാശ നിയമം. മൂടി വെച്ച രഹസ്യങ്ങളെ ജനങ്ങളിലേക്ക് എത്തിച്ച, ജനങ്ങളെ ഓഡിറ്ററാക്കി മാറ്റിയ ചരിത്ര നിയമം. മന്‍മോഹന്‍സിംഗ് സര്‍ക്കാരിന്റെ ഭരണനേട്ടങ്ങളില്‍ പൊന്‍തൂവലായ് ഇന്നും വാഴ്ത്തപ്പെടുന്ന വിവരാവകാശ നിയമത്തില്‍ വെള്ളം ചേര്‍ക്കാനുള്ള ശ്രമമാണോ ഇപ്പോള്‍ നടക്കുന്നതെന്ന ആക്ഷേപമാണ് ശക്തമായിരിക്കുന്നത്. വിജിലന്‍സിന്റെ ടി സെക്ഷനെ വിവരാവകാശ പരിധിയില്‍ നിന്ന് ഒഴിവാക്കിയ സംസ്ഥാന സര്‍ക്കാര്‍ നടപടിയാണ് ചോദ്യങ്ങളുയര്‍ത്തുന്നത്. വിജിലന്‍സ് അന്വേഷണവുമായി ബന്ധപ്പെട്ട് നിര്‍ണായക വിവരങ്ങള്‍ രഹസ്യമാക്കുന്നതിലൂടെ സര്‍ക്കാര്‍ അഴിമതിക്ക് കളമൊരുക്കുകയാണോ എന്നാണ് വിമർശനം.

കേന്ദ്രത്തില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ ഇരിക്കുമ്പോള്‍ 2005ലാണ് വിപ്ലവകരമായ വിവരാകാശ നിയമം ഉണ്ടായത്. അതേ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ കേരളത്തില്‍ അധികാരത്തില്‍ ഇരിക്കുമ്പോഴാണ് വിവരാവകാശ നിയമത്തിന്മേലുള്ള ഈ കടുംവെട്ട് എന്നതാണ് ശ്രദ്ധേയം. വിജിലന്‍സിന്റെ ടി1 ടി2 വിഭാഗങ്ങളെയാണ് വിവരാവകാശ പരിധിയില്‍ നിന്ന് ഒഴിവാക്കുന്നത്. അധികാര സ്ഥാനത്തുള്ളവര്‍ക്ക് എന്നും തലവേദനയാണ് വിവരാവകാശ നിയമത്തിലൂടെ പുറത്തുവരുന്ന രേഖകള്‍. ഇത് തടയാനുള്ള നീക്കമാണ് നടക്കുന്നതെന്നാണ് ആരോപണം. വി ഡി സതീശന്‍ സര്‍ക്കാരിന്റെ നടപടിക്കെതിരെ പ്രതിഷേധം ശക്തമാണ്. എന്നാല്‍ വിജിലന്‍സിന്റെ അന്വേഷണ രഹസ്യാത്മകത ഉറപ്പാക്കാനുള്ള സ്വാഭാവിക നടപടിയാണെന്ന പ്രതിരോധമാണ് സര്‍ക്കാര്‍ തീര്‍ക്കുന്നത്.

വിജിലന്‍സ് ഡയറക്ടറുടെ ശുപാര്‍ശയിലാണ് വിവരാവകാശ നിയമ പരിധിയില്‍ നിന്ന് വിജിലന്‍സിലെ T1,T2 വിഭാഗങ്ങളെ ഒഴിവാക്കാനുള്ള തീരുമാനമുണ്ടായത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണ് വിജിലന്‍സ് മേധാവി യോഗേഷ് ഗുപ്ത ആഭ്യന്തര വകുപ്പിന് ശുപാര്‍ശ നല്‍കിയത്. 2025 ജനുവരി 11ന് നല്‍കിയ ശുപാര്‍ശയില്‍ വിജിലന്‍സിനെ പൂര്‍ണമായും വിവരാവകാശ പരിധിയില്‍ നിന്ന് ഒഴിവാക്കണമെന്നാണ് ആവശ്യപ്പെട്ടിരുന്നത്. ക്രൈംബ്രാഞ്ച്, സ്‌പെഷ്യല്‍ ബ്രാഞ്ച് വിഭാഗങ്ങളെ വിവരാവകാശ പരിധിയില്‍ നിന്ന് ഒഴിവാക്കിയത് ചൂണ്ടിക്കാട്ടിയായിരുന്നു നിര്‍ദേശം. വി ഡി സതീശന്‍ സര്‍ക്കാരിന്റ ആദ്യ നിയമസഭാ സമ്മേളനത്തില്‍ സി കെ കാസിമിന്റെ ചോദ്യത്തിന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഇക്കാര്യങ്ങള്‍ മറുപടിയായി നല്‍കിയിട്ടുണ്ട്.

വിവരാവകാശ നിയമപരിധിയില്‍ നിന്ന് വിജിലന്‍സിലെ രണ്ട് സെക്ഷനുകള്‍ ഒഴിവാക്കിയതോടെ രാഷ്ട്രീയക്കാരുടെ അഴിമതി കേസുകളിലെ ഫയലുകളും രഹസ്യമാകും. വി ഡി സതീശന്റെ 'പുനര്‍ജനി' അന്വേഷണ റിപ്പോര്‍ട്ടും പുറത്തു വരില്ല. പുനര്‍ജനി കേസില്‍ വി ഡി സതീശന് വിജിലന്‍സ് നേരത്തെ ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു. ഇതുസംബന്ധിച്ച വിവരങ്ങളും രഹസ്യമായി തുടരും. കെ എം എബ്രഹാമിന്റെ വരവില്‍ കവിഞ്ഞ സ്വത്ത് സംമ്പാദന കേസിന്റെ ഫയലുകളും രഹസ്യമാകും. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് ഈ രണ്ട് കേസുകളിലും അന്വേഷണം നടത്തിയത്.

വിവരാവകാശ നിയമത്തിന്മേലുള്ള കടന്നുകയറ്റത്തെ അതിരൂക്ഷമായാണ് പ്രതിപക്ഷം വിമര്‍ശിക്കുന്നത്. വിവരാവകാശത്തിന്റെ കഴുത്ത് ഞെരിക്കുകയാണ് യുഡിഎഫ് സര്‍ക്കാരെന്നാണ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ പറഞ്ഞത്. വിജിലന്‍സിലെ ടി സെക്ഷന്‍ വെട്ടി മാറ്റിയത് അഴിമതി മൂടി വെക്കാന്‍ ആണെന്നും പിണറായി വിജയന്‍ പറയുന്നു. വിജ്ഞാപനം വന്നത് മുഖ്യമന്ത്രിക്കെതിരായ വിജിലന്‍സ് രേഖകള്‍ പുറത്തുവന്നപ്പോള്‍ ആണെന്ന് ചൂണ്ടിക്കാട്ടിയ പിണറായി വിജയൻ, ഭരണ തണലില്‍ അഴിമതി നടത്തുന്നവരെ രക്ഷിച്ചെടുക്കാനുള്ള വെപ്രാളമെന്നും വിമര്‍ശിച്ചിരുന്നു.

വിജിലന്‍സിലെ ടി വകുപ്പുകള്‍ വിവരാവകാശ പരിധിയില്‍ നിന്നും എടുത്തു മാറ്റിയത് ജനാധിപത്യവിരുദ്ധമെന്ന് സെബാസ്റ്റ്യന്‍ പോള്‍ പ്രതികരിച്ചു. മന്ത്രിമാരുമായി ബന്ധപ്പെട്ട കേസുകള്‍ അടക്കം പുറത്ത് വരാതിരിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. മന്ത്രിമാരുടെ യാത്രകളും അവരുടെ സ്‌പോണ്‍സര്‍മാരുടെ വിവരങ്ങളും എങ്ങനെയാണ് രഹസ്യ വിവരങ്ങള്‍ ആകുന്നതെന്നും ഇക്കാര്യങ്ങളെല്ലാം പരസ്യം ആകേണ്ടതാണെന്നും സെബാസ്റ്റ്യന്‍ പോള്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞു.

വിവരാവകാശ നിയമപരിധിയില്‍ നിന്ന് വിജിലന്‍സിലെ രണ്ട് സെക്ഷനുകള്‍ ഒഴിവാക്കാനുള്ള സര്‍ക്കാര്‍ തീരുമാനം വിവരാവകാശത്തിന്റെ പ്രസക്തി തന്നെ ഇല്ലാതാക്കുന്നുവെന്നായിരുന്നു ജോസ് കെ മാണിയുടെ പ്രതികരണം. മന്ത്രിമാരുടെയും മറ്റും കാര്യങ്ങളും ചോദിക്കുമ്പോള്‍ ജനങ്ങള്‍ അറിയാന്‍ പാടില്ല പറയുമ്പോൾ അവിശുദ്ധ കൂട്ടുകെട്ട് ഉണ്ടാകുന്നു എന്ന് ജനങ്ങള്‍ സംശയിക്കും. സര്‍ക്കാര്‍ തീരുമാനം ഉടന്‍ പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേന്ദ്രത്തിന്റെ അതേ പാത സംസ്ഥാനം പിന്തുടരുകയാണെന്നും ജോസ് കെ മാണി കുറ്റപ്പെടുത്തി.

വിജിലന്‍സിനെ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കിയതിനെതിരെ അഡ്വ. ഹരീഷ് വാസുദേവനും രംഗത്തെത്തി. ഒരു തരത്തിലുള്ള പരിരക്ഷയും വിജിലന്‍സിന് നല്‍കേണ്ടതില്ലെന്നാണ് അദ്ദേഹം റിപ്പോര്‍ട്ടറിനോട് സംസാരിക്കവെ പറഞ്ഞത്. അഴിമതി മൂടി വെക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. വിവരാവകാശ നിയമത്തിന്റെയും അഴിമതി നിരോധന നിയമത്തിന്റെയും ഉദ്ദേശലക്ഷ്യങ്ങളെ തകര്‍ക്കുന്നതാണ് സര്‍ക്കാര്‍ തീരുമാനമെന്നും ഹരീഷ് വാസുദേവന്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞു.

വിവരാവകാശനിയമത്തിലെ ഇപ്പോഴത്തെ കൈകടത്തല്‍ സര്‍ക്കാരിന്റെ തന്ത്രമെന്ന് രാഷ്ട്രീയ നിരീക്ഷകന്‍ ജോസഫ് സി മാത്യു പ്രതികരിച്ചു. സിഎംആര്‍എല്‍ കേസില്‍ വിവരങ്ങള്‍ പുറത്ത് വരാന്‍ പ്രതിപക്ഷവും താൽപ്പര്യപ്പെടുന്നില്ല. അതിനാല്‍ പ്രതിപക്ഷ എതിര്‍പ്പ് ഉണ്ടാകില്ല എന്ന പ്രതീക്ഷയിലാകും തിടുക്കപ്പെട്ട് സര്‍ക്കാര്‍ ഈ തീരുമാനമെടുത്തിട്ടുണ്ടാവുകയെന്നും ജോസഫ് സി മാത്യു റിപ്പോര്‍ട്ടറിനോട് സംസാരിക്കവെ പറഞ്ഞു.

വിവരാവകാശ പ്രവര്‍ത്തകര്‍ കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്ന സാഹചര്യത്തില്‍ ഇക്കാര്യം സൂക്ഷ്മമായി പരിശോധിക്കുകയാണ് സര്‍ക്കാര്‍. 2016ല്‍ വിജിലന്‍സിനെ പൂര്‍ണമായും വിവരാവകാശ നിയമത്തില്‍ നിന്ന് ഒഴിവാക്കാന്‍ തീരുമാനിച്ച ശേഷം ഉത്തരവ് പിന്‍വലിച്ച മാതൃകയില്‍, ഇത്തവണയും സര്‍ക്കാര്‍ പിന്നോട്ട് പോകുമോ എന്ന ചോദ്യമാണ് ഉയരുന്നത്.

Content Highlights: Kerala’s restrictions on accessing Vigilance Department information through RTI have sparked widespread criticism, with questions mounting over whether the government will reverse its decision.

dot image
To advertise here,contact us
dot image