

തിരുവനന്തപുരം: കോവളം സ്പാ പീഡനക്കേസില്‍ വിദേശികളും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് കണ്ടെത്തല്‍. പെണ്‍കുട്ടിയെ പീഡിപ്പിച്ചവരുടെ ലിസ്റ്റ് അന്വേഷണം സംഘം തയ്യാറാക്കി. സ്പാകളിലേക്ക് പെണ്‍കുട്ടികളെ എത്തിക്കുന്നതില്‍ വിശദമായ അന്വേഷണം നടത്താനാണ് തീരുമാനം. വ്യാജ രേഖകളുണ്ടാക്കി ബംഗ്ലാദേശി യുവതികളെ കേരളത്തിലേക്ക് എത്തിക്കുന്നുവെന്ന് അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. ഗുണ്ടകളുടെ കാവലില്‍ സ്പാകള്‍ നടത്തുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരുണ്ടെന്നും പൊലീസ് കണ്ടെത്തി. സ്പാകള്‍ക്ക് നിയന്ത്രണം കൊണ്ടുവരാന്‍ പുതിയ നിയമനിര്‍മ്മാണം നടത്താനാണ് നീക്കം.
കോവളത്തെ 16 കാരിയെ പീഡിപ്പിച്ചവരില്‍ വിദേശികളും ഉള്‍പ്പെടുന്നുവെന്ന് എഡിജിപി പി വിജയന് റിപ്പോര്‍ട്ടറിനോട് പറഞ്ഞു. പെണ്‍കുട്ടിയെ പീഡിപ്പിച്ചവരുടെ ലിസ്റ്റ് അന്വേഷണ സംഘം തയ്യാറാക്കി. സിറ്റി പോലീസ് കമ്മീഷണറും സൗത്ത് സോണ്‍ ഐ ജിയുമാണ് ലിസ്റ്റ് തയ്യാറാക്കിയത്. കോവളത്തെ 16 കാരിയുടെ പീഡനം ഒറ്റപ്പെട്ട സംഭവമല്ലെന്ന് പി വിജയന് പറഞ്ഞു. വ്യാജ രേഖകളില്‍ ബംഗ്ലാദേശി യുവതികളെ കേരളത്തിലേക്ക് എത്തിക്കുന്നുണ്ട്. സ്പാകളിലേക്ക് പെണ്‍കുട്ടികളെ എത്തിക്കുന്ന വഴികളില്‍ അന്വേഷണം നടത്തും. ഗുണ്ടകളുടെ കാവലില്‍ സ്പാകള്‍ നടത്തുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരുണ്ടെന്ന് കണ്ടെത്തിയതായും എഡിജിപി പറഞ്ഞു.
പണത്തോടാര്ത്തിയുള്ള ഉദ്യോഗസ്ഥര്‍ പല മേഖലകളിലുമുണ്ട്. സ്പാ ഉടമകളായ ഉദ്യോഗസ്ഥരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇവര്‍ നിരീക്ഷണത്തിലാണെന്നും അദ്ദേഹം പറഞ്ഞു. സ്പാ നടത്തിപ്പിന് അപ്രൂവ്ഡ് മെഡിക്കല്‍ പ്രാക്ടീഷണറുടെ പേര് നിര്‍ബന്ധമാണ്. ഇത്തരം പേരുകള്‍ ദുരുപയോഗം ചെയ്യുന്നതായി കണ്ടെത്തിയിട്ടുണ്ട്. എന്തെങ്കിലും പ്രശ്നങ്ങളുണ്ടെന്ന് തിരിച്ചറിയുകയാണെങ്കില്‍ മെഡിക്കല്‍ പ്രാക്ടീഷണര്‍ക്ക് എതിരെയും കേസെടുക്കും. ഇത്തരം കേസുകള്‍ അറിയില്ല എന്ന വാദം നിലനില്‍ക്കില്ല.
വിവിധ ഡേറ്റിങ് ആപ്പുകള്‍ ഉപയോഗിച്ചും ഇത്തരം തട്ടിപ്പുകള്‍ നടത്തുന്നതായാണ് പൊലീസ് പറയുന്നത്. എന്നാല്‍ നിയമനടപടികളിലേക്ക് കടക്കാന്‍ പൊലീസിന് പരിമിതികളുണ്ട്. ആരെങ്കിലും പരാതിയുമായി എത്തിയാല്‍ മാത്രമേ മുന്നോട്ടുള്ള നീക്കങ്ങള്‍ നടത്താനാവൂ. എന്നാല്‍ വലിയ സെക്സ് റാക്കറ്റുകളാണ് ഇതിനു പിന്നിലും പ്രവര്‍ത്തിക്കുന്നതെന്നാണ് പൊലീസ് പറയുന്നത്. സംസ്ഥാനത്തെ സ്പാകളുടെ പ്രവര്‍ത്തനങ്ങള്‍ കര്‍ശനമായി നിയന്ത്രിക്കാന്‍ പുതിയ നീക്കങ്ങള്‍ നടത്തുമെന്നും ഇതുമായി ബന്ധപ്പെട്ട് ആഭ്യന്തര മന്ത്രിയുമായി ചര്‍ച്ച നടത്തിയതായും എഡിജിപി പറഞ്ഞു. സ്പാകള്‍ക്ക് നിയന്ത്രണം കൊണ്ടുവരാന്‍ പുതിയ നിയമനിര്‍മ്മാണത്തിനും സാധ്യതുണ്ട്.
Content Highlights: Kovalam spa case investigation points to the alleged involvement of foreign nationals and a wider racket, prompting Kerala Police to consider stricter regulations for spas.