ഡ്രൈവിങ് ലൈസൻസിൽ വൻ മാറ്റങ്ങൾ വരുന്നു; അറിയാം 10 മാറ്റങ്ങൾ

ഡ്രൈവിങ് ലൈസന്‍സ് സംബന്ധിച്ച പുതിയ നിര്‍ദേശങ്ങള്‍ അറിയാം

ഡ്രൈവിങ് ലൈസൻസിൽ വൻ മാറ്റങ്ങൾ വരുന്നു; അറിയാം  10 മാറ്റങ്ങൾ
dot image

റോഡില്‍ വാഹനംകൊണ്ട് ഇറങ്ങുന്നവരെ സംബന്ധിച്ച് പ്രധാനപ്പെട്ട രേഖയാണ് ഡ്രൈവിങ് ലൈസന്‍സ്. ലൈസന്‍സ് എടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ മാത്രമല്ല നിലവില്‍ ലൈസന്‍സുള്ളവരും ഇതുമായി ബന്ധപ്പെട്ട നിയമങ്ങളും നടപടിക്രമങ്ങളും അറിഞ്ഞിരിക്കണം. ലൈസന്‍സിലെ വിവരങ്ങള്‍ പുതുക്കുന്നത് മുതല്‍ സുരക്ഷിതമായ ഡ്രൈവിങ് സംബന്ധിച്ച പരിശോധനകള്‍ വരെ ഉള്‍പ്പെടുന്ന ചില മാറ്റങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ നിര്‍ദേശിച്ചിരിക്കുന്നത്. എന്നാല്‍ ഈ മാറ്റങ്ങളെല്ലാം നിലവില്‍ പ്രാബല്യത്തില്‍ വന്നിട്ടില്ല. കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവച്ച കരട് നിര്‍ദേശങ്ങളാണിവ. ലൈസന്‍സ് നടപടിക്രമങ്ങളില്‍ വരാന്‍ സാധ്യതയുള്ള പ്രധാനപ്പെട്ട 10 മാറ്റങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം.

ഇന്ത്യന്‍ പൗരന്മാര്‍ക്കും വിദേശികള്‍ക്കും വ്യത്യസ്ത ലൈസന്‍സ് സംവിധാനം

ഇന്ത്യന്‍ പൗരന്മാര്‍ക്കും വിദേശ പൗരന്മാര്‍ക്കും നല്‍കുന്ന ഡ്രൈവിങ് ലൈസന്‍സുകളില്‍ വ്യത്യസ്തമായ ഫോര്‍മാറ്റുകള്‍ കൊണ്ടുവരാനാണ് നിര്‍ദേശം. അപേക്ഷാ നടപടികളില്‍ പൗരത്വവുമായി ബന്ധപ്പെട്ട വിവരങ്ങളും പ്രധാനപ്പെട്ടതായേക്കും.

ക്യുആര്‍ കോഡുള്ള സ്മാര്‍ട്ട് കാര്‍ഡ്

ഡ്രൈവിങ് ലൈസന്‍സില്‍ വിവരങ്ങള്‍ പരിശോധിക്കുന്നത് കൂടുതല്‍ എളുപ്പമാക്കാന്‍ ക്യുആര്‍ കോഡുള്ള സ്മാര്‍ട്ട് കാര്‍ഡ് അവതരിപ്പിക്കുന്നതും നിര്‍ദേശങ്ങളില്‍ ഉള്‍പ്പെടുന്നു. ലൈസന്‍സുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വേഗത്തില്‍ പരിശോധിക്കാന്‍ ഇത് സഹായിച്ചേക്കും.

New guidelines regarding driving licenses

Also Read:

മൊബൈല്‍ നമ്പറും വ്യക്തിയുടെ വിവരങ്ങളും

ലൈസന്‍സിന് അപേക്ഷിക്കുമ്പോള്‍ മൊബൈല്‍ നമ്പറിനൊപ്പം അടിയന്തര സാഹചര്യത്തില്‍ ബന്ധപ്പെടേണ്ട വ്യക്തിയുടെ വിവരങ്ങളും നല്‍കേണ്ടിവന്നേക്കാം. അപകടമോ മറ്റ് അടിയന്തര സാഹചര്യമോ ഉണ്ടാകുമ്പോള്‍ ബന്ധപ്പെട്ടവരെ വിവരമറിയിക്കാന്‍ ഇത് പ്രയോജനപ്പെടും.

സുരക്ഷിത ഡ്രൈവിങ് പരിശീലനത്തിന് കൂടുതല്‍ സമയം

ഡ്രൈവിങ് ലൈസന്‍സ് എടുക്കുന്നവര്‍ക്ക് സുരക്ഷിതമായി വാഹനമോടിക്കുന്നതുമായി ബന്ധപ്പെട്ട പരിശീലനം പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം അനുവദിക്കാനാണ് നിര്‍ദേശം. നിലവില്‍ ഏഴ് ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കേണ്ട പരിശീലനത്തിന് 15 ദിവസം വരെ സമയം നല്‍കാനാണ് നിര്‍ദേശിക്കുന്നത്. പരിശീലനത്തിന് കുറഞ്ഞത് 30 മിനിറ്റെങ്കിലും ദൈര്‍ഘ്യമുണ്ടാകണമെന്നും നിര്‍ദേശമുണ്ട്.

Also Read:

മൂല്യനിര്‍ണയത്തില്‍ 75 ശതമാനം മാര്‍ക്ക് നേടണം

സുരക്ഷിത ഡ്രൈവിങ് പരിശീലനത്തിന്റെ മൂല്യനിര്‍ണയത്തില്‍ വിജയിക്കാന്‍ നിലവിലെ 60 ശതമാനം മാര്‍ക്ക് എന്ന മാനദണ്ഡം 75 ശതമാനമായി ഉയര്‍ത്താനും നിര്‍ദേശമുണ്ട്. ഇത് നടപ്പിലായാല്‍ മൂല്യനിര്‍ണയത്തില്‍ കൂടുതല്‍ മാര്‍ക്ക് നേടേണ്ടിവരും.

New guidelines regarding driving licenses

ലൈസന്‍സില്‍നിന്ന് വാഹന വിഭാഗം ഒഴിവാക്കിയാല്‍ നിയന്ത്രണം

ഡ്രൈവിങ് ലൈസന്‍സില്‍നിന്ന് ഒരു വാഹന വിഭാഗം ഒഴിവാക്കുന്നവര്‍ക്ക് അതേ വിഭാഗത്തില്‍ വീണ്ടും ലേണേഴ്‌സ് ലൈസന്‍സോ ഡ്രൈവിങ് ലൈസന്‍സോ നേടുന്നതിന് ഒരു വര്‍ഷത്തെ നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള നിര്‍ദേശവും മുന്നോട്ടുവച്ചിട്ടുണ്ട്.

Also Read:

ലൈസന്‍സിലെ വിവരങ്ങള്‍ ഓണ്‍ലൈനായി പുതുക്കാം

ലൈസന്‍സിലെ വിലാസം, മൊബൈല്‍ നമ്പര്‍ തുടങ്ങിയ വിവരങ്ങള്‍ മാറ്റുന്നതിനുള്ള ഓണ്‍ലൈന്‍ നടപടികള്‍ ലളിതമാക്കാനും നിര്‍ദേശമുണ്ട്. ഇതിലൂടെ ആവശ്യമായ വിവരങ്ങള്‍ പുതുക്കാന്‍ ഓഫീസുകള്‍ കയറിയിറങ്ങേണ്ട സാഹചര്യം കുറയ്ക്കാനാകുമെന്നാണ് പ്രതീക്ഷ.

ചില സേവനങ്ങള്‍ക്ക് ഫീസ് ഒഴിവാക്കിയേക്കും

ലൈസന്‍സിലെ വ്യക്തിഗത വിവരങ്ങള്‍ പുതുക്കുന്നതുള്‍പ്പെടെയുള്ള ചില സേവനങ്ങള്‍ക്ക് ഫീസ് ഒഴിവാക്കുന്ന നിര്‍ദേശങ്ങളും കരടിലുണ്ട്. ആധാര്‍ വിവരങ്ങള്‍ സ്ഥിരീകരിച്ച് ഓണ്‍ലൈനായി ലഭിക്കുന്ന ചില സേവനങ്ങള്‍ക്ക് ഫീസ് ഇളവ് നല്‍കുന്നതും പരിഗണനയിലുണ്ട്.

New guidelines regarding driving licenses

Also Read:

അപേക്ഷകളില്‍ 15 ദിവസത്തിനകം തീരുമാനമെടുക്കണം

ലൈസന്‍സിലെ വിവരങ്ങള്‍ മാറ്റുന്നതിനുള്ള അപേക്ഷകളില്‍ 15 ദിവസത്തിനകം തീരുമാനമെടുക്കണമെന്നാണ് നിര്‍ദേശം. വിലാസം മാറ്റുന്നതിനുള്ള ചില അപേക്ഷകളില്‍ 30 ദിവസത്തിനകം എതിര്‍പ്പ് ലഭിച്ചില്ലെങ്കില്‍ അംഗീകാരം ലഭിക്കുന്ന രീതിയും നിര്‍ദേശങ്ങളില്‍ ഉള്‍പ്പെടുന്നു.

തിരിച്ചറിയല്‍ രേഖകളുടെ പട്ടികയില്‍ മാറ്റം

ഡ്രൈവിങ് ലൈസന്‍സിനായി അപേക്ഷിക്കുമ്പോള്‍ ഉപയോഗിക്കാവുന്ന രേഖകളുടെ പട്ടികയിലും മാറ്റങ്ങള്‍ നിര്‍ദേശിച്ചിട്ടുണ്ട്. വോട്ടര്‍ ഐഡി, ഇ-റേഷന്‍ കാര്‍ഡ്, വൈദ്യുതി ബില്‍ തുടങ്ങിയ രേഖകള്‍ ഉപയോഗിക്കുന്നതിനുള്ള വ്യവസ്ഥകള്‍ ഉള്‍പ്പെടുന്നു. പ്രായവും വിലാസവും തെളിയിക്കാന്‍ ഉപയോഗിക്കുന്ന ചില രേഖകളുടെ പട്ടികയിലും മാറ്റമുണ്ടായേക്കാം.

ഈ മാറ്റങ്ങള്‍ എപ്പോള്‍ മുതല്‍ പ്രാബല്യത്തില്‍ വരും?

ഡ്രൈവിങ് ലൈസന്‍സുമായി ബന്ധപ്പെട്ട ഈ നിര്‍ദേശങ്ങളെല്ലാം നിലവില്‍ കരട് നിര്‍ദേശങ്ങളുടെ ഘട്ടത്തിലാണ്. അതിനാല്‍ ഇവ പ്രാബല്യത്തില്‍ വന്നതായി കരുതി നിലവിലുള്ള നടപടിക്രമങ്ങളില്‍ മാറ്റം വരുത്തേണ്ടതില്ല. പൊതുജനങ്ങളില്‍നിന്നും ബന്ധപ്പെട്ടവരില്‍നിന്നും നിര്‍ദേശങ്ങളും എതിര്‍പ്പുകളും സ്വീകരിച്ചശേഷം സര്‍ക്കാര്‍ അന്തിമ തീരുമാനമെടുക്കും. ഔദ്യോഗിക വിജ്ഞാപനം വരുന്നതോടെ മാത്രമേ ഏതെല്ലാം മാറ്റങ്ങള്‍ അംഗീകരിച്ചെന്നും അവ എപ്പോള്‍ മുതല്‍ നടപ്പിലാകുമെന്നും വ്യക്തമാകൂ.

Content Highlights :Both those wishing to obtain a license and existing license holders should be aware of the relevant laws and procedures. The Central Government has now proposed several changes, ranging from the updating of information on licenses to assessments concerning safe driving.





                        
                        
                        


 


                        dot image
                        
                        
To advertise here,contact us
dot image