

കൊച്ചി: മട്ടാഞ്ചേരി സിനഗോഗിന് മുന്നിലെ തീവെയ്പ്പ് കേസില്‍ പ്രതിയുടെ കൂടുതല്‍ വെളിപ്പെടുത്തല്‍ പുറത്ത്. പ്രതി എബിന് പോള്‍ ആദ്യം ആക്രമണത്തിന് ശ്രമിച്ചത് മൂവാറ്റുപുഴ മേക്കപ്പാടത്തുള്ള കെട്ടിടത്തിലാണെന്ന് പൊലീസ് കണ്ടെത്തി. ഇക്കഴിഞ്ഞ ജനുവരിയിലായിരുന്നു സംഭവം. ആളൊഴിഞ്ഞ കെട്ടിടത്തിന്റെ വാതിലിന് തീയിടുകയായിരുന്നു. 'ബോസ്' എന്ന ആളുടെ നിര്‍ദേശപ്രകാരമാണ് തീയിട്ടതെന്ന് പ്രതി ചോദ്യം ചെയ്യലില്‍ സമ്മതിച്ചതായി പൊലീസ് വ്യക്തമാക്കി. പ്രതിയെ ഈ കെട്ടിടത്തിലെത്തിച്ചും തെളിവെടുത്തു. പരിശീലനത്തിന്റെ ഭാഗമായാണോ ഇതെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. സിനഗോഗ് ഉള്‍പ്പെടെ മൂന്ന് ഇടങ്ങളിലാണ് പ്രതി തീയിട്ടതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
അതേസമയം പ്രതി എബിന് പോളിന്റെ പണം ഇടപാടുകളുടെ കൂടുതല്‍ വിവരങ്ങള്‍ പൊലീസിന് നേരത്തെ ലഭിച്ചിരുന്നു. മൂവാറ്റുപുഴയിലെ യൂസ്ഡ് കാര്‍ഷോറൂം തീയിട്ടതില്‍ പ്രതിക്ക് പണം ലഭിച്ചതായാണ് പൊലീസ് കണ്ടെത്തിയത്. കേസില്‍ യുഎപിഎ ചുമത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ആക്രമണത്തിന് നിര്‍ദേശം നല്കിയ ബോസ് എന്ന് വിളിക്കുന്ന വ്യക്തിയെ കുറിച്ച് വിശദാംശങ്ങള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.
കോലഞ്ചേരി സ്വദേശിയായ പ്രതിക്ക് കാര്‍ ഷോറൂം തീയിട്ടതിന് അഡ്വാന്‍സായി അയ്യായിരം രൂപയോളം ക്രിപ്റ്റോയായാണ് ലഭിച്ചത്. ടെലഗ്രാം ഐഡി വഴിയായിരുന്നു ചാറ്റുകള്‍. സിനഗോഗ് ആക്രമണത്തിനും ഇയാള്‍ക്ക് പണം ലഭിച്ചിരുന്നു. 'ബോസ്' എന്ന് വിളിക്കുന്ന വ്യക്തിയെ കണ്ടെത്താനുള്ള ശ്രമത്തിന്റെ ഭാഗമായി എബിന് ഉപയോഗിച്ചിരുന്ന ഫോണിലെ വിവരങ്ങള്‍ പൊലീസ് വീണ്ടെടുത്തിട്ടുണ്ട്. ഇയാളുടെ ഫോണ്‍ വിളികള്‍, ചാറ്റ് വിവരങ്ങള്‍, ഓഡിയോ - വീഡിയോ ഡ്യോകുമെന്റുകള്‍ എന്നിവ വിശദമായി പരിശോധിച്ച് തുടര്‍നടപടികളിലേക്ക് പൊലീസ് കടന്നിട്ടുണ്ട്.
Content Highlights: The accused in the Kochi synagogue incident reportedly first targeted abandoned building in Muvattupuzha