സൈനുൽ ആബിദ് വധക്കേസ്; 21 പ്രതികളെയും വെറുതെ വിട്ട് കോടതി

കേസില്‍ ദൃക്‌സാക്ഷിയായിരുന്ന പിതാവ് വിചാരണക്ക് മുമ്പ് മരിച്ചു

സൈനുൽ ആബിദ് വധക്കേസ്; 21 പ്രതികളെയും വെറുതെ വിട്ട് കോടതി
dot image

കാസര്‍കോട്: പ്രമാദമായ സൈനുല്‍ ആബിദ് വധക്കേസില്‍ മുഴുവന്‍ പ്രതികളെയും വെറുതെ വിട്ട് കാസര്‍കോട് അഡീഷണല്‍ സെഷന്‍സ് കോടതി. 21 പ്രതികളെയാണ് വെറുതെ വിട്ടത്. 2014 ഡിസംബര്‍ 22ന് കാസര്‍കോട് നഗരത്തിൽ എംജി റോഡിലുള്ള ആബിദിന്റെ ഉടമസ്ഥതയിലുള്ള കടയില്‍ കയറി പിതാവിന്റെ മുന്നിലിട്ട് വെട്ടി കൊലപ്പെടുത്തുകയായിരുന്നു. കേസില്‍ ദൃക്‌സാക്ഷിയായിരുന്ന പിതാവ് വിചാരണക്ക് മുമ്പ് മരിച്ചിരുന്നു. കര്‍ണാടകയിലെ ഹുബ്ബള്ളിക്ക് സമീപമുണ്ടായ വാഹനാപകടത്തിലാണ് ആബിദിന്റെ പിതാവ് മുഹമ്മദ് കുഞ്ഞി മരിച്ചത്.

രാത്രി കട അടയ്ക്കുന്നതിനായി സാധനങ്ങള്‍ അടുക്കിവെക്കുന്നതിനിടെ അതിക്രമിച്ച് കയറിയ ആയുധധാരികളായ സംഘം പിതാവ് കെ എ മുഹമ്മദ് കുഞ്ഞിയുടെ കണ്‍മുന്നില്‍ വെച്ച് ആബിദിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ആബിദിനെ ഉടൻ തന്നെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. പിന്നീട് മംഗലാപുരത്തേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരണം സംഭവിച്ചത്.

വ്യക്തിവിരോധമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് അന്വേഷണ സംഘം സമര്‍പ്പിച്ച കുറ്റപത്രത്തില്‍ വ്യക്തമാക്കിയിരുന്നത്. എന്നാല്‍ പ്രധാന സാക്ഷിയുടെ അഭാവം കേസിനെ ദുര്‍ബലപ്പെടുത്തി. അതേസമയം, പൊലീസ് അന്വേഷണത്തില്‍ വീഴ്ച്ച ഉണ്ടായെന്ന് സൈനുല്‍ ആബിദിന്റെ കുടുംബം ആരോപിച്ചു. മേല്‍ക്കോടതിയെ സമീപിക്കുമെന്ന് സൈനുല്‍ ആബിദിന്റെ കുടുംബം പറഞ്ഞു.

Content Highlights: All 21 accused acquitted in the 2014 Sainul Abid case by a Kasaragod court; family alleges police lapses and plans to approach a higher court

dot image
To advertise here,contact us
dot image