

കാസര്കോട്: മുഖ്യമന്ത്രിയുടെ സോഷ്യല് മീഡിയ കോര്ഡിനേറ്റര് എന്ന് അവകാശപ്പെടുന്ന ആള് പിടിയിലായ കാസര്കോട് എംഡിഎംഎ കേസില് പൊലീസിന്റെ ഒത്തുകളി എന്ന് ആരോപണം. കാസര്കോട് എംഡിഎംഎ കേസിലെ വാഹനം ഉടമയ്ക്ക് വിട്ടുനല്കി കോടതി ഉത്തരവ് വന്നതില് പൊലീസിന് ഗുരുതര വീഴ്ച സംഭവിച്ചുവെന്നാണ് റിപ്പോര്ട്ട്. വാഹന ഉടമയുടെ അപേക്ഷയെ കോടതിയില് പൊലീസ് ശക്തമായി എതിര്ക്കാത്തതാണ് ഇത്തരത്തില് ഒരു വിധിക്ക് കാരണം. വാഹനം വിട്ടുനല്കിയാല് കുറ്റകൃത്യം ആവര്ത്തിക്കും എന്ന് മാത്രം റിപ്പോര്ട്ടില് പറഞ്ഞിരുന്നത്.
അപേക്ഷയെ എതിര്ത്ത് കോടതിയില് നല്കിയ റിപ്പോര്ട്ട് ദുര്ബലമായിരുന്നു. വാഹന ഉടമയും പ്രതികളും തമ്മിലുള്ള ബന്ധത്തെ കുറിച്ച് യാതൊരു വിവരവും തേടാതെയാണ് പൊലീസ് റിപ്പോര്ട്ട് നല്കിയത്. മുമ്പും ഇതേ കാര് ലഹരി കടത്തിന് ഉപയോഗിച്ചിട്ടുണ്ടോ എന്നതിലും വ്യക്തത വരുത്തിയിരുന്നില്ല. വാഹന ഉടമയ്ക്ക് കേസില് നേരിട്ട് ബന്ധമില്ലാത്തതിനാല് കാര് വിട്ടുനല്കുന്നു എന്നാണ് കോടതി പറഞ്ഞത്. കോടതി ഉത്തരവിന്റെ പകര്പ്പ് റിപ്പോര്ട്ടറിന് ലഭിച്ചു. 139 ഗ്രാം എംഡിഎംഎ കടത്താന് ഉപേയാഗിച്ച വാഹനമാണ് രണ്ട് മാസത്തിനകം ഉടമയ്ക്ക് തിരികെ ലഭിച്ചത്.
എറണാകുളം അറക്കപ്പടി സ്വദേശിയായ ആഷിക്ക് എന്ന ആളുടെ ഉടമസ്ഥതയിലുള്ളതാണ് കാറ്. കാലിക്കടവില് വെച്ചാണ് പൊലീസ് എംഡിഎംഎയുമായി കാറ് പിടികൂടുന്നത്. പിന്നാലെ ആഷിക്ക് തന്നെയാണ് തനിക്ക് കേസില് നേരിട്ട് ബന്ധമില്ലെന്നും കാറ് വിട്ട് നല്കണമെന്നും കാട്ടി ജില്ലാ സെഷന്സ് കോടതിയില് അപേക്ഷ നല്കുന്നത്. ഇതിലാണ് പൊലീസിനോട് കോടതി റിപ്പോര്ട്ട് ആവശ്യപ്പെട്ടത്. ശക്തമായ റിപ്പോര്ട്ട് നല്കിയിരുന്നെങ്കില് വാഹനം ഉടമയ്ക്ക് ഇത്ര എളുപ്പത്തില് ലഭിക്കുമായിരുന്നില്ലെന്നാണ് വിലയിരുത്തല്. പ്രതികള് നല്കിയ ജാമ്യാപേക്ഷയെ എതിര്ത്തുകൊണ്ട് പൊലീസ് നല്കിയ റിപ്പോര്ട്ടും ഏറെ ദുര്ബലമായിരുന്നെന്ന വിവരം നേരത്തെ പുറത്തുവന്നിരുന്നു.
കേസില് ഇതുവരെ ഒമ്പത് പേരെയാണ് പൊലീസ് സംഘം കസ്റ്റഡിയില് എടുത്തത്. ഒരു നൈജീരിയന് സ്വദേശി അടക്കം കേരളത്തിന് പുറത്തുള്ള മൂന്ന് പേരും ഇതില് ഉള്പ്പെടുന്നു. പ്രതി മുഹമ്മദ് ഹുസൈന്, മുഖ്യമന്ത്രി വി ഡി സതീശന് അടക്കമുള്ളവരോടൊപ്പമുള്ള രാഷ്ട്രീയ ബന്ധങ്ങള് എംഡിഎംഎ വില്പ്പനയ്ക്ക് ഉപയോഗിച്ചിട്ടുണ്ടോ എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട ചോദ്യം. ഉന്നത രാഷ്ട്രീയ നേതാക്കളുമായി പ്രതി ഫോണില് സംസാരിച്ചിരുന്നോ എന്നത് അടക്കമുള്ള വിവരങ്ങള് പുറത്തുവരാനുണ്ട്. എന്നാല് സിഡിആറിന്റെ വിവരങ്ങളും അന്വേഷണത്തിന്റെ വിവരങ്ങളും മാധ്യമങ്ങളോട് പങ്കുവെക്കരുതെന്ന കര്ശന നിര്ദേശമാണുള്ളത്.
പ്രതികളുടെ ഫോണുകള് ഫോറന്സിക് പരിശോധനയ്ക്ക് അയച്ചെന്ന മുഖ്യമന്ത്രിയുടെ വാദം തെറ്റാണെന്ന വിവരം നേരത്തെ പുറത്തുവന്നിരുന്നു. ഫോറന്സിക് പരിശോധനയ്ക്ക് അയക്കാന് പൊലീസ് കോടതിയില് അപേക്ഷ നല്കേണ്ടതുണ്ട്. ഇതുപോലും ചെയ്തിട്ടില്ലെന്നായിരുന്നു വിവരം. വി ഡി സതീശനുമായി അടുപ്പമുണ്ടെന്ന സൂചനകളുള്ള മുഹമ്മദ് ഹുസൈന് ഉള്പ്പെടെ മൂന്ന് പ്രതികളില് നിന്നായി ഏഴ് ഫോണുകളാണ് പിടിച്ചെടുത്തത്. ഒരു ഐ ഫോണ്, മൂന്ന് ആന്ഡ്രോയിഡ് ഫോണ്, മൂന്ന് കീപാഡ് ഫോണ് എന്നിവയാണ് പിടിച്ചെടുത്തത്. ഇതില് അഞ്ച് ഫോണുകളാണ് അന്വേഷണസംഘത്തിന്റെ കൈവശമുള്ളത്. രണ്ട് ഫോണുകള് ഓഗസ്റ്റ് 29ന് കാസര്കോട് ജില്ലാ സെഷന്സ് കോടതിയില് ഹാജരാക്കിയിരുന്നു.
Content Highlights: A report has pointed to serious police lapses in the Kasaragod case involving an individual who allegedly claimed to be the Chief Minister’s social media coordinator. The court ordered the seized vehicle to be returned to its owner after police did not strongly oppose the application. The police report reportedly stated only that releasing the vehicle could lead to the recurrence of the offence.