അഭിഭാഷക കമ്മീഷനെ ഭീഷണിപ്പെടുത്തിയ സംഭവം; നജീബ് കാന്തപുരത്തിനെതിരെ കേസെടുത്ത് പൊലീസ്

എംഎല്‍എ സമര്‍പ്പിച്ച മാപ്പപേക്ഷയില്‍ കോടതി നാളെ വിധി പറയും

അഭിഭാഷക കമ്മീഷനെ ഭീഷണിപ്പെടുത്തിയ സംഭവം; നജീബ് കാന്തപുരത്തിനെതിരെ കേസെടുത്ത് പൊലീസ്
dot image

മഞ്ചേരി: പെരിന്തല്‍മണ്ണയില്‍ ജപ്തി നടപടിക്കെത്തിയ അഭിഭാഷക കമ്മീഷനെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ നജീബ് കാന്തപുരം എംഎല്‍എയ്ക്ക് എതിരെ കേസെടുത്ത് പൊലീസ്. മേലാറ്റൂര്‍ പൊലീസാണ് എംഎല്‍എയ്ക്ക് എതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. കണ്ടാല്‍ അറിയാവുന്ന നാലു പേരെയും കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്. മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടെ നിര്‍ദേശപ്രകാരമാണ് പൊലീസ് നടപടി. എംഎല്‍എ സമര്‍പ്പിച്ച മാപ്പപേക്ഷയില്‍ കോടതി നാളെ വിധി പറയും.

ബാങ്ക് വായ്പ അടവ് മുടങ്ങിയതിനെ തുടര്‍ന്ന് വീട് ജപ്തി ചെയ്യാനെത്തിയ അഭിഭാഷക കമ്മീഷന്‍ വീട്ടുമുറ്റത്തെത്തിയാല്‍ ജീവനോടെ തിരിച്ച് പോകില്ലെന്ന് എംഎല്‍എ ഭീഷണിപ്പെടുത്തിയെന്ന കാര്യം എഫ്‌ഐആറിലുമുണ്ട്. ഭീഷണിക്ക് പുറമേ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തി എന്നകാര്യവും എഫ്‌ഐആറില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. പെരിന്തല്‍മണ്ണയിലെ വേങ്ങൂരില്‍ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. എംഎല്‍എയെ അഭിനന്ദിച്ചും വിമര്‍ശിച്ചും നിരവധി പേര്‍ രംഗത്തത്തിയിരുന്നു.

അഭിഭാഷക കമ്മീഷണര്‍ കെ പി കൃഷ്ണകുമാറിന്റെ പരാതിയിലാണ് മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് സരിത രവീന്ദ്രന്‍ എംഎല്‍എയ്ക്ക് എതിരെ കേസെടുക്കാന്‍ മേലാറ്റൂര്‍ എസ്എച്ച്ഒയ്ക്ക് നിര്‍ദേശം നല്‍കിയത്. അഭിഭാഷക കമ്മീഷണര്‍ നല്‍കിയ പരാതിയില്‍ കോടതി മേലാറ്റൂര്‍ പൊലീസിനോട് തേടിയ വിശദീകരണത്തില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് നിയമപരമായി അന്വേഷണം നടത്തിയതിനെ കുറിച്ചുള്ള വിവരമുണ്ടായിരുന്നില്ല. തുടര്‍ന്നാണ് പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് നിയമപ്രകാരം അന്വേഷണം നടത്താന്‍ കോടതി നിര്‍ദേശിച്ചത്. സംഭവദിവസം എംഎല്‍എയുടെ ഇടപെടല്‍ ഉണ്ടായതിനെ തുടര്‍ന്ന് തങ്ങളെ അപമാനിക്കാന്‍ പാടില്ലെന്നും കോടതി നിര്‍ദേശപ്രകാരമാണ് എത്തിയതെന്നും കൃത്യനിര്‍വഹണം തടസപ്പെടുത്തരുതെന്നും അഭിഭാഷക കമ്മീഷണറും മറ്റ് ഉദ്യോഗസ്ഥരും എംഎല്‍എയോട് പറഞ്ഞിരുന്നു.

Content Highlights: Kerala police have registered a case against Najeeb Kanthapuram over a complaint of an advocate commission

dot image
To advertise here,contact us
dot image