

കൊച്ചി: ഡല്‍ഹിയിലെ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് റോഡ് ഉപരോധിച്ച് പ്രതിഷേധിച്ച ഡിവൈഎഫ്‌ഐ നേതാക്കള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്ത പൊലീസ് നടപടിക്കെതിരെ എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്‌റ് എം ശിവപ്രസാദ്. ഇന്ത്യന്‍ ജനാധിപത്യത്തെ അട്ടിമറിച്ച മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ സംരക്ഷിക്കാന്‍ പ്രതിഷേധിച്ച വിദ്യാര്‍ഥികള്‍ക്കും ജന നേതാക്കന്മാര്‍ക്കും എതിരെ നരനായാട്ട് നടത്തിയ ഡല്‍ഹി പൊലീസിനെതിരെ പ്രതിഷേധിച്ചാല്‍ കേരളത്തിലെ യുഡിഎഫിന്റെ പൊലീസിന് പൊള്ളുന്നത് എന്തിനാണെന്ന് ശിവപ്രസാദ് ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദിച്ചു.
ജനാധിപത്യപരമായി പ്രതിഷേധിക്കാന്‍ അനുവദിക്കാത്ത സംഘപരിവാറിന്റെ ഡല്‍ഹി പൊലീസ് മാതൃക കേരളത്തിലെ യുഡിഎഫ് പൊലീസ് സ്വീകരിക്കുകയാണ്. ഇന്ത്യ ഒരുമിച്ച് ഒറ്റക്കെട്ടായി ഏറ്റെടുത്തിരിക്കുന്ന ഈ സമരത്തോട് കേരളത്തിലെ യുഡിഎഫ് ഗവണ്‍മെന്റിന്റെ നയം ഇതിലൂടെ വ്യക്തമാവുകയാണെന്നും ശിവപ്രസാദ് ആരോപിച്ചു.
ശിവപ്രസാദിന്‌റെ ഫേസ്ബുക്ക് കുറിപ്പ്
ഇന്ത്യന്‍ ജനാധിപത്യത്തെ അട്ടിമറിച്ച മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനിഷ് കുമാറിനെ സംരക്ഷിക്കാന്‍ പ്രതിഷേധിച്ച വിദ്യാര്‍ഥികള്‍ക്കും ജന നേതാക്കന്മാര്‍ക്കും എതിരെ നരനായാട്ട് നടത്തിയ ഡല്‍ഹി പോലീസിനെതിരെ പ്രതിഷേധിച്ചാല്‍ കേരളത്തിലെ യുഡിഎഫിന്റെ പോലീസിന് പൊള്ളുന്നത് എന്തിന്?
ഡല്‍ഹി പോലീസിന്റെ നരനായാട്ടിന് എതിരെ ഇന്നലെ വൈകിട്ട് ആലപ്പുഴ പട്ടണത്തില്‍ ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധ പ്രകടനത്തിന് നേതൃത്വം കൊടുത്ത ഡിവൈഎഫ്‌ഐസംസ്ഥാന ട്രഷറര്‍ ആര്‍. രാഹുല്‍, ജില്ലാ സെക്രട്ടറി ജെയിംസ് സാമുവല്‍, മറ്റ് ജില്ലാ നേതാക്കന്മാരായ അരുണ്‍ കുമാര്‍, അനീഷ് കുര്യന്‍, ഉണ്ണികണ്ണന്‍ എസ്എഫ്‌ഐ ഏരിയാ സെക്രട്ടറി സോനു സോനി ഉള്‍പ്പെടെ 6 പേര്‍ക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം ആലപ്പുഴ പോലീസ് കേസെടുത്തിരിക്കുകയാണ്.
ഇന്നലെ രാത്രി എട്ടുമണി മുതല്‍ സമരം ചെയ്തവരെ പോലീസ് സ്റ്റേഷനില്‍ പൂട്ടിയിട്ടിരിക്കുകയാണ്. ജനാധിപത്യപരമായി പ്രതിഷേധിക്കാന്‍ അനുവദിക്കാത്ത സംഘപരിവാറിന്റെ ഡല്‍ഹി പോലീസിന്റെ മാതൃക കേരളത്തിലെ യുഡിഎഫ് പോലീസ് സ്വീകരിക്കുന്നു. ഇന്ത്യ ഒരുമിച്ച് ഒറ്റക്കെട്ടായി ഏറ്റെടുത്തിരിക്കുന്ന ഈ സമരത്തോട് കേരളത്തിലെ യുഡിഎഫ് ഗവണ്‍മെന്റിന്റെ നയം ഇതിലൂടെ വ്യക്തമാവുകയാണ്. 'ഞങ്ങള്‍ പ്രക്ഷോഭങ്ങള്‍ക്ക് ഒപ്പം അല്ല' എന്നാണോ കേരളത്തിലെ യുഡിഎഫ് ഗവണ്‍മെന്റ് പ്രഖ്യാപിക്കാന്‍ ഉദ്ദേശിക്കുന്നത്.
ആഭ്യന്തര വകുപ്പ് മന്ത്രിയുടെ കൂടി ജില്ലയായ ആലപ്പുഴയില്‍ സംഘപരിവാറിനെതിരെ സമരം ചെയ്യാന്‍ നഗരത്തിലെ പോലീസ് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കില്‍, അത് ലംഘിച്ച് സമരം ചെയ്താല്‍ ഞങ്ങള്‍ പിടിച്ചു ജയിലില്‍ അടയ്ക്കും എന്നാണ് നയം എങ്കില്‍ ഈ ചരിത്ര സമരംകേരളത്തിലെ യുഡിഎഫ് ഗവണ്‍മെന്റിനെ ഒറ്റുകാരായി കാലം വിലയിരുത്തും. സംഘപരിവാറിന് വേണ്ടി ഇങ്ങ് കേരളത്തിലും ജനാധിപത്യത്തിന് വേണ്ടി സമരം ചെയ്യുന്നവരെ അടിച്ചമര്‍ത്താന്‍ എത്ര പരിശ്രമിച്ചാലും സമരങ്ങള്‍ തുടരുക തന്നെ ചെയ്യും.
സമര സഖാക്കള്‍ക്ക് അഭിവാദ്യങ്ങള്‍…
ഡിവൈഎഫ്‌ഐ സംസ്ഥാന ട്രഷറര്‍ ആര്‍ രാഹുല്‍, ജില്ലാ സെക്രട്ടറി ജെയിംസ് സാമുവല്‍ അടക്കം ആറുപേരെയാണ് ആലപ്പുഴ സൗത്ത് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവരെ ഇന്ന് മജിസ്‌ട്രേറ്റിന് മുന്‍പില്‍ ഹാജരാക്കും. പൊലീസിന്റെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തി, ഉദ്യോഗസ്ഥനെ ദേഹോപദ്രവം ഏല്‍പ്പിച്ചു എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയത്. റോഡ് ഉപരോധിച്ച വനിതാ പ്രവര്‍ത്തകരെ അടക്കം പൊലീസ് വലിച്ചിഴച്ചു എന്ന് ഡിവൈഎഫ്‌ഐ ആരോപിച്ചു. സ്റ്റേഷനില്‍ എത്തിച്ച പ്രവര്‍ത്തകരെ പൊലീസ് കയ്യേറ്റം ചെയ്തുവെന്നും അവര്‍ ആരോപിച്ചു.
Conrwnr Highlights: sfi leader m sivaprasad criticises police case against dyfi leaders