ബാലഭാസ്കർ ജീവിക്കുന്നതിൽ പലർക്കും ബുദ്ധിമുട്ടുണ്ടായിരുന്നു, മകന്റെ കൂടെ നടന്നിരുന്നവരെ സംശയിക്കുന്നു; പിതാവ്

കുടുംബത്തിൻ്റെ സംശയങ്ങൾ അന്വേഷണസംഘം പരിശോധിക്കണമെന്നും ബാലഭാസ്കറിൻ്റെ പിതാവ്

ബാലഭാസ്കർ ജീവിക്കുന്നതിൽ പലർക്കും ബുദ്ധിമുട്ടുണ്ടായിരുന്നു, മകന്റെ കൂടെ നടന്നിരുന്നവരെ സംശയിക്കുന്നു; പിതാവ്
dot image

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിൻ്റെ മരണം കൊലപാതകമാണെന്ന് ആവർത്തിച്ച് കുടുംബം. തുടരന്വേഷണത്തിൽ നേരിയ പ്രതീക്ഷ ഉണ്ടെന്ന് പിതാവ് കെ സി ഉണ്ണി റിപ്പോർട്ടറിനോട് പറഞ്ഞു. ബാലഭാസ്കറിൻ്റെ മരണത്തിൽ എന്തോ സംഭവിച്ചിട്ടുണ്ടെന്ന് കോടതിക്ക് ബോധ്യമായിട്ടുണ്ട്. ബാലഭാസ്കറിൻ്റെ കൂടെ നടന്നവരെ സംശയിക്കുന്നുണ്ട്. കുടുംബത്തിൻ്റെ സംശയങ്ങൾ അന്വേഷണസംഘം പരിശോധിക്കണമെന്നും ബാലഭാസ്കറിൻ്റെ പിതാവ് ആവശ്യപ്പെട്ടു.

'നേരത്തെ അന്വേഷണം നടത്തിയ ഉദ്യോഗസ്ഥനെ വിശ്വാസമില്ലെന്ന് കോടതിക്ക് ബോധ്യമായി. ബാലഭാസ്കർ ജീവിക്കുന്നതിൽ പലർക്കും ബുദ്ധിമുട്ടുണ്ടായിരുന്നു. ബാലഭാസ്കർ ജീവിക്കുന്നതിൽ ഗുണമില്ലെന്ന് കരുതിയവരാണ് കൊലപ്പെടുത്തിയത്. മകന്റെ കൂടെ നടന്നിരുന്നവരെ സംശയിക്കുന്നുണ്ട്. ഈ കാര്യങ്ങൾ പലതവണ അന്വേഷണ സംഘത്തോട് പറഞ്ഞിരുന്നു', പിതാവ് പറഞ്ഞു.

കേസ് സിബിഐയിലെ എസ്പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥൻ വീണ്ടും അന്വേഷിക്കണമെന്ന് ഹൈക്കോടതി കഴിഞ്ഞദിവസം ഉത്തരവിട്ടിരുന്നു. ബാലഭാസ്കറിന്റെ മാതാപിതാക്കൾ നൽകിയ പുനഃപരിശോധനാ ഹർജി പരിഗണിച്ചാണ് കോടതി ഉത്തരവ്. മുൻ അന്വേഷണ ഉദ്യോഗസ്ഥനായ അഡീഷണൽ എസ്‌പിയുടെ നിഗമനങ്ങളെ അതേപടി ശരിവയ്ക്കുന്ന വിധത്തിലാണ് പിന്നീട് കേസന്വേഷിച്ച ഇൻസ്പെക്ടർ റാങ്കിലുള്ള ഉദ്യോഗസ്ഥൻ റിപ്പോർട്ട് നൽകിയതെന്നും ഇത് അപാകതകൾ മറച്ചുവയ്ക്കാനുള്ള ശ്രമമായിരുന്നുവെന്നും കോടതി വിമർശിച്ചിരുന്നു.

കേസിൽ തുടരന്വേഷണം നടത്താൻ നേരത്തെ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനായി കേസുമായി ബന്ധപ്പെട്ട 20 സംശയാസ്പദമായ സാഹചര്യങ്ങളും കോടതി ചൂണ്ടിക്കാട്ടി. എന്നാൽ ഇത് അന്വേഷിക്കുന്നതിൽ സിബിഐ പരാജയപ്പെട്ടുവെന്ന് കോടതി വ്യക്തമാക്കി. കേവലം ചടങ്ങുതീർക്കുന്ന രീതിയിലാണ് സിബിഐ മുന്നോട്ട് പോയതെന്നും കോടതി കുറ്റപ്പെടുത്തി.

2018 സെപ്റ്റംബർ 25നായിരുന്നു ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച കാർ തിരുവനന്തപുരം പള്ളിപ്പുറത്തിന് സമീപം അപകടത്തിൽപ്പെട്ടത്. ചികിത്സയിലിരിക്കെ ഒക്ടോബർ രണ്ടാം തീയതി ബാലഭാസ്‌കറും മകൾ തേജസ്വിനി ബാലയും മരിച്ചു. ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിക്കും ഡ്രൈവറായിരുന്ന അർജുനും പരിക്കേറ്റിരുന്നു.

Content Highlights: balabhaskar case father expresses suspicion about people around him

dot image
To advertise here,contact us
dot image