

യുഎഇയിൽ അപകടങ്ങൾ ഒഴിവാക്കുന്നതിനായി ഉപയോഗശൂന്യവും തുറന്നുകിടക്കുന്നതുമായ കിണറുകൾ സുരക്ഷിതമായി അടയ്ക്കാൻ രാജ്യവ്യാപക നടപടി ശക്തമാക്കി അധികൃതർ. പൊലീസ്, സിവിൽ ഡിഫൻസ്, മുനിസിപ്പാലിറ്റി വിഭാഗങ്ങൾ സംയുക്തമായാണ് പരിശോധനകൾ നടത്തുന്നത്. വീടുകളിലും കൃഷിയിടങ്ങളിലും മറ്റും സുരക്ഷിതമല്ലാത്ത രീതിയിൽ തുറന്നുകിടക്കുന്ന കിണറുകൾ ഉടൻ അടയ്ക്കണമെന്ന് അധികൃതർ ഭൂവുടമകൾക്ക് നിർദേശം നൽകി.
ഫുജൈറയിലെ മെറാഷിദ് മേഖലയിൽ ഏഴ് വയസ്സുകാരനും 25 വയസ്സുള്ള വീട്ടുജോലിക്കാരിയും കിണറ്റിൽ വീണ സംഭവത്തിന് പിന്നാലെയാണ് സുരക്ഷാ നടപടികൾ ശക്തമാക്കിയത്. മരപ്പലകകളും വലിയ കല്ലുകളും ഉപയോഗിച്ച് താൽക്കാലികമായി മൂടിയിരുന്ന കിണറിന്റെ മൂടി തകർന്നാണ് ഇരുവരും താഴേക്ക് വീണത്. കിണറിന്റെ മൂടിയായി സ്ഥാപിച്ചിരുന്ന മരപ്പലകകൾ തകർന്നതോടെയാണ് കുട്ടിയും വീട്ടുജോലിക്കാരിയും കിണറ്റിലേക്ക് വീണത്. അപകടത്തിനിടെ വീട്ടുജോലിക്കാരി കുട്ടിയെ ചേർത്തുപിടിച്ച് വെള്ളത്തിന് മുകളിൽ നിർത്താൻ ശ്രമിച്ചു. തുടർന്ന് സ്ഥലത്തെത്തിയ രക്ഷാപ്രവർത്തകർ ഇരുവരെയും സുരക്ഷിതമായി പുറത്തെടുത്തു.
കുട്ടിക്ക് ചെറിയ പരിക്കുകൾ മാത്രമാണ് ഉണ്ടായത്. ചികിത്സയ്ക്ക് ശേഷം കുട്ടിയെ ആശുപത്രിയിൽ നിന്ന് വിട്ടയച്ചു. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ വീട്ടുജോലിക്കാരിയുടെ കാലിന് ഒടിവുണ്ടായി. ഇവർ ഇപ്പോഴും ചികിത്സയിലാണ്. സംഭവത്തിന് പിന്നാലെയാണ് ഫുജൈറ സിവിൽ ഡിഫൻസിന്റെ ഡെപ്യൂട്ടി ഡയറക്ടർ കേണൽ ഖാലിദ് റാബി അൽ ഹമൂദി വീടുകളിലും കൃഷിയിടങ്ങളിലും താമസിക്കുന്നവർക്ക് മുന്നറിയിപ്പ് നൽകിയത്. കിണറുകളുടെ തുറന്ന ഭാഗങ്ങൾ ഉറപ്പുള്ള മൂടികൾ ഉപയോഗിച്ച് അടയ്ക്കണമെന്നും ചുറ്റും സുരക്ഷാ വേലികൾ സ്ഥാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഉപേക്ഷിക്കപ്പെട്ടതോ അപകടകരമായ രീതിയിൽ തുറന്നു കിടക്കുന്നതോ ആയ കിണറുകൾ ശ്രദ്ധയിൽപ്പെട്ടാൽ മുനിസിപ്പാലിറ്റിയെയോ സിവിൽ ഡിഫൻസിനെയോ ഉടൻ അറിയിക്കണമെന്നും നിർദേശമുണ്ട്. തുറന്നുകിടക്കുന്നതും വേലികളില്ലാത്തതുമായ കിണറുകൾ കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ അപകടകരമാണെന്ന് ഫുജൈറ പൊലീസ് മുന്നറിയിപ്പ് നൽകി.
അപകടസാധ്യത കണക്കിലെടുത്ത് വിവിധ എമിറേറ്റുകളിൽ മുനിസിപ്പാലിറ്റികളും പൊലീസും പരിശോധനകൾ ശക്തമാക്കിയിട്ടുണ്ട്. വീടുകളുടെ പരിസരങ്ങൾ, കൃഷിയിടങ്ങൾ, വെളിച്ചം കുറഞ്ഞ മരുഭൂമി മേഖലകൾ എന്നിവിടങ്ങളിലാണ് പ്രധാനമായും പരിശോധന നടത്തുന്നത്. അൽ ദൈദിൽ കൃഷിയിടങ്ങളിലും വെളിച്ചം കുറഞ്ഞ പ്രദേശങ്ങളിലും മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥർ വ്യാപക പരിശോധന നടത്തി. ഉപയോഗത്തിലില്ലാത്തതും തുറന്നുകിടക്കുന്നതുമായ കിണറുകൾ കണ്ടെത്തി സുരക്ഷിതമാക്കുകയാണ് ലക്ഷ്യം. സാങ്കേതിക പരിശോധനയുടെ അടിസ്ഥാനത്തിൽ ഉപേക്ഷിക്കപ്പെട്ട കിണറുകൾ മണ്ണിട്ട് പൂർണമായി നികത്തുകയോ താൽക്കാലിക സുരക്ഷാ മൂടികൾ സ്ഥാപിക്കുകയോ ചെയ്യുമെന്ന് അൽ ദൈദ് മുനിസിപ്പാലിറ്റി ഡയറക്ടർ ഹമദ് റാഷിദ് അൽ തുനൈജി വ്യക്തമാക്കി.
Content Highlights: UAE authorities have launched a nationwide safety campaign to secure abandoned and open wells after a seven year old boy and a domestic worker fell into a well in Fujairah.