പിണറായിയുടെ സമരസാന്നിധ്യം ആവേശം, മോദി സർക്കാരിൻ്റെ അതിക്രമം ഏറ്റുവാങ്ങുന്ന ഓരോ ആളും എൻ്റെ സമരസഖാവ്: ജിൻ്റോ ജോൺ

'എത്രയോ വട്ടം രാഷ്ട്രീയം പറഞ്ഞേറ്റുമുട്ടിയിട്ടുണ്ടെങ്കിലും ജെയ്ക് സി തോമസ് ഉള്‍പ്പെടെയുള്ളവര്‍ വസ്ത്രം പോലും വലിച്ചുകീറപ്പെട്ട് നേരിട്ട അതിക്രമങ്ങള്‍ക്കെതിരെയാണ് എൻ്റെ രാഷ്ട്രീയബോധ്യം'

പിണറായിയുടെ സമരസാന്നിധ്യം ആവേശം, മോദി സർക്കാരിൻ്റെ അതിക്രമം ഏറ്റുവാങ്ങുന്ന ഓരോ ആളും എൻ്റെ സമരസഖാവ്: ജിൻ്റോ ജോൺ
dot image

കൊച്ചി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ നടന്ന സമരത്തില്‍ പങ്കെടുത്തവരെ പൊലീസ് അതിക്രൂരമായി ആക്രമിച്ചതില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് ജിന്റോ ജോണ്‍. മോദി സര്‍ക്കാരിന്റെ അതിക്രമം ഏറ്റുവാങ്ങുന്ന ഓരോ ആളും തന്റെ സമരസഖാവ് തന്നെയാണെന്ന് ജിന്റോ ജോണ്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു. വോട്ട് ചോരിക്കെതിരെ, ജനാധിപത്യ ഇന്ത്യയുടെ ആരാച്ചാരായ ഗ്യാനേഷ് കുമാറിനെതിരെ സമരം ചെയ്യുന്ന ഓരോ ആളുകളും തന്റെ സമരബോധ സഹപ്രവര്‍ത്തകരാണ്. സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും വലിയ രാജ്യദ്രോഹികളായ മോദി- അമിത് ഷാ- ഗ്യാനേഷ് കുമാര്‍ ത്രയത്തിനെതിരെ മുദ്രാവാക്യം വിളിക്കുന്ന ഒരോ ആളുകളും ഇന്ന് ഏറ്റവും വലിയ രാജ്യ സ്‌നേഹികളാണെന്നും ജിന്റോ ജോണ്‍ പറഞ്ഞു.

എണ്‍പത്തിയൊന്ന് വയസ് പിന്നിട്ട പിണറായി വിജയന്റെ ഡല്‍ഹിയിലെ സമരസാന്നിധ്യം ഒരാവേശമാണ്. എത്രയോ വട്ടം രാഷ്ട്രീയം പറഞ്ഞേറ്റുമുട്ടിയിട്ടുണ്ടെങ്കിലും ജെയ്ക് സി തോമസ് ഉള്‍പ്പെടെയുള്ളവര്‍ വസ്ത്രം പോലും വലിച്ചുകീറപ്പെട്ട് നേരിട്ട അതിക്രമങ്ങള്‍ക്കെതിരെയാണ എൻ്റെ രാഷ്ട്രീയബോധ്യം. എ എ റഹീമിനെ പോലുള്ള ജനപ്രതിനിധികളെ ആംഗലേയ ഭാഷാവ്യാകരണം നോക്കിയല്ല, സമരാവേശം നോക്കിക്കണ്ടാണ് അംഗീകരിക്കേണ്ടത്. ജോണ്‍ ബ്രിട്ടാസിന് ഇന്ന് നേരിട്ട അക്രമം ഒരുതരത്തിലും, തമാശയായി പോലും സ്വാഗതം ചെയ്യപ്പെടേണ്ടതല്ല. പൗരര്‍ക്ക് ഉറപ്പാക്കപ്പെടേണ്ട സ്വാഭാവിക നീതിയുടെ നിഷേധം മാത്രമല്ല, ഒരു പാര്‍ലമെന്റ് എംപിക്ക് ലഭിക്കേണ്ട മിനിമം സംരക്ഷണത്തിന്റേയും സാമാന്യ മര്യാദയുടേയും ലംഘനമാണ് ബ്രിട്ടാസ് നേരിട്ടത്. ബ്രിട്ടാസിനെ അക്രമിച്ചതിനെ അഡ്ഡ്രസ് ചെയ്യുമ്പോള്‍ അയാളുടെ ശാരീരിക അവശതകളുടെ അളവെടുത്ത് പരിശോധിക്കുന്നത് ഒരുതരത്തിലും ശരിയായ രീതിയല്ല. ബാക്കിയെല്ലാ അഭിപ്രായവ്യത്യാസങ്ങളും വിമര്‍ശങ്ങളും പറയാന്‍ ഈ സമരശേഷം സമയം കണ്ടെത്തേണ്ടതാണ്. രാഹുല്‍ ഗാന്ധി മുന്നോട്ടുവയ്ക്കുന്ന, കോണ്‍ഗ്രസ്സിന്റെ സമരാശയം അതാണെന്നും ജിന്റോ ജോണ്‍ കുറിപ്പില്‍ പറഞ്ഞു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

ഈ സമരത്തില്‍ മോദി സര്‍ക്കാരിന്റെ അതിക്രമം ഏറ്റുവാങ്ങുന്ന ഓരോ ആളും എന്റെ സമരസഖാവ് തന്നെയാണ്. വോട്ട് ചോരിക്കെതിരെ, ജനാധിപത്യ ഇന്ത്യയുടെ ആരാച്ചാരായ ഗ്യാനേഷ് കുമാറിനെതിരെ സമരം ചെയ്യുന്ന ഓരോരുത്തരുമെന്റെ സമരബോധ സഹപ്രവര്‍ത്തകരാണ്. സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും വലിയ രാജ്യദ്രോഹികളായ മോദി- അമിത് ഷാ- ഗ്യാനേഷ് കുമാര്‍ ത്രയത്തിനെതിരെ മുദ്രാവാക്യം വിളിക്കുന്ന ഓരോരുത്തരുമാണ് ഇന്നേറ്റവും വലിയ രാജ്യസ്‌നേഹികള്‍.

ഇന്ത്യന്‍ ജനാധിപത്യത്തിന്, സ്വതന്ത്ര തെരെഞ്ഞെടുപ്പ് സംവിധാനത്തിന് വധശിക്ഷ വിധിച്ചവര്‍ക്കെതിരെ തെരുവ് നിറയുന്ന ഓരോരുത്തരും എന്റേത് കൂടിയായ അവകാശ പോരാട്ടത്തിലാണെന്ന് മാനിക്കുന്നതില്‍ കക്ഷിരാഷ്ട്രീയ അതിരുകള്‍ തടസ്സമാകുന്നില്ല. കാരണം രാഹുല്‍ഗാന്ധി മുന്നോട്ട് വയ്ക്കുന്ന കോണ്‍ഗ്രസ് ബോധ്യങ്ങളാണ് ഈ സമയം ഫോളോ ചെയ്യുന്നത്. സംഘപരിവാര്‍ വിരുദ്ധ പോരാട്ടങ്ങളില്‍ അല്‍പമനസ്‌കരായി സമരത്തെ കാണുന്നവരെ അണ്‍ഫോളോ ചെയ്യുന്നതാണെന്റെ കാലിക കോണ്‍ഗ്രസ് കാഴ്ചപ്പാട്.

പെരുമാറ്റ- സമീപന ശൈലികളിലും അധികാരം ഉപയോഗിച്ച രീതികളിലും ഒരുപാട് രാഷ്ട്രീയ വിയോജിപ്പുകള്‍ ഉള്ളപ്പോഴും 81 വയസ്സ് പിന്നിട്ട പിണറായി വിജയന്റെ ഡല്‍ഹിയിലെ സമരസാന്നിധ്യം ഒരാവേശമാണ്. എത്രയോ വട്ടം രാഷ്ട്രീയം പറഞ്ഞേറ്റുമുട്ടിയിട്ടുണ്ടെങ്കിലും ജെയ്ക് സി സി തോമസ് ഉള്‍പ്പെടെയുള്ളവര്‍ വസ്ത്രം പോലും വലിച്ചുകീറപ്പെട്ട് നേരിട്ട അതിക്രമങ്ങള്‍ക്കെതിരെയാണെന്റെ രാഷ്ട്രീയബോധ്യം. എ എ റഹീമിനെ പോലുള്ള ജനപ്രതിനിധികളെ ആംഗലേയ ഭാഷാവ്യാകരണം നോക്കിയല്ല, സമരാവേശം നോക്കിക്കണ്ടാണ് അംഗീകരിക്കേണ്ടത്. ജോണ്‍ ബ്രിട്ടാസിന് ഇന്ന് നേരിട്ട അക്രമം ഒരുതരത്തിലും, തമാശയായി പോലും സ്വാഗതം ചെയ്യപ്പെടേണ്ടതല്ല. പൗരര്‍ക്ക് ഉറപ്പാക്കപ്പെടേണ്ട സ്വാഭാവിക നീതിയുടെ നിഷേധം മാത്രമല്ല, ഒരു പാര്‍ലമെന്റ് എംപിക്ക് ലഭിക്കേണ്ട മിനിമം സംരക്ഷണത്തിന്റേയും സാമാന്യ മര്യാദയുടേയും ലംഘനമാണ് ബ്രിട്ടാസ് നേരിട്ടത്. ബ്രിട്ടാസിനെ അക്രമിച്ചതിനെ അഡ്ഡ്രസ് ചെയ്യുമ്പോള്‍ (അക്രമിച്ചിട്ടുണ്ടെങ്കില്‍ എന്നല്ല. അക്രമിച്ചത് തന്നെ) അയാളുടെ ശാരീരിക അവശതകളുടെ അളവെടുത്ത് പരിശോധിക്കുന്നത് ഒരുതരത്തിലും ശരിയായ രീതിയല്ല. ബാക്കിയെല്ലാ അഭിപ്രായവ്യത്യാസങ്ങളും വിമര്‍ശങ്ങളും പറയാന്‍ ഈ സമരശേഷം സമയം കണ്ടെത്തേണ്ടതാണ്. രാഹുല്‍ ഗാന്ധി മുന്നോട്ടുവയ്ക്കുന്ന, കോണ്‍ഗ്രസ്സിന്റെ സമരാശയം അതാണ്.

അങ്ങനെയല്ലാത്ത ഏതൊരു സമീപനവും അനുചിതമാണ്. 84 വയസ്സ് പിന്നിട്ട മല്ലികാര്‍ജ്ജുന്‍ ഗാര്‍ഖേയെ 'ഈ കിളവന്‍ എന്ത് ചെയ്യാനാണ്' എന്നാക്ഷേപിച്ചവരെപ്പോലെ അല്‍പരായിക്കൂടാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. സമര ദിനങ്ങളില്‍ സമരഭാഗം തന്നെയായ 'ഛത്രോം കി ഗൂഞ്ച്' പരിപാടിക്കായി ചെന്നൈയില്‍ പോയി ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുമായി സംവദിച്ച് സമരസജ്ജരാക്കിയ രാഹുല്‍ഗാന്ധിയെ 'ശനിയാഴ്ച ലീവെടുത്ത് മുങ്ങി' എന്നാക്ഷേപിക്കുന്ന സംഘിഛായയുള്ള വിമര്‍ശനം പോലെയാകും അല്പരാഷ്ട്രീയ ആക്ഷേപങ്ങളെല്ലാം.

രാഹുല്‍ഗാന്ധി വര്‍ഷം മുന്‍പേ 'വോട്ടുചോരി' എന്ന് വിളിച്ചുപറഞ്ഞിട്ടും രഹസ്യമായി പോലുമത് ഉച്ചരിക്കാന്‍ മടിച്ചവരുടെ പോലുള്ള രാഷ്ട്രീയ അല്പത്തമല്ല സംഘികളുടെ സംഘടിത അക്രമത്തിനെതിരെ വേണ്ടത്. രാഹുലെത്ര മുന്‍പേ മോദിയെ തുറന്നെതിര്‍ത്തു! അന്നൊക്കെ ഒളിഞ്ഞും തെളിഞ്ഞും സംഘപരിവാര്‍ ഫാക്ടറി നിര്‍മ്മിതമായ 'പപ്പു' എന്ന ആക്ഷേപം ഏറ്റുവിളിക്കുന്ന തിരക്കിലായിരുന്നവര്‍ ഇന്ന് അന്നയാള്‍ പ്രവചിച്ച സമരവഴിയില്‍ എത്തിയിരിക്കുന്നു എന്നതാണ് രാഹുലിന്റെ ശരി. അപ്പോഴൊക്കെ 'ഫാസിസം ഇന്ത്യയില്‍ ഇനിയും വന്നിട്ടില്ല' എന്ന് സ്ഥാപിച്ചെടുക്കുന്ന പ്രബന്ധ നിര്‍മ്മാതാക്കളുടെ കാഴ്ചപരിമിതി രാഹുല്‍ ഗാന്ധിയുടെ ഫോളോവേഴ്‌സിന് ഉണ്ടായിക്കൂടാ. സംഘപരിവാര്‍ തുറന്നിട്ട, മോദി സര്‍ക്കാര്‍ വ്യാപകമാക്കിയ വെറുപ്പിന്റെ കമ്പോളത്തില്‍ സ്‌നേഹത്തിന്റെ കട തുറക്കാന്‍ രാഹുല്‍ഗാന്ധി ഭാരത് ജോഡോ യാത്ര നടത്തിയപ്പോള്‍ 'കണ്ടൈനര്‍ യാത്ര' എന്നാക്ഷേപിച്ചവരുടെ മനോഗതിയെ അല്ല കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഫോളോ ചെയ്യേണ്ടത്.

ഈ സമരത്തിനായി തെരുവുകള്‍ നിറയുന്ന ഓരോ മനുഷ്യരും തികഞ്ഞ ബഹുമാനവും രാഷ്ട്രീയാന്തസ്സും അര്‍ഹിക്കുന്നു. പല വഴിയേ വന്നവര്‍ ഒരൊറ്റ ലക്ഷ്യത്തിനായി പോരാടുമ്പോള്‍ സമരകാരണമാണ് മാനിക്കേണ്ടത്. ഇന്ത്യന്‍ ജനാധിപത്യത്തെ കശാപ്പുചെയ്ത രാജ്യദ്രോഹികള്‍ക്കെതിരെ, ഗാനേഷ് കുമാറിന്റെ രാജിക്കായി, ഭരണഘടനാ സ്ഥാപനങ്ങളുടെ സ്വാതന്ത്ര്യം വീണ്ടെടുക്കാനായി മറ്റെല്ലാം മറന്ന് സമരം ചെയ്യുന്നവരെ രാഷ്ട്രീയാന്തസ്സോടെ അഡ്രസ്സ് ചെയ്യാന്‍ ശീലിക്കേണ്ടതുണ്ട് സമരമനുഷ്യര്‍. മറ്റെല്ലാ അഭിപ്രായവ്യത്യാസങ്ങളും വ്യാകരണതിരുത്തുകളും ആക്ഷേപങ്ങളും നമുക്ക് ഗാനേഷിന്റെ രാജിക്ക് ശേഷം പറഞ്ഞു തീര്‍ക്കാം. ഇനിയുമേറെ സമരദിനങ്ങള്‍ ബാക്കിയുണ്ടെന്നും ഓര്‍മ്മവേണം.

Content Highlights- Jinto John described Pinarayi Vijayan’s presence at the protest as inspiring. He said that everyone facing alleged excesses by the Modi government was his fellow protest comrade.

dot image
To advertise here,contact us
dot image