നിയമലംഘകർക്കെതിരെ നടപടി കടുപ്പിച്ച് സൗദി; ഒരാഴ്ചയ്ക്കിടെ 10,000-ത്തിലധികം വിദേശികളെ നാടുകടത്തി

നിയമലംഘനങ്ങളെക്കുറിച്ച് സംശയം തോന്നിയാൽ അധികൃതരെ വിവരമറിയിക്കണമെന്ന് മന്ത്രാലയം അഭ്യർത്ഥിച്ചു

നിയമലംഘകർക്കെതിരെ നടപടി കടുപ്പിച്ച് സൗദി; ഒരാഴ്ചയ്ക്കിടെ 10,000-ത്തിലധികം വിദേശികളെ നാടുകടത്തി
dot image

സൗദി അറേബ്യയിൽ താമസ, തൊഴിൽ, അതിർത്തി സുരക്ഷാ നിയമങ്ങൾ ലംഘിച്ചവർക്കെതിരെ ആഭ്യന്തര മന്ത്രാലയം പരിശോധന ശക്തമാക്കി ആഭ്യന്തര മന്ത്രാലയം. ഒക്ടോബർ ഒന്ന് മുതൽ ഏഴ് വരെയുള്ള ഒരു വാരത്തിനിടെ നടത്തിയ സംയുക്ത പരിശോധനകളിൽ 13,889 നിയമലംഘകരാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി സുരക്ഷാ സേനയുടെ പിടിയിലായത്. നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം 10,431 പേരെ ഇതിനകം നാടുകടത്തിയതായി അധികൃത‍ർ അറിയിച്ചു.

പിടിയിലായവരിൽ 6,785 പേർ താമസ നിയമങ്ങൾ ലംഘിച്ചവരും 3,710 പേർ അതിർത്തി സുരക്ഷാ നിയമങ്ങൾ ലംഘിച്ചവരും 3,394 പേർ തൊഴിൽ നിയമലംഘനങ്ങൾക്ക് പിടിയിലായവരുമാണ്. കൂടാതെ, അതിർത്തി വഴി അനധികൃതമായി രാജ്യത്തേക്ക് കടക്കാൻ ശ്രമിച്ച 1,382 പേരെയും സുരക്ഷാ വിഭാഗം പിടികൂടി. രാജ്യത്തേക്ക് അനധികൃതമായി കടക്കാൻ ശ്രമിച്ചവരിൽ 66 ശതമാനം ഇത്യോപ്യൻ പൗരന്മാരും 33 ശതമാനം യെമനികളുമാണ്. ബാക്കി ഒരു ശതമാനം മറ്റ് രാജ്യക്കാരാണ്. അനധികൃതമായി രാജ്യം വിടാൻ ശ്രമിച്ച 34 പേരും പിടിയിലായവരിൽ ഉൾപ്പെടുന്നു.

നിലവിൽ 33,113 വിദേശികളാണ് നിയമലംഘനങ്ങൾക്ക് ശിക്ഷാനടപടികൾ നേരിടുന്നത്. ഇതിൽ 30,438 പുരുഷന്മാരും 2,675 സ്ത്രീകളുമുണ്ട്. ആവശ്യമായ യാത്രാരേഖകൾ ലഭ്യമാക്കുന്നതിനായി 18,947 പേരെ അതത് രാജ്യങ്ങളുടെ എംബസികളിലേക്കോ കോൺസുലേറ്റുകളിലേക്കോ റഫർ ചെയ്തു. യാത്രാ ബുക്കിങ് പൂർത്തിയാക്കാൻ 4,596 പേരെ റഫർ ചെയ്തിട്ടുണ്ട്. നിയമലംഘകർക്ക് താമസസൗകര്യവും ഗതാഗതസൗകര്യവും ജോലി സാധ്യതകളും ഒരുക്കി നൽകിയ 21 പേരും ഈ വാരത്തിൽ പിടിയിലായിട്ടുണ്ട്.

അനധികൃതമായി ആളുകളെ രാജ്യത്തേക്ക് കടത്തുകയോ, അവർക്ക് താമസ-ഗതാഗത സൗകര്യങ്ങൾ ഒരുക്കുകയോ ചെയ്യുന്നവർക്കെതിരെ കടുത്ത മുന്നറിയിപ്പാണ് ആഭ്യന്തര മന്ത്രാലയം നൽകിയിട്ടുള്ളത്. ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്ക് 15 വർഷം വരെ തടവും 10 ലക്ഷം റിയാൽ വരെ പിഴയും ലഭിക്കാം. കൂടാതെ, ഇതിനായി ഉപയോഗിച്ച വാഹനങ്ങളും കെട്ടിടങ്ങളും കണ്ടുകെട്ടുകയും ചെയ്യും. നിയമലംഘനങ്ങളെക്കുറിച്ച് സംശയം തോന്നിയാൽ അധികൃതരെ വിവരമറിയിക്കണമെന്ന് മന്ത്രാലയം അഭ്യർത്ഥിച്ചു.

Content Highlights: Saudi Arabia has stepped up action against expatriates violating residency, labour and border security regulations. More than 10,000 foreign nationals were deported within a week as part of the country's ongoing enforcement measures.

dot image
To advertise here,contact us
dot image