'ലോക്കൽ സെക്രട്ടറിക്കും ഏരിയ കമ്മിറ്റി അംഗത്തിനുമെതിരായ പീഡന പരാതിയിൽ നടപടിയില്ല'; പത്തനംതിട്ട CPIMലും വിവാദം

സംസ്ഥാന സെക്രട്ടറിക്ക് നൽകിയ പരാതിയില്‍ യാതൊരു നടപടിയുമില്ലെന്നും ആക്ഷേപമുണ്ട്

'ലോക്കൽ സെക്രട്ടറിക്കും ഏരിയ കമ്മിറ്റി അംഗത്തിനുമെതിരായ പീഡന പരാതിയിൽ നടപടിയില്ല'; പത്തനംതിട്ട CPIMലും വിവാദം
dot image

പത്തനംതിട്ട: പാലക്കാടിന് പിന്നാലെ പത്തനംതിട്ട സിപിഐഎമ്മിലും വിവാദം. ലോക്കൽ സെക്രട്ടറിക്കും ഒരു ഏരിയ കമ്മിറ്റി അംഗത്തിനുമെതിരെ നല്‍കിയ പീഡന പരാതിയില്‍ നടപടി എടുത്തില്ലെന്നാണ് ആരോപണം. സംസ്ഥാന സെക്രട്ടറിക്ക് നൽകിയ പരാതിയില്‍ യാതൊരു നടപടിയുമില്ലെന്നും ആക്ഷേപമുണ്ട്. കോഴഞ്ചേരിയിൽ പാർട്ടി വിടാൻ കൂടുതൽ നേതാക്കൾ സന്നദ്ധരാണെന്നാണ് വിവരം.

ഇന്നലെ കോഴഞ്ചേരി ഏരിയ കമ്മിറ്റിയംഗവും കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ ടിം ടൈറ്റസ് രാജി വെച്ചിരുന്നു. ജില്ലാ കമ്മിറ്റിയിലേക്ക് ക്ഷണിതാക്കളെ തെരഞ്ഞെടുത്തതിലെ അതൃപ്തിയെ തുടർന്നായിരുന്നു രാജി. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സ്ഥാനവും ഒഴിയുമെന്ന് ടിം ടൈറ്റസ് അറിയിച്ചിരുന്നു.

സിപിഐഎം വിപുലീകൃത ജില്ലാ കമ്മിറ്റി പാലക്കാട് അവസാനിച്ചതിന് പിന്നാലെ എന്‍ സുരേഷ് ബാബുവിനെ ജില്ലാ സെക്രട്ടറി സ്ഥാനത്ത് മാറ്റി പകരം വി ചെന്താമരാക്ഷനെ ജില്ലാ സെക്രട്ടറി ആക്കിയതിന് പിന്നിൽ വനിതാ അഭിഭാഷകയുടെ പീഡന പരാതിയാണെന്ന വിവരം പുറത്തുവന്നിരുന്നു.

താന്‍ വ്യക്തിപരമായ കാരണങ്ങളാലാണ് ഒഴിയുന്നതെന്ന് സുരേഷ് ബാബു പറഞ്ഞിരുന്നെങ്കിലും വനിതാ അഭിഭാഷകയുടെ പരാതിയിലാണ് നടപടി എന്നായിരുന്നു വിവരം. സുരേഷ് ബാബുവിനെതിരായ നടപടി എം വി ഗോവിന്ദന്‍ തള്ളിയിരുന്നെങ്കിലും പരോക്ഷമായി സ്ഥിരീകരിക്കുന്ന നിലപാടാണ് എന്‍ എൻ കൃഷ്ണദാസ് ഉള്‍പ്പെടെയുള്ള നേതാക്കളില്‍ നിന്നുണ്ടായത്. പിന്നാലെ വലിയ പ്രതിഷേധവുമായി കോണ്‍ഗ്രസും ബിജെപിയും രംഗത്ത് വന്നിരുന്നു. അതിനിടെ സുരേഷ് ബാബുവിനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കാനുള്ള നീക്കം നടക്കുന്നതായും വിവരങ്ങള്‍ പുറത്തുവന്നു.

Content Highlights: CPIM faces controversy in Pathanamthitta following complaints against party members

dot image
To advertise here,contact us
dot image