'ഇന്ത്യയില്‍ നടക്കുന്നത് ജനാധിപത്യവിരുദ്ധ നടപടികള്‍'; പിണറായി വിജയന്‍

വാഹനത്തിനുള്ളില്‍ ലോക്കപ്പ് ഉണ്ട്. കൊടും ക്രിമിനലുകളെ കൊണ്ടുപോകുന്നതുപോലെ കൊണ്ടുപോയി

'ഇന്ത്യയില്‍ നടക്കുന്നത് ജനാധിപത്യവിരുദ്ധ നടപടികള്‍'; പിണറായി വിജയന്‍
dot image

തിരുവനന്തപുരം: ഇന്ത്യയുടെ ജനാധിപത്യത്തെക്കുറിച്ച് അഭിമാനം കൊള്ളാറുണ്ടായിരുന്നു. എന്നാലിപ്പോള്‍ നടക്കുന്നത് ജനാധിപത്യവിരുദ്ധമായ നടപടികളെന്ന് പിണറായി വിജയന്‍. ലോകത്ത് നല്ല രീതിയില്‍ ജനാധിപത്യം പുലരുന്ന രാഷ്ട്രം ആയിട്ടാണ് ഇന്ത്യയെ കണ്ടതെന്നും അത്തരമൊരു രാഷ്ട്രത്തില്‍ സങ്കല്‍പ്പിക്കാന്‍ കഴിയാത്ത കാര്യങ്ങളാണ് നടക്കുന്നതെന്നും പിണറായി വിമര്‍ശിച്ചു.

പ്രതിഷേധിക്കാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്. പ്രതിഷേധത്തെ സര്‍ക്കാര്‍ തടയാന്‍ പാടില്ല എന്ന് സുപ്രീം കോടതി തന്നെ പറയുന്നുണ്ട്. 50ലധികം മെട്രോ സ്റ്റേഷന്‍ അടച്ചപ്പോഴാണ് ഇത് പറയേണ്ടി വന്നത്. സഞ്ചാര സ്വാതന്ത്ര്യം പ്രധാനമാണെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടും വില കല്‍പ്പിക്കാന്‍ മോദി സര്‍ക്കാര്‍ തയ്യാറാവുന്നില്ല. അവര്‍ നടപ്പാക്കാന്‍ ഉദ്ദേശിച്ചത് നടപ്പാക്കപ്പെട്ടുവെന്ന് പിണറായി വിമര്‍ശിച്ചു. സിപിഐഎം ജനറല്‍ സെക്രട്ടറിയാണ് സുപ്രീം കോടതിയുടെ മുന്നില്‍ ഈ പ്രശ്‌നം എത്തിച്ചത്. ഡല്‍ഹി മുഴുവന്‍ പൊലീസ് തടഞ്ഞിരിക്കുകയാണ്. സൈനിക അര്‍ദ്ധസൈനിക വിഭാഗങ്ങള്‍ എല്ലാം നിരന്നു നില്‍ക്കുകയാണ്. രാജ്യ തലസ്ഥാനം പൊലീസ് സ്റ്റേറ്റ് ആയി മാറിയ അവസ്ഥയാണുള്ളത്.

ജന്തര്‍ മന്തറില്‍ ആരും കടക്കാന്‍ കഴിയില്ല എന്ന തീരുമാനം മോദിയും അമിത്ഷായും എടുത്തു. ഇന്നലെ പൊലീസ് സ്വീകരിച്ചത് വല്ലാത്ത നടപടിയാണ്. ഓരോരുത്തരെയായി റാഞ്ചി എടുത്തു. പാര്‍ട്ടി ജനറല്‍ സെക്രട്ടറിയെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു. എന്നാല്‍ ജന്തര്‍ മന്തറില്‍ ആരും പോകേണ്ട എന്ന നിലപാട് മറികടന്നു. വാഹനത്തിനുള്ളില്‍ ലോക്കപ്പ് ഉണ്ട്. കൊടും ക്രിമിനലുകളെ കൊണ്ടുപോകുന്നതുപോലെ കൊണ്ടുപോയി. താന്‍ ഉള്‍പ്പെടെയുള്ള മൂന്നുപേരെ ബൊലേറോ ജീപ്പില്‍ കൊണ്ടുപോയി. എങ്ങോട്ട് കൊണ്ട് പോകണം എന്ന് അവര്‍ക്ക് നിശ്ചയം ഇല്ലായിരുന്നു. മണിക്കൂറുകള്‍ യാത്ര ചെയ്യിപ്പിച്ചു. ഒടുവില്‍ ഒരു പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു. ഭക്ഷണം പോലും ഇല്ലായിരുന്നു. പൊലീസിന് ഉണ്ടാക്കിയ ചപ്പാത്തിയുടെ ബാക്കിയാണ് നല്‍കിയത്. എന്തെങ്കിലും കഴിക്കണ്ടേ എന്ന് കരുതി ആ ചപ്പാത്തി കഴിച്ചു.

ഡല്‍ഹിയില്‍ പൊലീസ് രാജാണ് നടക്കുന്നത്. ഇന്നും സമാന സ്ഥിതിയാണ്. എസ്എഫ്‌ഐ പ്രവര്‍ത്തകരെ അതിക്രൂരമായാണ് നേരിട്ടത്. ജെയ്ക്കിനും ആദര്‍ശിനും എല്ലാം ഭീകര മര്‍ദ്ദനം ഏറ്റുവാങ്ങേണ്ടി വന്നു. തല്ലി ഭയപ്പെടുത്താം എന്നാണ് ഉദ്ദേശം. തല്ലിനുമുന്നില്‍ ഒരു പ്രക്ഷോഭവും തോറ്റുപോയിട്ടില്ല. അങ്ങനെ ഭയപ്പെടുത്താം എന്ന് വ്യാമോഹിക്കണ്ട. അത് രാജ്യം സമ്മതിക്കില്ല. അതിശക്തമായ പ്രക്ഷോഭം തുടരുക തന്നെ ചെയ്യും. ചെറുപ്പക്കാരെ തല്ലുന്നതറിഞ്ഞാണ് ജോണ്‍ ബ്രിട്ടാസ് എത്തിയത്. ജനാധിപത്യത്തോട് ബഹുമാനമില്ലാതായാല്‍ പിന്നെ എന്ത് പാര്‍ലമെന്റ് അംഗം? ബ്രിട്ടാസിനെ ബലം പ്രയോഗിച്ചു പിടിച്ചു കൊണ്ടു പോയി തല്ലി. വാനിലിട്ട് തല്ലി ചതക്കുകയായിരുന്നു. ജനാധിപത്യത്തിന്റെ കടയ്ക്കല്‍ കത്തിവക്കുന്ന നടപടിയാണിത്. മോദിയും അമിത് ഷായും രാജ്യത്തെ എങ്ങോട്ടാണ് കൊണ്ടുപോകുന്നത് ?

ഗ്യാനേഷ് കുമാറിനെ ചോദ്യം ചെയ്യാന്‍ പാടില്ല എന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഗ്യാനേഷ് കുമാറിന് തുടരാന്‍ അവകാശം ഇല്ല. ഗ്യാനേഷ് കുമാര്‍ പുറത്ത് പോകുക എന്നാണ് രാജ്യം മുഴുവന്‍ ആവശ്യപ്പെടുന്നത്. വിമാനത്തിലും ട്രെയിനിലും വീട്ടിലും വച്ച് പലരെയും അറസ്റ്റ് ചെയ്യുന്നതിലൂടെയൊന്നും ഗ്യാനേഷിനെ സംരക്ഷിക്കാനാവില്ല. ശാരീരിക അക്രമം നടത്തുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കണം. രാജ്യവ്യാപകമായി പ്രതിഷേധം കത്തി പടരും. ജനാധിപത്യത്തില്‍ ജനങ്ങളാണ് പരമാധികാരികള്‍. എല്ലാ ജനാധിപത്യ വിശ്വാസികളും ഈ സമരത്തില്‍ അണിനിരക്കണം. ഇത് രാജ്യത്തിന്റെ ആകെ പ്രശ്‌നമായി കാണണമെന്നും പിണറായി വിജയന്‍ പറഞ്ഞു.

Content Highlights: Pinarayi Vijayan criticises police action against Delhi protesters, alleges democratic rights are under threat, and demands Gyanesh Kumar’s resignation

dot image
To advertise here,contact us
dot image