മൈതാനം നിറയെ പേപ്പര്‍ പ്ലെയ്‌നുകള്‍, സ്റ്റേഡിയം ഇങ്ങനെ പോരെന്ന് ആരാധകര്‍, ലാലിഗ മത്സരം ഉപേക്ഷിച്ചു

സ്റ്റേഡിയത്തിലെ അടിസ്ഥാന സൗകര്യങ്ങളുടെ കുറവുകളിലും ക്ലബ്ബ് പ്രസിഡന്റിനുമെതിരെയായിരുന്നു ആരാധകരുടെ പ്രതിഷേധം

മൈതാനം നിറയെ പേപ്പര്‍ പ്ലെയ്‌നുകള്‍, സ്റ്റേഡിയം ഇങ്ങനെ പോരെന്ന് ആരാധകര്‍, ലാലിഗ മത്സരം ഉപേക്ഷിച്ചു
dot image

റയോ വയെക്കാനോ ആരാധകര്‍ ഗ്രൗണ്ടിലേക്ക് പേപ്പര്‍ പ്ലെയിനുകളും മറ്റ് വസ്തുക്കളും എറിഞ്ഞ് പ്രതിഷേധിച്ചതിനെ തുടര്‍ന്ന് അത്ലറ്റിക് ബില്‍ബാവോയ്ക്കെതിരായ ലാ ലിഗ മത്സരം നിര്‍ത്തിവെച്ചു. ക്ലബ് ഉടമയും പ്രസിഡന്റുമായ റൗള്‍ മാര്‍ട്ടിന്‍ പ്രെസയുടെ ഭരണത്തിനെതിരെയാണ് ആരാധകര്‍ പ്രതിഷേധിച്ചത്. മത്സരം 0-0 എന്ന നിലയില്‍ നില്‍ക്കെ 13-ാം മിനിറ്റിലാണ് ആരാധകര്‍ ആദ്യമായി കളി തടസ്സപ്പെടുത്തിയത്. സ്റ്റേഡിയത്തിന്റെ മൂന്ന് വശങ്ങളില്‍ നിന്നും പേപ്പര്‍ പ്ലെയിനുകള്‍ ഗ്രൗണ്ടിലേക്ക് പറന്നു വീണു. 'പ്രെസ, ഉടന്‍ പുറത്തുപോകൂ' എന്ന് എഴുതിയ സ്‌കാര്‍ഫുകള്‍ ഉയര്‍ത്തിപ്പിടിച്ചാണ് ആരാധകര്‍ പ്രതിഷേധിച്ചത്.
പ്രതിഷേധം തുടര്‍ന്നാല്‍ മത്സരം നിര്‍ത്തിവെക്കുമെന്ന് 20-ാം മിനിറ്റില്‍ സ്റ്റേഡിയത്തില്‍ അനൗണ്‍സ്മെന്റ് വന്നു. 24-ാം മിനിറ്റില്‍ കളി പുനരാരംഭിച്ചെങ്കിലും വൈകാതെ വീണ്ടും തടസ്സപ്പെട്ടു. റബര്‍ പന്തുകള്‍ ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ എറിഞ്ഞ 'ബുകാനെറോസ്' എന്ന ആരാധകക്കൂട്ടവുമായി റയോ താരങ്ങളായ ഓസ്‌കാര്‍ വലന്റീനും ഇസി പലാസോണും സംസാരിക്കാന്‍ ശ്രമിച്ചു. 10 മിനിറ്റ് ഇടവേളയ്ക്ക് ശേഷം ഇരു ടീമുകളും വാം-അപ്പ് ചെയ്ത് കളി പുനരാരംഭിച്ചെങ്കിലും നിമിഷങ്ങള്‍ക്കകം വീണ്ടും വസ്തുക്കള്‍ ഗ്രൗണ്ടിലേക്ക് വീണു. തുടര്‍ന്ന് പോലീസിന്റെ നിര്‍ദ്ദേശപ്രകാരം റഫറി മത്സരം പൂര്‍ണമായി നിര്‍ത്തിവെക്കാന്‍ തീരുമാനിക്കുകയായിരുന്നു.

2011-ല്‍ ക്ലബിന്റെ ചുമതലയേറ്റതുമുതല്‍ റൗള്‍ മാര്‍ട്ടിന്‍ പ്രെസ ആരാധകര്‍ക്കിടയില്‍ അപ്രിയനാണ്. മാഡ്രിഡിലെ വയ്യെക്കാസ് അയല്‍പക്കത്തുള്ള റയോയുടെ സ്വന്തം സ്റ്റേഡിയത്തിന് സുരക്ഷാ അനുമതി ലഭിക്കാത്തതിനെ തുടര്‍ന്ന് ഈ സീസണിലെ ആദ്യ മൂന്ന് മത്സരങ്ങള്‍ മറ്റൊരു സ്ഥലത്താണ് (ലെഗാനസ്) കളിക്കേണ്ടി വന്നത്. ഇതില്‍ പ്രകോപിതരായ ആരാധകര്‍ അവിടുത്തെ മത്സരങ്ങള്‍ ബഹിഷ്‌കരിച്ചിരുന്നു. വര്‍ഷങ്ങളായി തുടരുന്ന മോശം മാനേജ്മെന്റിലും സ്റ്റേഡിയത്തിന്റെ മോശം അവസ്ഥയിലും സഹികെട്ടാണ് തങ്ങള്‍ പ്രതിഷേധിച്ചതെന്ന് 'ബുകാനെറോസ്' ആരാധക കൂട്ടായ്മ പ്രസ്താവനയിലൂടെ വ്യക്തമാക്കി. നിര്‍ത്തിവെച്ച മത്സരം മറ്റൊരു തീയതിയില്‍ നട നടത്താനാണ് സാധ്യത.

content highlights: Paper Planes Force Abandonment of La Liga Match Between Rayo Vallecano and Athletic Bilbao

dot image
To advertise here,contact us
dot image