

കറണ്ട് പോകുമ്പോള്‍ വീട്ടിലെ ഇന്‍വെര്‍ട്ടറില്‍ നിന്ന് മൂളലോ ബീപ് ശബ്ദമോ കേള്‍ക്കാറുണ്ടോ?. എല്ലാ ശബ്ദങ്ങളും തകരാറിന്റെ സൂചനയല്ല. എന്നാല്‍ ചില ശബ്ദങ്ങള്‍ ഇന്‍വെര്‍ട്ടറിലോ ബാറ്ററിയിലോ പ്രശ്‌നമുണ്ടെന്ന മുന്നറിയിപ്പാകാം. തിരിച്ചറിയേണ്ടത് എങ്ങനെയാണെന്ന് നോക്കാം.
വീട്ടില്‍ കറന്റ് പോകുമ്പോള്‍ ആദ്യം ഫാനുകളും ലൈറ്റുകളും നില്‍ക്കുന്നതാണ് നമ്മള്‍ ശ്രദ്ധിക്കുന്നത്. എന്നാല്‍ ഇന്‍വെര്‍ട്ടര്‍ ഉണ്ടെങ്കില്‍ നിമിഷങ്ങള്‍ക്കകം അത് പ്രവര്‍ത്തിച്ചുതുടങ്ങും. ആ സമയത്ത് അതില്‍നിന്ന് ചില ശബ്ദങ്ങളും കേള്‍ക്കാറുണ്ട് അല്ലേ?. ചെറിയൊരു മൂളലോ ഒറ്റ ക്ലിക്ക് ശബ്ദമോ കേട്ടാല്‍ സാധാരണയായി പേടിക്കേണ്ടതില്ല. പക്ഷേ പതിവില്ലാത്ത രീതിയില്‍ ശബ്ദം കൂടുകയോ തുടര്‍ച്ചയായി ബീപ് ശബ്ദം കേള്‍ക്കുകയോ ചെയ്താല്‍ കാരണമെന്താണെന്ന് പരിശോധിക്കണം. ഇന്‍വെര്‍ട്ടറില്‍ നിന്നുള്ള എല്ലാ ശബ്ദങ്ങളും ഒരുപോലെയല്ല. ചിലത് ഉപകരണത്തിന്റെ സാധാരണ പ്രവര്‍ത്തനത്തിന്റെ ഭാഗമാണ്. മറ്റുചിലത് അമിതഭാരം, ബാറ്ററിയിലെ പ്രശ്‌നം, ഫാനിന്റെ തകരാര്‍ തുടങ്ങിയവയുടെ സൂചനയായിരിക്കാം.

ഇന്‍വെര്‍ട്ടര്‍ പ്രവര്‍ത്തിക്കുമ്പോള്‍ നേരിയ മൂളല്‍ ശബ്ദം കേള്‍ക്കുന്നത് സാധാരണമാണ്. ഉപകരണത്തിനുള്ളിലെ ട്രാന്‍സ്‌ഫോര്‍മറിലുണ്ടാകുന്ന ചെറിയ വൈബ്രേഷനുകളാണ് ഇതിന് ഒരു കാരണം. പ്രത്യേകിച്ച് പഴയ ഇന്‍വെര്‍ട്ടറുകളില്‍ ഇത്തരം ശബ്ദം കൂടുതലായി കേള്‍ക്കാം. ശബ്ദം നേരിയതാണെങ്കിലോ ഇന്‍വെര്‍ട്ടര്‍ സാധാരണ രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലോ പൊതുവേ ആശങ്കപ്പെടേണ്ടതില്ല. എന്നാല്‍ മുമ്പ് കേള്‍ക്കാത്ത തരത്തില്‍ ശബ്ദം പെട്ടെന്ന് കൂടുകയാണെങ്കില്‍ പരിശോധന ആവശ്യമാണ്.
ചില ഇന്‍വെര്‍ട്ടറുകളില്‍ ചൂട് നിയന്ത്രിക്കാന്‍ കൂളിങ് ഫാന്‍ ഉണ്ടാകും. ഇന്‍വെര്‍ട്ടര്‍ കൂടുതല്‍ ചൂടാകുമ്പോഴോ ബാറ്ററി ചാര്‍ജ് ചെയ്യുമ്പോഴോ കൂടുതല്‍ വൈദ്യുതി ഉപയോഗിക്കുമ്പോഴോ ഫാന്‍ പ്രവര്‍ത്തിച്ചേക്കാം. ഫാന്‍ പ്രവര്‍ത്തിക്കുന്നതിന്റെ നേരിയ ശബ്ദം സാധാരണമാണ്. എന്നാല്‍ ഉരസുന്നതുപോലെയോ എന്തെങ്കിലും തട്ടുന്നതുപോലെയോ ശക്തമായ ശബ്ദം കേള്‍ക്കുന്നുണ്ടെങ്കില്‍ ശ്രദ്ധിക്കണം. ഫാനില്‍ പൊടി അടിഞ്ഞതോ ഫാനിന്റെ ഏതെങ്കിലും ഭാഗത്തിന് തകരാര്‍ സംഭവിച്ചതോ ഇതിന് കാരണമാകാം. ഇത്തരം സാഹചര്യങ്ങളില്‍ ഇന്‍വെര്‍ട്ടര്‍ സ്വയം തുറന്ന് വൃത്തിയാക്കാന്‍ ശ്രമിക്കാതെ വിദഗ്ധനെക്കൊണ്ട് പരിശോധിപ്പിക്കുന്നതാണ് സുരക്ഷിതം.
കറന്റ് പോകുമ്പോള്‍ ഇന്‍വെര്‍ട്ടര്‍ പ്രധാന വൈദ്യുതി വിതരണത്തില്‍നിന്ന് ബാറ്ററി ഉപയോഗിച്ചുള്ള പ്രവര്‍ത്തനത്തിലേക്ക് മാറുന്നു. കറന്റ് തിരിച്ചെത്തുമ്പോള്‍ വീണ്ടും പ്രധാന വൈദ്യുതി വിതരണത്തിലേക്ക് മാറുകയും ചെയ്യും. ഈ മാറ്റത്തിനിടെ ഇന്‍വെര്‍ട്ടറിലെ സ്വിച്ചിങ് സംവിധാനത്തില്‍ നിന്ന് ചെറിയ ക്ലിക്ക് ശബ്ദം കേള്‍ക്കാം. ഇത് സാധാരണമായിരിക്കാം. എന്നാല്‍ തുടര്‍ച്ചയായി ക്ലിക്ക് ശബ്ദം കേള്‍ക്കുകയോ ഇന്‍വെര്‍ട്ടര്‍ ആവര്‍ത്തിച്ച് പ്രവര്‍ത്തനം മാറുന്നതുപോലെ തോന്നുകയോ ചെയ്താല്‍ വൈദ്യുതി വിതരണത്തിലെ വ്യതിയാനമോ ഉപകരണത്തിലെ മറ്റേതെങ്കിലും പ്രശ്‌നമോ ഉണ്ടാകാം. അപ്പോള്‍ വിദഗ്ധ പരിശോധന നടത്തണം.

ഇന്‍വെര്‍ട്ടറില്‍ നിന്ന് ബീപ് ശബ്ദം കേള്‍ക്കുന്നതിന് പല കാരണങ്ങളുണ്ട്. ബാറ്ററിയിലെ ചാര്‍ജ് കുറയുമ്പോള്‍, ഇന്‍വെര്‍ട്ടറിന്റെ ശേഷിയേക്കാള്‍ കൂടുതല്‍ വൈദ്യുത ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കുമ്പോള്‍, ചില തകരാറുകള്‍ സംഭവിക്കുമ്പോള്‍ എന്നിവയില്‍ മുന്നറിയിപ്പ് ശബ്ദം കേള്‍ക്കാം. കറന്റ് പോയ ഉടന്‍ ഫാന്‍, ടിവി, കമ്പ്യൂട്ടര്‍ തുടങ്ങിയവയ്ക്കൊപ്പം കൂടുതല്‍ വൈദ്യുതി ഉപയോഗിക്കുന്ന ഉപകരണങ്ങളും പ്രവര്‍ത്തിപ്പിക്കുന്നുണ്ടെങ്കില്‍ ഇന്‍വെര്‍ട്ടറിന് അമിതഭാരം ഉണ്ടാകാം.ഇത്തരം സാഹചര്യത്തില്‍ ആവശ്യമില്ലാത്ത ഉപകരണങ്ങള്‍ ഓഫ് ചെയ്യുക. ശബ്ദം തുടരുകയാണെങ്കില്‍ ഇന്‍വെര്‍ട്ടറിന്റെ ഡിസ്‌പ്ലേയിലെ മുന്നറിയിപ്പും നിര്‍ദേശപുസ്തകവും പരിശോധിക്കണം. ബീപ് ശബ്ദത്തിന്റെ അര്‍ഥം ഓരോ മോഡലിലും വ്യത്യസ്തമായിരിക്കാം.
ചിലപ്പോള്‍ ഇന്‍വെര്‍ട്ടറില്‍ നിന്നാണെന്ന് തോന്നുന്ന ശബ്ദം യഥാര്‍ഥത്തില്‍ ബാറ്ററിയില്‍ നിന്നായിരിക്കാം ഉണ്ടാകുന്നത്. ലെഡ്-ആസിഡ് ബാറ്ററി ചാര്‍ജ് ചെയ്യുന്ന സമയത്ത് നേരിയ കുമിളകളുടെ ശബ്ദം കേള്‍ക്കാം. എന്നാല്‍ അസാധാരണമായി ഉച്ചത്തിലുള്ളതോ തുടര്‍ച്ചയായി കേള്‍ക്കുന്നതോ ആയ ശബ്ദം അവഗണിക്കരുത്. ബാറ്ററിയില്‍ അമിതമായി ചാര്‍ജ് കയറുന്നതോ മറ്റേതെങ്കിലും തകരാറോ ഉണ്ടെങ്കില്‍ ഇത്തരത്തിലുള്ള ശബ്ദം ഉണ്ടായേക്കാം. ബാറ്ററി അമിതമായി ചൂടാകുക, വീര്‍ക്കുക, ചോര്‍ച്ചയുണ്ടാകുക, അസാധാരണമായ ഗന്ധം വരിക തുടങ്ങിയ ലക്ഷണങ്ങളും ശ്രദ്ധിക്കണം. ബാറ്ററിയില്‍ നിന്ന് ശക്തമായ ശബ്ദമോ അസാധാരണ ഗന്ധമോ പുകയോ ശ്രദ്ധയില്‍പ്പെട്ടാല്‍ സുരക്ഷിതമായ അകലം പാലിക്കുകയും വിദഗ്ധ സഹായം തേടുകയും ചെയ്യേണ്ടതാണ്. ബാറ്ററിയോ അതിന്റെ കണക്ഷനുകളോ സ്വയം അഴിച്ചുനോക്കരുത്.

ഇന്‍വെര്‍ട്ടര്‍ ഭിത്തിയോട് ചേര്‍ത്തോ വായുസഞ്ചാരം കുറഞ്ഞ അടച്ച സ്ഥലത്തോ വെച്ചിട്ടുണ്ടെങ്കില്‍ ചൂട് പുറത്തുപോകാന്‍ ബുദ്ധിമുട്ടുണ്ടാകാം. ഉപകരണം സ്ഥിരതയില്ലാത്ത പ്രതലത്തില്‍ വെച്ചിരിക്കുന്നതും വൈബ്രേഷന്‍ മൂലമുള്ള ശബ്ദം കൂട്ടാം.അതിനാല്‍ ഇന്‍വെര്‍ട്ടര്‍ വെച്ചിരിക്കുന്ന സ്ഥലത്ത് ആവശ്യത്തിന് വായുസഞ്ചാരമുണ്ടെന്ന് ഉറപ്പാക്കണം. ഉപകരണത്തിന് ചുറ്റുമുള്ള ഭാഗം വൃത്തിയായി സൂക്ഷിക്കുകയും നിര്‍മാതാവ് നിര്‍ദേശിച്ച അകലം പാലിക്കുകയും വേണം. ഇന്‍വെര്‍ട്ടറിന്റെ വെന്റിലേഷന്‍ ഭാഗങ്ങള്‍ മൂടിവയ്ക്കരുത്.
താഴെപ്പറയുന്ന ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഇന്‍വെര്‍ട്ടര്‍ ഒരു ടെക്‌നീഷ്യനെക്കൊണ്ട് പരിശോധിപ്പിക്കേണ്ടതാണ്.
ഇന്‍വെര്‍ട്ടറില്‍ നിന്ന് ചെറിയ മൂളലോ ഒറ്റ ക്ലിക്ക് ശബ്ദമോ കേള്‍ക്കുന്നത് എല്ലായ്‌പ്പോഴും തകരാറിന്റെ സൂചനയല്ല. എന്നാല്‍ ശബ്ദത്തില്‍ പെട്ടെന്നുള്ള മാറ്റം, തുടര്‍ച്ചയായ മുന്നറിയിപ്പ്, അമിതചൂട് എന്നിവ അവഗണിക്കരുത്. സമയത്ത് പരിശോധന നടത്തുന്നത് വലിയ തകരാറുകളും സുരക്ഷാ പ്രശ്‌നങ്ങളും ഒഴിവാക്കാന്‍ സഹായിക്കും.
Content Highlights :Not all sounds coming from the inverter indicate a malfunction. However, certain sounds could be a warning sign of a problem with the inverter or the battery