പിണറായി വിജയനും മുഹമ്മദ് റിയാസിനും തിരിച്ചടി; ഇ ഡി നൽകിയ കത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാമെന്ന് ഹൈക്കോടതി

ഇ ഡി നൽകിയ കത്തിൽ പ്രാഥമിക അന്വേഷണം നടത്തിയതിന് ശേഷം എഫ്ഐആർ എന്നതായിരുന്നു സംസ്ഥാന സർക്കാരിൻ്റെ നിലപാട്

പിണറായി വിജയനും മുഹമ്മദ് റിയാസിനും തിരിച്ചടി; ഇ ഡി നൽകിയ കത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാമെന്ന് ഹൈക്കോടതി
dot image

കൊച്ചി: സിഎംആർഎൽ-എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് ഇഡി നൽകിയ കത്തിൽ പിണറായി വിജയൻ, മുഹമ്മദ് റിയാസ് എന്നിവ‍ർക്കെതിരെ എഫ്ഐആർ ഇടാമെന്ന് ഹൈക്കോടതി. ഇ ഡി കത്ത് പരി​ഗണിച്ച് എഫ്ഐആർ നേരിട്ട് രജിസ്റ്റർ ചെയ്യാമെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയിരിക്കുന്നത്. ഇ ഡി നൽകിയ കത്തിൽ പ്രാഥമിക അന്വേഷണം നടത്തിയതിന് ശേഷം എഫ്ഐആർ എന്നതായിരുന്നു സംസ്ഥാന സർക്കാരിൻ്റെ നിലപാട്. എന്നാൽ സംസ്ഥാന സർക്കാരിൻ്റെ ഈ വാദം തള്ളിയാണ് പ്രാഥമിക അന്വേഷണം ആവശ്യമില്ലെന്നും നേരിട്ട് എഫ്ഐആർ ഇടാമെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നത്.

പ്രാഥമിക അന്വേഷണമാണ് ആദ്യം വേണ്ടത് അതിന് ശേഷമാണ് എഫ്ഐആർ ഇടണോ എന്ന് പരിശേധിക്കേണ്ടത് എന്ന വാദമായിരുന്നു സംസ്ഥാന സർക്കാർ ഹൈക്കോടതി ഉയർത്തിയ വാദം. എന്നാൽ ഇഡി കത്തിൻ്റെ അടിസ്ഥാനത്തിൽ നേരിട്ട് എഫ്ഐആർ രജിസ്റ്റർ ചെയ്യാമെന്ന ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് സംസ്ഥാന സർക്കാരിനും തിരിച്ചടിയാണ്. ഇഡി നടത്തിയത് പ്രാഥമിക അന്വേഷണമാണെന്നും അതിൻ്റെ റിപ്പോർ‍ട്ട് നിലനിൽക്കുമ്പോൾ സംസ്ഥാന പൊലീസ് മറ്റൊരു പ്രാഥമിക അന്വേഷണം നടത്തേണ്ടതില്ല എന്നായിരുന്നു ഹൈക്കോടതിയിൽ ഇഡി വാദം. നേരിട്ട് എഫ്ഐആർ‌ രജിസ്റ്റർ ചെയ്യുകയാണ് വേണ്ടതെന്നും ഇ ഡി കോടതിയിൽ വാദിച്ചു. ഇഡിയുടെ ഈ വാദം ശരിവെച്ചാണ് ഇഡി കത്തിൻ്റെ അടിസ്ഥാനത്തിൽ നേരിട്ട് എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടത്. കെ എം ഷാജഹാൻ നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ്.

സിഎംആർഎൽ-എക്സാലോജിക് കേസുമായി ബന്ധപ്പെട്ട് സീൽചെയ്ത കവറിൽ ചില വിവരങ്ങൾ ഇഡി സംസ്ഥാന സ‍ർക്കാരിന് കൈമാറിയിരുന്നു. ഇതിൽ പിണറായി വിജയനും മുഹമ്മദ് റിയാസിനും എതിരായി വിവരങ്ങളാണ് ഉണ്ടായിരുന്നത്. ഇതേ വിവരങ്ങൾ സീൽ ചെയ്ത കവറിൽ ഇ ഡി ഹൈക്കോടതിക്കും കൈമാറിയിരുന്നു. ഈ വിവരങ്ങളെല്ലാം ഹൈക്കോടതി പരിശോധിച്ചിരുന്നു. ഇതിൻ്റെ കൂടി അടിസ്ഥാനത്തിലാണ് ഇ ഡി നൽകിയ കത്തിൻ്റെ അടിസ്ഥാനത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാമെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടിരിക്കുന്നത്. അഴിമതി നിരോധന നിയമപ്രകാരം ഒരു പ്രാഥമിക പരിശോധന നടത്തിയതിന് ശേഷം തുടർനടപടിയിലേയ്ക്ക് കടന്നാൽ മതിയെന്നായിരുന്നു നേരത്തെയുള്ള സുപ്രീം കോടതി നിർദ്ദേശം. അതിൻ്റെ അടിസ്ഥാനത്തിലാണ് ഇ ഡി കത്തിൻ്റെ അടിസ്ഥാനത്തിൽ പ്രാഥമിക അന്വേഷണം നടത്തിയതിന് ശേഷം മാത്രം തുടർനടപടികൾ തീരുമാനിക്കാം എന്ന നിലപാടിലേയ്ക്ക് സംസ്ഥാന സർക്കാർ എത്തിയത്. എന്നാൽ ഈ വാദം കൂടിയാണ് ഹൈക്കോടതി തള്ളിയത്. ഇത് പ്രകാരം സുപ്രീം കോടതി നിർദ്ദേശിച്ച അഴിമതി നിരോധന നിയമപ്രകാരം ഒരു പ്രാഥമിക പരിശോധന നടത്തിയതിന് ശേഷം തുടർനടപടിയിലേയ്ക്ക് കടന്നാൽ മതിയെന്ന ഒഴിവ് ഈ കേസിൽ പിണറായി വിജയനും മുഹമ്മദ് റിയാസിനും ലഭിക്കില്ലെന്ന് കൂടിയാണ് ഹൈക്കോടതി വ്യക്തമാക്കിയിരിക്കുന്നത്.

പിണറായി വിജയനും മുഹമ്മദ് റിയാസിനും എതിരെ നേരിട്ട് എഫ്ഐആർ രജിസ്റ്റർ ചെയ്യാനാകുമോ എന്ന ചോദ്യമായിരുന്നു നേരത്തെ ഹൈക്കോടതിയുടെ മുന്നിലുണ്ടായിരുന്നത്. സംസ്ഥാനത്തെ അന്വേഷണ ഏജൻസിയാണ് എഫ്ഐആർ ഇടണമോ എന്ന് തീരുമാനിക്കേണ്ടത് എന്ന നിരീക്ഷണം നേരത്തെ വാദത്തിനിടെ ഹൈക്കോടതി നടത്തിയിരുന്നു. കെ എം ഷാജഹാൻ നൽകിയ ഹർജിയിൽ ഇഡി കക്ഷി ചേരുകയായിന്നു. ഇഡി നടത്തിയ പ്രാഥമിക അന്വേഷണത്തിൽ ചില കുറ്റകൃത്യങ്ങൾ വെളിവായെന്നും ഇതിൻ്റെ അടിസ്ഥാനത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാണമെന്ന് ആവശ്യപ്പെട്ട് കേരളത്തിലെ ഡിജിപിക്ക് കത്ത് നൽകിയത് എന്നായിരുന്നു ഇഡിയുടെ നിലപാട്. അതിനാൽ തന്നെ ഈ കത്തിൻ്റെ അടിസ്ഥാനത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാമെന്നും ഇ ഡി വാദിച്ചു.

സിഎംആർഎൽ-എക്‌സാലോജിക് കേസിൽ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടുള്ള എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കത്തിൻ്റെ അടിസ്ഥാനത്തിൽ പ്രാഥമിക അന്വേഷണം നടത്താൻ ആഭ്യന്തര വകുപ്പ് നേരത്തെ ഡിജിപിക്ക് നിർദേശം നൽകിയിരുന്നു. ഏത് അന്വേഷണം വേണമെന്ന് ഡിജിപിക്ക് തീരുമാനിക്കാമെന്നും ആഭ്യന്തര വകുപ്പ് വ്യക്തമാക്കിയിരുന്നു. അന്വേഷണം എങ്ങനെ വേണമെന്ന് തീരുമാനിക്കാൻ പൂർണാധികാരം ഡിജിപിക്ക് ആയിരിക്കും. ഏത് ഏജൻസിയെ ഉപയോഗിച്ച് അന്വേഷിക്കണമെന്നും ഡിജിപിക്ക് തീരുമാനിക്കാം. ഇ ഡി കത്തിലെ വിവരങ്ങൾ അന്വേഷിക്കാനായിരുന്നു സർക്കാർ നിർദ്ദേശം. നേരത്തെ ഡിജിപി കത്ത് ആഭ്യന്തര സെക്രട്ടറി മിൻഹാജ് ആലത്തിന് കൈമാറുകയും, ആഭ്യന്തര സെക്രട്ടറി നിയമോപദേശം തേടുകയും ചെയ്തിരുന്നു. അഡ്വക്കേറ്റ് ജനറൽ നൽകിയ നിയമോപദേശത്തിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാതെ അന്വേഷണം നടത്തണമെന്നായിരുന്നു നിർദ്ദേശിച്ചിരുന്നത്. എന്നാൽ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ടി അസഫലി നൽകിയ നിയമോപദേശത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ കഴിയുന്ന തെളിവുകൾ ഇഡി നൽകിയ കത്തിൽ ഉണ്ടെന്നായിരുന്നു നിർദ്ദേശിച്ചിരുന്നത്. ഇതിന് പിന്നാലെ വിഷത്തിൽ അന്തിമ തീരുമാനമെടുക്കാൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഇന്ന് മുഖ്യമന്ത്രിയെ കണ്ടിരുന്നു. ഈ കൂടിക്കാഴ്ചയുടെ അടിസ്ഥാനത്തിലായിരുന്നു ഇ ഡി കത്തിലെ വിവരങ്ങൾ അന്വേഷിക്കാൻ സർക്കാർ ഡിജിപിയെ ചുമതലപ്പെടുത്തിയത്.

Also Read:

സിഎംആർഎൽ-എക്‌സാലോജിക്ക് കേസിലെ ഇഡി കത്തിൽ ആദ്യം നടക്കുന്നത് പ്രാഥമിക അന്വേഷണമാണെന്നും വിജിലൻസ് അന്വേഷണം ആദ്യം ഉണ്ടാകില്ലെന്നും ഡിജിപ് റവാഡ ചന്ദ്രശേഖ‍ർ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇഡി കത്തിൽ പ്രാഥമിക അന്വേഷണം നടത്തുന്നതിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചത്. ക്രൈംബ്രാഞ്ച് എഡിജിപി എച്ച് വെങ്കടേഷ് മേൽനോട്ടം വഹിക്കുന്ന അന്വേഷണത്തിൽ എസ് പി വിക്രമനെയാണ് അന്വേഷണ ഉദ്യോ​ഗസ്ഥനായി നിയമിച്ചത്. ഈ എസ്ഐടി സംഘം പ്രാഥമിക അന്വേഷണം നടത്തിവരുന്നതിനിടയിലാണ് ഇഡി കത്തിൻ്റെ അടിസ്ഥാനത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ ഹൈക്കോടതി നി‍ർദ്ദേശിച്ചിരിക്കുന്നത്.

സെപ്റ്റംബർ എട്ടാം തീയതിയായിരുന്നു സിഎംആർഎൽ-എക്‌സാലോജിക് സാമ്പത്തിക ഇടപാടിൽ ഡിജിപിക്ക് ഇ ഡി കത്ത് നൽകിയത്. കത്തിൽ പിണറായി വിജയൻ, വീണ ടി, മുൻ മന്ത്രിയും എംഎൽഎയുമായ പി എ മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ ഗുരുതര പരാമർശമായിരുന്നു ഉണ്ടായിരുന്നത്. വീണ വഴി പിണറായി വിജയൻ 3.28 കോടി രൂപ സിഎംആർഎല്ലിൽ നിന്ന് കൈക്കൂലി വാങ്ങിയെന്നാണ് കത്തിൽ പറഞ്ഞിരുന്നത്. കൈക്കൂലിപ്പണം മുഹമ്മദ് റിയാസ് വീണ വഴിയും സുഹൃത്തുകൾ വഴിയും ദുബായിലേക്ക് അയച്ചുവെന്നും കത്തിൽ പറഞ്ഞിരുന്നു. കൈക്കൂലിപ്പണം കൈപ്പറ്റാനും കടത്താനും വീണ പിതാവ് പിണറായി വിജയനെയും ഭർത്താവ് കൂടിയായ റിയാസിനെയും സഹായിച്ചുവെന്നും കത്തിലുണ്ടായിരുന്നു.

ഇടപാടുകൾക്കായി എക്സാലോജിക് സൊല്യൂഷൻസ് വാഹനം ഉപയോഗിച്ചു, സിഎംആർഎൽ എം ഡി കൈക്കൂലി പണം നൽകി, സിഎംആർഎൽ മുൻ ചീഫ് ഫിനാൻഷ്യൽ ഓഫീസർ പി സുരേഷ് കുമാർ കൈക്കൂലി ഇടപാടുകൾ നടത്തുന്നതിന് സഹായിച്ചു തുടങ്ങിയ കാര്യങ്ങളും കത്തിൽ പരാമർശിച്ചിരുന്നു. കൈക്കൂലി പണം കൈപ്പറ്റുന്നതിനും കൈമാറുന്നതിനും വീണയെയും റിയാസിനെയും ഷൈജൽ, പി നിഖിൽ, ഹസ്സൻ വാരിഷ്, ഫൈസാജ് വി പി, നന്ദുലാൽ എം എന്നിവർ സഹായിച്ചതായും കത്തിൽ പറഞ്ഞിരുന്നു.

Content Highlights: The Kerala High Court has ruled that an FIR can be registered based on a letter submitted by the Enforcement Directorate, dealing a setback to Chief Minister Pinarayi Vijayan and Minister Mohammed Riyas.

dot image
To advertise here,contact us
dot image