

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ വീണ്ടും ചികിത്സാപിഴവെന്ന് പരാതി. പരിയാരം മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയയ്ക്ക് എത്തിയ രോഗി മരിച്ചു. ഇരിട്ടി വള്ളിത്തോട് സ്വദേശി ഫാത്തിമയാണ് മരിച്ചത്. ചികിത്സാ പിഴവാണ് മരണകാരണമെന്ന ആരോപണവുമായി ബന്ധുക്കള്‍ രംഗത്തെത്തി. ഹൃദയ വാല്‍വ് ശസ്ത്രക്രിയക്ക് ആയി എത്തിയതായിരുന്നു ഫാത്തിമ. ഇന്നലെ രാവിലെ 9 മണിക്കാണ് ഓപ്പറേഷന്‍ തിയേറ്ററിലേക്ക് കയറ്റിയത്. പിന്നീട് ബന്ധുക്കള്‍ക്ക് ഒരു വിവരവും നല്‍കിയില്ല. ഒടുവില്‍ രാത്രിയോടെ രോഗി മരിച്ചെന്ന് അറിയിക്കുകയായിരുന്നു എന്നാണ് ആരോപണം.
എറണാകുളം ജനറല്‍ ആശുപത്രിയിലും ചികിത്സ പിഴവ് പരാതി ഉയര്‍ന്നിട്ടുണ്ട്. ഡോക്ടര്‍മാരുടെ അനാസ്ഥയെ തുടര്‍ന്ന് നവജാത ശിശുവിന്റെ കൈയുടെ സ്വാധീനം നഷ്ടപ്പെട്ടതായാണ് പരാതി. എടവനക്കാട് സ്വദേശിയായ നവനീത് ഷാജിയും ഭാര്യ ആതിരയുമാണ് പരാതി ഉന്നയിച്ചത്. പ്രസവശസ്ത്രക്രിയക്കായാണ് ആതിരയെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുള്ളതിനാല്‍ ആതിരയെ അഡ്മിറ്റ് ചെയ്യാന്‍ ഡോക്ടര്‍ നിര്‍ദേശിക്കുകയായിരുന്നു. പ്രവസവേദനയ്ക്കായുള്ള മരുന്നു നല്‍കിയ ശേഷം ഡോക്ടര്‍ ആശുപത്രിയില്‍ നിന്നു പോവുകയും പിന്നീട് ആതിരയുടെ നില അതീവഗുരുതരമായപ്പോള്‍ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാന്‍ നിര്‍ദേശിക്കുകയായിരുന്നുവെന്നുമാണ് കുടുംബത്തിന്റെ ആരോപണം. ആ സമയത്ത് ജൂനിയര്‍ ഡോക്ടര്‍മാര്‍ മാത്രമാണ് ആശുപത്രിയിൽ ഉണ്ടായിരുന്നത്. ഒടുവില്‍ എറണാകുളം മെഡിക്കല്‍ കോളേജിലെത്തിച്ചാണ് കുഞ്ഞിനെ പുറത്തെടുത്തത്.
ജനറൽ ആശുപത്രിയിലെ ഡോക്ടർമാരുടെ അനാസ്ഥയെ തുടര്‍ന്നാണ് കുഞ്ഞിന്റെ കൈയുടെ സ്വാധീനം നഷ്ടപ്പെട്ടതെന്നാണ് കുടുംബത്തിന്റെ ആരോപണം. കുടുംബം മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ പിഴവ് സംഭവിച്ചിട്ടില്ലെന്നാണ് ആശുപത്രി സൂപ്രണ്ടിന്റെ വിശദീകരണം.
Content Highlights: Complaints alleging treatment lapses have surfaced at Pariyaram Medical College and Ernakulam General Hospital. At Pariyaram, relatives of Fathima, who was admitted for heart valve surgery, alleged that she died after the procedure without adequate updates being provided. At Ernakulam General Hospital, a family alleged that their newborn’s hand movement was affected following complications during delivery