

പാലക്കാട്: മുഖ്യമന്ത്രി വിഡി സതീശന്റെയും മന്ത്രി ഒ ജെ ജനീഷിന്റെയും ഉൾപ്പെടെ സൗജന്യ യാത്രകള്‍ തള്ളി യൂത്ത് കോണ്‍ഗ്രസ് രാഷ്ട്രീയ പ്രമേയം. ഷൊര്‍ണൂര്‍ നിയോജക മണ്ഡലം കമ്മിറ്റിയാണ് പ്രമേയം അവതരിപ്പിച്ചത്. അധികാര കസേരയില്‍ ഇരിക്കുന്നവരുടെ കൈകള്‍ ശുദ്ധമാണ് എന്ന് ജനങ്ങള്‍ക്ക് ബോധ്യമാവണമെന്ന് പ്രമേയത്തില്‍ ചൂണ്ടിക്കാട്ടുന്നു. സൗജന്യങ്ങളും മറ്റും സ്വീകരിക്കുമ്പോള്‍ അനാവശ്യ വിവാദങ്ങള്‍ക്ക് അവസരം ഒരുക്കുന്നു. ജനങ്ങള്‍ക്ക് സംശയത്തിന് ഇടവരുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കണം.
അത് സര്‍ക്കാരിന്റെ നല്ല കാര്യങ്ങള്‍ ജനങ്ങളില്‍ എത്തിപ്പെടാതെ പോവാന്‍ കാരണമാകാം എന്നാണ് യൂത്ത് കോണ്‍ഗ്രസ് നല്‍കുന്ന മുന്നറിയിപ്പ്. അത്തരത്തിലുള്ള അനാവശ്യ വിവാദങ്ങള്‍ സൃഷിടിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ നിന്ന് നേതാക്കള്‍ മാറി നില്‍ക്കാന്‍ ശ്രദ്ധിക്കണം. നേതാക്കളുടെ തര്‍ക്കങ്ങള്‍ക്ക് ന്യായികരണം നല്‍കുന്നതാവരുത് പ്രവര്‍ത്തകരുടെ ജോലിയെന്ന കടുത്ത വിമര്‍ശനവും യൂത്ത് കോണ്‍ഗ്രസ് ഉന്നയിക്കുന്നുണ്ട്. ചെര്‍പ്പുളശ്ശേരിയില്‍ ഒക്ടോബര്‍ 4 ന് നടന്ന 'ചരൈവേതി ' മണ്ഡലം ക്യാമ്പിലാണ് പ്രമേയം പാസാക്കിയത്. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സൗജന്യ യാത്രകളുമായി ബന്ധപ്പെട്ട് യൂത്ത് ലീഗും പാലക്കാട് സമാന നിലയില്‍ പ്രമേയം പാസാക്കിയിരുന്നു.
പണിയെടുത്ത പ്രവര്‍ത്തകര്‍ക്ക് ചില നേതാക്കളുടെ സാമിപ്യം വിദൂരമാവുന്നുണ്ടോ എന്ന് പരിശോധിക്കേണ്ടതുണ്ടെന്ന വിമര്‍ശനവും പ്രമേയം ഉന്നയിക്കുന്നുണ്ട്. പാര്‍ട്ടിക്ക് വേണ്ടി പണിയെടുക്കുന്നവര്‍, ജാഥ നയിച്ചവര്‍, കൊടികെട്ടിയവര്‍, കേസില്‍ അകപ്പെട്ടവര്‍, മര്‍ദ്ദനമേറ്റവര്‍ അങ്ങനെ പ്രവര്‍ത്തകരെ മറന്നു പോകുന്ന നേതാക്കള്‍ ഉണ്ടെങ്കില്‍ വരാനിരിക്കുന്ന കാലത്തെ ജനവിധിയും പ്രവര്‍ത്തക വികാരവും നിങ്ങള്‍ക്കെതിരാവും എന്നാണ് മുന്നറിയിപ്പ്. പ്രവര്‍ത്തകരെ സംരക്ഷിക്കേണ്ടത് അവര്‍ക്ക് തണലാവേണ്ടത് നേതാക്കളും മുന്നണിയുമാണ്. അതില്ലാതായാല്‍ നഷ്ടപ്പെടുന്നത് പാര്‍ട്ടിയോടുള്ള വിശ്വാസമാണെന്നും പ്രമേയം ചൂണ്ടിക്കാട്ടുന്നു.
ഭരണത്തില്‍ സുതാര്യതയും നീതിയും ഉറപ്പുവരുത്താന്‍ സാധിക്കണം. ജനക്ഷേമപ്രവര്‍ത്തനവും ജനഹിതവും തിരിച്ചറിയണം ജനങ്ങള്‍ക്ക് വേണ്ടി നിലകൊള്ളാന്‍ കഴിയുന്ന നിലപാടുകള്‍ സ്വീകരിക്കണം. നേതാക്കള്‍ പാര്‍ട്ടി വേദികളില്‍ അഭിപ്രായം പറയുകയും പൊതുവിടങ്ങളില്‍ മാന്യത പുലര്‍ത്താന്‍ ശ്രമിക്കുകയും ചെയ്യണമെന്നും പ്രമേയം നിര്‍ദ്ദേശിക്കുന്നുണ്ട്.
Content Highlights: The Youth Congress Shoranur Assembly Committee has passed a political resolution opposing free travel accepted by Chief Minister V D Satheesan and Minister O J Janish. The resolution said those in positions of power must maintain public confidence in their integrity and avoid situations that could create unnecessary controversy or public doubt.