

പാലക്കാട്: സിപിഐഎമ്മിനെ പുകഴ്ത്തിയും വിമര്‍ശിച്ചും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സിപിഐഎമ്മാണ് പട്ടാമ്പിയിലെ വിജയത്തിന് പിന്നില്ലെന്ന് ബിനോയ് വിശ്വം പറഞ്ഞു. പാര്‍ട്ടിയില്ലാത്ത ഇടത്ത് സിപിഐ ജയിച്ചു. പട്ടാമ്പിയിലെ വിജയം മുഹമ്മദ് മുഹ്സിന്റേത് കൂടിയാണ്. മണ്ണാര്‍ക്കാട് പാര്‍ട്ടി ഉണ്ടെങ്കിലും പരാജയപ്പെട്ടെന്നും സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പാളിച്ചയുണ്ടായെന്നും അദ്ദേഹം സ്വയം വിമര്‍ശനമുന്നയിച്ചു. പിഎംശ്രീ, മദ്യനയം എന്നിവയില്‍ എല്‍ഡിഎഫിനെ രക്ഷിച്ചത് സിപിഐ ആണെന്ന് ബിനോയ് വിശ്വം ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പിന് ശേഷമുള്ള പാലക്കാട് ജില്ലാ പ്രവര്‍ത്തക യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സിപിഐഎമ്മിനെതിരെ രൂക്ഷ വിമര്‍ശനവും ബിനോയ് വിശ്വം ഉയര്‍ത്തി. സിപിഐ ഇല്ലായിരുന്നുവെങ്കില്‍ പിഎംശ്രീ വിഷയത്തില്‍ എല്‍ഡിഎഫിനെ സിപിഐഎം പണയപ്പെടുത്തുമായിരുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്. സിപിഐഎമ്മിനെ കൂടി രക്ഷിച്ചെടുത്തത് സിപിഐ ആണ്. പി എം ശ്രീ ആര്‍എസ്എസിന്റെ പരിപാടിയാണെന്നും കൂട്ടുനില്‍ക്കില്ലെന്നുമായിരുന്നു സിപിഐ നിലപാടെടുത്തത്. ഒടുവില്‍ സിപിഐ നിലപാടാണ് ശരിയെന്ന് സിപിഐഎമ്മിന്റെ കേന്ദ്രനേതൃത്വം തന്നെ പറഞ്ഞെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അന്ന് സിപിഐ നിലപാടെടുത്തതുകൊണ്ടാണ് എല്‍ഡിഎഫിന് ഇന്ന് തലയുയര്‍ത്തി നില്‍ക്കാന്‍ പറ്റുന്നത്.
അതേസമയം പ്രതിപക്ഷ ഉപ നേതാവ് പദവിയില്‍ നിന്ന് പിന്നോട്ടില്ലെന്ന് ബിനോയ് വിശ്വം ആവര്‍ത്തിച്ചു. എല്‍ഡിഎഫ് രാഷ്ട്രീയത്തിന്റെ ശരികളെ പറ്റിയുള്ള ബോധ്യം സിപിഐക്കുണ്ട്. അതുകൊണ്ടാണ് പിഎംശ്രീയിലടക്കം ആ നിലപാട് സ്വീകരിച്ചത്. എല്‍ഡിഎഫില്‍ പുതിയ പ്രവര്‍ത്തനശൈലി കാലം ആവശ്യപ്പെടുന്നുണ്ട്. എല്‍ഡിഎഫിന്റെ പ്രവര്‍ത്തനശൈലിയില്‍ പുത്തന്‍ സംസ്‌കാരം വേണമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി.
പുത്തന്‍ സംസ്‌കാരത്തിനായി കൂട്ടായ്മയും പങ്കുവയ്ക്കലും ഒരുമയും വേണം എന്നാണ് സിപിഐ നിലപാട്. അല്ലാതെ പ്രതിപക്ഷ ഉപ നേതാവ് പദവി മഹാപദവി ആയതുകൊണ്ട് അല്ല. അത് മഹാപദവി അല്ലെന്ന് സിപിഐക്ക് അറിയാം. ആ പദവി ആവശ്യപ്പെട്ടത് വെറുതെയല്ലെന്നും ആവശ്യം സിപിഐയുടെ ഉറച്ച അഭിപ്രായമാണെന്നും ബിനോയ് വിശ്വം പറഞ്ഞു. ആവശ്യത്തില്‍ നിന്ന് പിറകോട്ട് ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlights: CPI state secretary Binoy Viswam said CPM played a role in the LDF’s victory in Pattambi and described the result as also belonging to Mohammed Muhsin. He noted that CPI won where the party organisation was absent, while acknowledging the setback in Mannarkkad and admitting shortcomings in candidate selection. Binoy Viswam also said CPI had helped the LDF on issues including PM SHRI and the liquor policy.