

കോഴിക്കോട്: തൃശ്ശൂരിലെ കായികമേളയ്ക്കിടെ ഉണ്ടായ അപകടത്തിന്റെ കാരണം അപ്രതീക്ഷിതമായുണ്ടായ മഴയും കാറ്റും ആണെന്ന് ന്യായീകരിച്ച് വിദ്യാഭ്യാസമന്ത്രി എന്‍ ഷംസുദ്ദീന്‍. ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച വന്നിട്ടുണ്ടെങ്കില്‍ പരിശോധിക്കും. മോശമായി ചിത്രീകരിക്കാന്‍ ചിലര്‍ക്ക് താല്പര്യമുണ്ട്. അപൂര്‍വ്വമായുണ്ടാകുന്ന സാഹചര്യത്തെ ആഘോഷിക്കുന്നത് ശരിയല്ലെന്നും മന്ത്രി കുറ്റപ്പെടുത്തി. വിവിധ സ്ഥലങ്ങളില്‍ മത്സരം ക്രമീകരിച്ചത് അടിസ്ഥാന സൗകര്യം പരിഗണിച്ചാണ്. മത്സരങ്ങള്‍ നടത്താന്‍ പ്രാപ്തമായ സ്ഥലങ്ങളെയാണ് തെരഞ്ഞെടുക്കാനുള്ളത്. അതില്‍ നീന്തല്‍ മത്സരങ്ങള്‍ നടക്കുന്ന അക്വാട്ടിക്ക് കോംബ്ലക്‌സില്‍ മാത്രമാണ് പ്രശ്‌നമുണ്ടായതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
കാലാവസ്ഥാ പ്രവചനങ്ങള്‍ കൃത്യമായി നിരീക്ഷിക്കണമെന്ന നിര്‍ദേശം നല്‍കി. അടുത്ത മണിക്കൂറുകളില്‍ വരെയുള്ള കാലാവസ്ഥ ഇത്തരം മത്സരങ്ങള്‍ നടക്കുമ്പോള്‍ നിരീക്ഷിക്കും. മത്സരങ്ങള്‍ മാറ്റിവച്ചതിലെ പ്രയാസം പരിഹരിക്കാനുള്ള നടപടി ഉണ്ടാകും. മത്സരിക്കാനുള്ള കുറച്ച് കുട്ടികള്‍ക്ക് പരിക്കുപറ്റിയതാണ് മത്സരം മാറ്റിവെക്കാന്‍ കാരണം. ഉടന്‍ തന്നെ അത് പൂര്‍ത്തിയാക്കാനുള്ള നടപടികള്‍ സ്വീകരിക്കും. സംഘാടക സമിതികള്‍ വിളിച്ച് ചേര്‍ക്കുന്നതില്‍ പോരായ്മ ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കും. ഓരോ സ്ഥലത്തും പ്രാദേശികമായി വലിയ സംഘാടകസമിതികള്‍ കഴിഞ്ഞ കാലങ്ങളിലും ഉണ്ടാക്കിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു. പൊലീസ് കേസ് എടുക്കേണ്ടതാണെന്നും അതുമായി ബന്ധപ്പെട്ട കാര്യങ്ങളും പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച പറ്റിയെന്നും പരിപാടിയില്‍ കൂടിയാലോചന ഉണ്ടായില്ലെന്നുമാണ് കായിക മന്ത്രി ഒ ജെ ജനീഷ് വ്യക്തമാക്കിയിരുന്നു. സ്ഥലം എംഎല്‍എയും മോയറുമടക്കം സമാന പ്രശ്‌നം ഉന്നയിച്ചിരുന്നു. എന്നാല്‍ അതില്‍ നിന്ന് വ്യത്യസ്തമായാണ് വിദ്യാഭ്യാസ മന്ത്രിയുടെ പ്രതികരണം ഉണ്ടാകുന്നത്. ഉദ്യോഗസ്ഥ വീഴ്ച ഉണ്ടായി എന്ന് സ്ഥിരീകരിക്കാന്‍ മന്ത്രി തയ്യാറായിട്ടില്ല. അപ്രതീക്ഷിതമായി സംഭവിച്ച അപൂര്‍വമായ കാലാവസ്ഥാ പ്രശ്‌നം മാത്രണാണ് പ്രശ്‌നം എന്നാണ് അദ്ദേഹം പറയുന്നത്.
അതേസമയം സ്‌കൂള്‍ കായികമേളയ്ക്കിടെ പരിക്കേറ്റ നീന്തല്‍ താരത്തിന് ചികിത്സ ലഭിച്ചില്ലെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്. മാവൂര്‍ ജിഎച്ച്എസ്എസിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി വിനായക് ഗിരീഷിന് കാലിനാണ് പരിക്കേറ്റത്. സംഘാടകര്‍ മെഡിക്കല്‍ സൗകര്യം ഒരുക്കിയില്ലെന്ന് സഹോദരന്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞു. മെഡിക്കല്‍ സൗകര്യം ആവശ്യപ്പെട്ടപ്പോള്‍ അസഭ്യ വര്‍ഷം നടത്തിയെന്നാണ് ആരോപണം. കോഴിക്കോട് നിന്ന് പോയ വിദ്യാര്‍ത്ഥികള്‍ക്ക് ടീം മാനേജര്‍ ഉണ്ടായിരുന്നില്ലെന്നും ആരോപണമുണ്ട്. ഭക്ഷണവും താമസവുമടക്കം ഉണ്ടായിരുന്നില്ലെന്നും വിദ്യാര്‍ത്ഥി പറയുന്നു. കുട്ടികള്‍ക്ക് മൃഗശാലയില്‍ കിടന്നുറങ്ങേണ്ടി വന്നെന്ന ഗുരുതരമായ ആക്ഷേപവും കായികമേളയുടെ സംഘാടകര്‍ക്കെതിരെ വിദ്യാര്‍ത്ഥികള്‍ ഉന്നയിക്കുന്നുണ്ട്.
Content Highlights: Education Minister N Shamsudheen attributed the incident during the sports meet in Thrissur to unexpected rain and strong winds. He said any lapses by officials would be examined and noted that competitions were arranged at different venues based on available infrastructure, with the issue occurring at the Aquatic Complex where swimming events were being held.