

കണ്ണൂര്‍: സംസ്ഥാനത്ത് സിപിഐഎം കോണ്‍ഗ്രസ് സംഘര്‍ഷം രൂക്ഷമായതിന് പിന്നാലെ കണ്ണൂരില്‍ വീണ്ടും ആക്രമണം. തളിപ്പറമ്പില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ വാഹനം അടിച്ച് തകര്‍ത്തു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി രാഹുല്‍ വെച്ചിയോട്ടിന്റെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. തളിപ്പറമ്പ് തൃച്ചംബരത്തെ വീട്ടില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന്റെ ചില്ലുകള്‍ അടിച്ച് തകര്‍ക്കുകയായിരുന്നു. സംഭവത്തിന് പിന്നില്‍ ഡിവൈഎഫ്‌ഐ ആണെന്ന് യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു. സംഭവസ്ഥലം ഡിവൈഎസ്പി ഉള്‍പ്പെടെ സന്ദര്‍ശിച്ചു. ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് യൂത്ത് കോണ്‍ഗ്രസ് പൊലീസിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
ശ്രീകണ്ഠാപുരം നഗരസഭാ ചെയര്‍മാന്‍ ഇ വി രാമകൃഷ്ണനെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചതില്‍ പ്രതിഷേധിച്ച് ഇന്ന് ശ്രീകണ്ഠാപുരം നഗരസഭാ പരിധിയിൽ യൂത്ത് കോണ്‍ഗ്രസ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ വാഹനങ്ങള്‍ തടയില്ല എന്നാണ് യൂത്ത് കോണ്‍ഗ്രസ് അറിയിച്ചിരിക്കുന്നത്. സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതിനാല്‍ പ്രദേശത്ത് പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. ഇതിനിടെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
തിരുവനന്തപുരം യൂണിവേഴ്‌സിറ്റി ഹോസ്റ്റലില്‍ യൂത്ത്‌കോണ്‍ഗ്രസും എസ്ഫ്‌ഐയും തമ്മില്‍ ഉണ്ടായ സംഘര്‍ഷത്തിന് പിന്നാലെ സംസ്ഥാനത്ത് വ്യാപകമായി സിപിഐഎം കോണ്‍ഗ്രസ് സംഘര്‍ഷം രൂക്ഷമാണ്. മന്ത്രി ഒ ജെ ജനീഷ് അടക്കം ഉള്ളവരെ നിരവധി തവണ റോഡില്‍ തടയുന്ന സമീപനം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരില്‍ നിന്നുണ്ടായിരുന്നു. പാര്‍ട്ടി ഓഫീസുകള്‍ക്ക് നേരെയും നേതാക്കളുടെ വീടിന് നേരയും പലയിടങ്ങളില്‍ ആക്രമണം ഇരു വിഭാഗത്തില്‍ല നിന്നും ഉണ്ടായി. പ്രതിഷേധങ്ങള്‍ ഏറ്റുമുട്ടലിലേക്ക് കടക്കുന്നതിനാല്‍ വലിയ ജാഗ്രതയാണ് പൊലീസിന്റെ ഭാഗത്ത് നിന്നുള്ളത്.
Content Highlights: A vehicle parked at the Thrichambaram residence of Youth Congress state general secretary Rahul Vechiyott in Thaliparamba was damaged. Youth Congress alleged that DYFI was behind the incident and demanded strong action from the police. A DySP and other officials visited the location as part of the police response.