ജയിലുകൾ നിറയ്ക്കും, സിജെപി സമരം വ്യാപിപ്പിക്കും: മുംബൈയ്ക്ക് പിന്നാലെ ജന്തർ മന്തറിലേക്കെന്ന് അഭിജീത് ദീപ്‌കെ

ഗ്യാനേഷ് കുമാറിനെ പുറത്താക്കിയില്ലെങ്കില്‍ രാജ്യമൊട്ടാകെ സമരപരിപാടികള്‍ നടത്തുമെന്നും ജയിലുകള്‍ നിറയ്ക്കുമെന്നും ദീപ്‌കെ മുന്നറിയിപ്പ് നല്‍കി

ജയിലുകൾ നിറയ്ക്കും, സിജെപി സമരം വ്യാപിപ്പിക്കും: മുംബൈയ്ക്ക് പിന്നാലെ ജന്തർ മന്തറിലേക്കെന്ന് അഭിജീത് ദീപ്‌കെ
dot image

ന്യൂഡല്‍ഹി: ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള സിജെപിയുടെ പ്രക്ഷോഭം രണ്ടാം ഘട്ടത്തിലേക്ക് കടക്കുമെന്ന് അഭിജീത് ദീപ്‌കെ. രാജ്യവ്യാപക പ്രതിഷേധം മുംബൈക്ക് ശേഷം ഇനി ഡല്‍ഹി ജന്തര്‍ മന്തറിലേക്ക് വ്യാപിപ്പിക്കും. ബെംഗളൂരു, ഗോവ, കൊല്‍ക്കത്ത, പട്‌ന, റാഞ്ചി എന്നിവിടങ്ങളിലേക്ക് സമരം വ്യാപിപ്പിച്ച് ഒടുവില്‍ ഈ മാസം അവസാനത്തോടെ ജന്തര്‍ മന്തറില്‍ സമാപിക്കുമെന്ന് സിജെപി വ്യക്തമാക്കിയിരിക്കുന്നത്. മുംബൈ ശിവാജി പാര്‍ക്കില്‍ നടന്ന പ്രതിഷേധ സംഗമത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് സിജെപി സ്ഥാപകന്‍ അഭിജീത് ദീപ്‌കെ ഉന്നയിച്ചത്.

ഗാന്ധിജിയും നെഹ്റുവും അംബേദ്കറും മഹാന്മാരായത് തിരഞ്ഞെടുപ്പ് ജയിച്ചതുകൊണ്ടല്ലെന്നും, അവര്‍ക്കൊപ്പമെത്താന്‍ മോദിക്കാകില്ലെന്നും അദ്ദേഹം തുറന്നടിച്ചു. ഗ്യാനേഷ് കുമാറിനെ പുറത്താക്കിയില്ലെങ്കില്‍ രാജ്യമൊട്ടാകെ സമരപരിപാടികള്‍ നടത്തുമെന്നും ജയിലുകള്‍ നിറയ്ക്കുമെന്നും ദീപ്‌കെ മുന്നറിയിപ്പ് നല്‍കി.

രാജ്യത്തെ ജനാധിപത്യം വലിയ ഭീഷണി നേരിടുകയാണ്. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം ആരംഭിച്ച എസ്‌ഐആര്‍ നടപടിയിലൂടെ രാജ്യത്തുടനീളം വോട്ടര്‍പട്ടികയില്‍ നിന്ന് നിരവധി പേരുകള്‍ നീക്കം ചെയ്തു. ഇത് ആകെ വോട്ടര്‍മാരുടെ ഏകദേശം 13, 14 ശതമാനത്തോളം വരും. 2024ല്‍ എന്‍ഡിഎയും പ്രതിപക്ഷവും തമ്മിലുള്ള വോട്ട് വിഹിതത്തിലെ വ്യത്യാസം ഏകദേശം രണ്ട് ശതമാനം മാത്രമായതിനാല്‍ ഇത്രയും വലിയ മാറ്റം തെരഞ്ഞെടുപ്പ് ഫലങ്ങളെ സ്വാധീനിക്കാന്‍ കഴിയുന്നതാണെന്നും ദീപ്‌കെ പറഞ്ഞു.

ഡല്‍ഹിയില്‍ അരവിന്ദ് കെജ്രിവാളിന്റെ മണ്ഡലത്തില്‍ നിന്ന് 40,000 വോട്ടുകള്‍ നീക്കം ചെയ്തതായി അദ്ദേഹം ആരോപിച്ചു. ഇവിടെ 4,000 മുതല്‍ 5,000 വോട്ടിന്റെ നേരിയ വ്യത്യാസത്തിലാണ് കെജ്രിവാള്‍ പരാജയപ്പെട്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തമിഴ്‌നാട്ടില്‍ ഒരു ലക്ഷം വോട്ടുകളും പശ്ചിമ ബംഗാളില്‍ 50,000 വോട്ടുകളും നീക്കം ചെയ്തതായും ദീപ്‌കെ ആരോപിച്ചു.

മുംബൈയിലെ പ്രതിഷേധത്തില്‍ നടി ഷബാന ആസ്മി, മഹാത്മാഗാന്ധിയുടെ കൊച്ചുമകന്‍ തുഷാര്‍ ഗാന്ധി എന്നിവരും പങ്കെടുത്തു. യുവാക്കളുടെയും വലിയ പിന്തുണ പ്രതിഷേധത്തിന് ലഭിച്ചു. ശിവസേന-ഉദ്ദവ് താക്കറേ വിഭാഗവും പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ചു. പാര്‍ട്ടിയുടെ പ്രാദേശിക എംഎല്‍എ സാവന്ത് പ്രതിഷേധ വേദിയില്‍ ദീപ്‌കെയ്‌ക്കൊപ്പം പങ്കെടുത്തു. ബിജെപിക്ക് ശക്തമായ സ്വാധീനമുള്ള മണ്ഡലങ്ങളില്‍ സമാനമായ രീതിയിലുള്ള വോട്ടര്‍പട്ടികയിലെ കുറവ് കാണാത്തത് എന്തുകൊണ്ടാണെന്നും ദീപ്‌കെ ചോദിച്ചു. പ്രതിപക്ഷം നേതൃത്വം നല്‍കുന്ന സംസ്ഥാനങ്ങളെ തിരഞ്ഞെടുത്ത് ലക്ഷ്യമിടുന്നുവെന്നും ദീപ്‌കെ ആരോപിച്ചു.

Content Highlights: CJP founder Abhijeet Dipke announced plans to expand the protest demanding CEC Gyanesh Kumar’s resignation from Mumbai to other cities, culminating at Jantar Mantar

dot image
To advertise here,contact us
dot image