മന്ത്രിക്കെതിരായ പ്രതിഷേധം; BJP പ്രവര്‍ത്തകര്‍ക്ക് ജാമ്യം, DYFI പ്രവര്‍ത്തകര്‍ റിമാൻഡിൽ, വിമര്‍ശനം ശക്തം

10 ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു

മന്ത്രിക്കെതിരായ പ്രതിഷേധം; BJP പ്രവര്‍ത്തകര്‍ക്ക് ജാമ്യം, DYFI പ്രവര്‍ത്തകര്‍ റിമാൻഡിൽ, വിമര്‍ശനം ശക്തം
dot image

കാസര്‍കോട്: കാസര്‍കോട് മന്ത്രി ഒ ജെ ജനീഷിനെതിരായ പ്രതിഷേധത്തിൽ കേസെടുത്ത കാസര്‍കോട് ഹൊസ്ദുര്‍ഗ് പൊലീസിനെതിരെ ഡിവൈഎഫ്‌ഐ രംഗത്ത്. കാഞ്ഞങ്ങാട്ടെ ബിജെപി പ്രതിഷേധത്തില്‍ എടുത്ത കേസില്‍ ജാമ്യമില്ലാ വകുപ്പുകളില്ല. മുഴുവന്‍ പ്രതികളേയും ജാമ്യത്തില്‍ വിടുന്ന സാഹചര്യമാണ് ഉണ്ടായത്. എന്നാല്‍ ഡിവൈഎഫ്‌ഐ പ്രതിഷേധത്തെ തുടര്‍ന്ന് എടുത്ത കേസില്‍ അഞ്ച് പേര്‍ റിമാൻഡിലാണ്. 10 ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. ബിഎന്‍എസ് 132, ഔദ്യോഗിക കൃത്യനിര്‍വഹണത്തില്‍ തടസം വരുത്തുക വകുപ്പ് ചുമത്തിയാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍കരെ ജയിലില്‍ അടച്ചത്. ഒരേ സ്വഭാവത്തില്‍ ഉണ്ടായ പ്രതിഷേധങ്ങളില്‍ രണ്ട് തരം കേസുകള്‍ എന്നാണ് ഉയരുന്ന വിമര്‍ശനം.

കാഞ്ഞങ്ങാട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തതില്‍ സംസ്ഥാന സര്‍ക്കാരിനെതിരെയും ഡിവൈഎഫ്‌ഐ വിമര്‍ശനം ഉയര്‍ത്തുന്നുണ്ട്. ഇടതുപക്ഷത്തെ തല്ലിയൊതുക്കാനുള്ള കരാര്‍ അമിത് ഷാ വി ഡി സതീശനെ ഏല്‍പിച്ചിരിക്കുന്നു എന്നാണ് സംഘടനയുടെ ആക്ഷേപം. കാര്‍ തടഞ്ഞ യുവമോര്‍ച്ചയെ കല്ലെറിയരുതെന്ന് കെ എം ഷാജി തന്നെ പറയുന്നു. മുമ്പ് പവര്‍കട്ടിനെതിരെ സമരം ചെയ്ത ഡിവൈഎഫ്‌ഐക്കെതിരെ പൊലീസ് കേസെടുത്തെങ്കിലും യുവമോര്‍ച്ചക്കെതിരെ കേസെടുക്കാന്‍ തയ്യാറായില്ലെന്നാണ് എഎ റഹീം പറഞ്ഞത്.

കാഞ്ഞങ്ങാട്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തതിന് പിന്നില്‍ ഡീലെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എം വിജിന്‍ എംഎല്‍എ റിപ്പോര്‍ട്ടറിനോട് പറഞ്ഞു. കേരളത്തില്‍ കേസ് എങ്ങനെ എടുക്കണം എന്ന് തീരുമാനിക്കുന്നത് നരേന്ദ്രമോദിയും ബിജെപിയുമാണ്. ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്താലും പൊലീസ് അവരെ സ്റ്റേഷനിലേക്ക് വിളിച്ച് ചായ നല്‍കി വിട്ടയക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. എന്നാല്‍, ഇതേ പൊലീസ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ വീടുകയറി അറസ്റ്റും ചെയ്യുകയാണ്. കേസെടുത്താലും തങ്ങള്‍ക്ക് പ്രശ്‌നമില്ലെന്നും പ്രതിഷേധം തുടരുമെന്നും എം വിജിന്‍ പറഞ്ഞു.

സംഭവത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് ചിന്താ ജെറോമും രംഗത്തെത്തി. ബിജെപിയുടെ സ്‌പോണ്‍സര്‍മാര്‍ക്ക് കേരള സര്‍ക്കാരുമായി ഏതെങ്കിലും തരത്തിലുള്ള ബന്ധമുണ്ടോയെന്നാണ് ചിന്തയുടെ ചോദ്യം. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ ജനാധിപത്യവിരുദ്ധമായി കൈകാര്യം ചെയ്യുമ്പോള്‍ ബിജെപി പ്രവര്‍ത്തകരോട് വാത്സല്യവും കരുണയുമാണെന്നും ചിന്താ ജെറോം റിപ്പോര്‍ട്ടറിനോട് പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ സംഘപരിവാര്‍ വിധേയത്വം വെളിവാകുന്ന ഒടുവിലെ ഉദാഹരണമാണ് കാഞ്ഞങ്ങട്ടെ കേസില്‍ പൊലീസ് സ്വീകരിക്കുന്ന ഇരട്ടത്താപ്പെന്ന് ഡിവൈഎഫ്‌ഐ കാസര്‍കോട് ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ടും വിമര്‍ശനമുയര്‍ത്തി.

കാസര്‍കോട് ജില്ലയില്‍ മാത്രം മന്ത്രി ഒ ജെ ജനീഷിനെതിരെ നാലിടത്താണ് പ്രതിഷേധമുണ്ടായത്. മന്ത്രിയുടെ രണ്ടാമത്തെ പരിപാടിയായിരുന്നു കാഞ്ഞങ്ങാട് വ്യാപാര ഭവനില്‍ നടന്നത്. ആ പരിപാടിക്ക് എത്തുന്നതിന് തൊട്ടുമുമ്പാണ് കാഞ്ഞങ്ങാട് പുതിയകോട്ടയില്‍ വെച്ച് പ്രതിഷേധങ്ങള്‍ ഉണ്ടായത്. യുവമോര്‍ച്ചയുടെയും ഡിവൈഎഫ്‌ഐയുടെയും പ്രതിഷേധങ്ങള്‍ ഏകദേശം ഒരേ സമയത്താണ് നടന്നത്. നൂറ് മീറ്റര്‍ അകലെ ആയിരുന്നു രണ്ട് പ്രതിഷേധങ്ങളും ഉണ്ടായിരുന്നത്. ആദ്യം മന്ത്രിയുടെ വാഹനം തടഞ്ഞ ബിജെപി ജനീഷിനെ കരിങ്കൊടി കാണിക്കുകയും വാഹനം തടഞ്ഞു വെക്കുകയും ചെയ്തിരുന്നു. പിന്നാലെ പൊലീസ് വാഹനം കടത്തിവിട്ടെങ്കിലും പൊലീസും പ്രവര്‍ത്തകരും തമ്മില്‍ പിന്നെയും കയ്യാങ്കളി ഉണ്ടായിരുന്നു. പിന്നാലെയാണ് ഡിവൈഎഫ്‌ഐ പ്രതിഷേധം ഉണ്ടായത്. അവിടെയും വാഹനം തയുകയും പൊലീസുമായി ഉന്തും തള്ളും ഉണ്ടാകുകയും ചെയ്തു. ഇരു സംഭവങ്ങളും ഒരേ സ്വഭാവത്തില്‍ ഉള്ളതായിട്ടും രണ്ട് ഗ്രാവിറ്റിയില്‍ ഉള്ള കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നാണ് ഡിവൈഎഫ്‌ഐ ഉയര്‍ത്തുന്ന ആക്ഷേപം.

Content Highlights: DYFI has raised criticism against Hosdurg Police over cases registered following protests in Kasaragod. The organisation alleged that BJP protesters in Kanhangad were not booked under non-bailable sections, while 10 DYFI workers were booked under BNS Section 132, with five reportedly remanded. DYFI questioned the difference in police action in protests of a similar nature.

dot image
To advertise here,contact us
dot image