'ഒന്നുമില്ലാത്തവർക്ക് LDF സർക്കാർ എല്ലാം ചെയ്തു; സര്‍ക്കാര്‍ മാറിയപ്പോള്‍ താമസക്കാരുടെ അഭിപ്രായവും മാറി'

സര്‍ക്കാര്‍ മാറിയപ്പോള്‍ താമസക്കാരുടെ അഭിപ്രായവും മാറിയെന്ന് മാക്‌സി വിമര്‍ശിച്ചു

'ഒന്നുമില്ലാത്തവർക്ക് LDF സർക്കാർ എല്ലാം ചെയ്തു; സര്‍ക്കാര്‍ മാറിയപ്പോള്‍ താമസക്കാരുടെ അഭിപ്രായവും മാറി'
dot image

കൊച്ചി: കൊച്ചി മുണ്ടംവേലിയിലെ ലൈഫ് മിഷന്‍ ഫ്‌ലാറ്റിന്റെ ദുര്‍ബലാവസ്തയുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരണവുമായി മുന്‍ എംഎല്‍എ കെ ജെ മാക്‌സി രംഗത്ത്. വളരെ മോശം സാഹചര്യങ്ങളില്‍ കഴിഞ്ഞിരുന്ന കുടുംബങ്ങള്‍ക്ക് താമസ സൗകര്യം ഒരുക്കാന്‍ തീരുമാനിച്ചത് എല്‍ഡിഎഫ് സര്‍ക്കാരാണ്. ഒന്നുമില്ലാത്തവര്‍ക്ക് എല്‍ഡിഎഫ് സര്‍ക്കാര്‍ എല്ലാം ചെയ്തു. എന്നാല്‍ സര്‍ക്കാര്‍ മാറിയപ്പോള്‍ താമസക്കാരുടെ അഭിപ്രായവും മാറിയെന്ന് മാക്‌സി വിമര്‍ശിച്ചു. സംഭവത്തില്‍ വിജിലന്‍സ് അന്വേഷണം നടക്കട്ടെ എന്നും ഇപ്പോള്‍ നടക്കുന്നത് രാഷ്ട്രീയ പകപോക്കലാണെന്നും അദ്ദേഹം ആരോപിച്ചു.

കൃത്യമായ പരിശോധനയുടെ അടിസ്ഥാനത്തിലാണ് പണികള്‍ ആരംഭിച്ചത്. പിന്നീട് അപാകതകള്‍ കണ്ടെത്തിയപ്പോള്‍ തന്നെ അത് പരിഹരിക്കാനുള്ള നടപടികള്‍ ആരംഭിച്ചിരുന്നു. ഫ്‌ലാറ്റ് സമുച്ചയം പൊളിക്കണമെന്ന മുഖ്യമന്ത്രി വി ഡി സതീശന്റെ ആവശ്യം രാഷ്ട്രീയ പ്രേരിതമാണെന്നും മുന്‍ എംഎല്‍എ കുറ്റപ്പെടുത്തി. ഫ്‌ലാറ്റിലെ പ്രശ്നങ്ങള്‍ പൊളിച്ചുകളയുന്നതിന് പകരം അറ്റകുറ്റപ്പണികളിലൂടെ പരിഹരിക്കാവുന്നതേയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ മാറിയതോടെ പുനരധിവാസം ആവശ്യപ്പെടുന്ന ഫ്‌ലാറ്റിലെ താമസക്കാര്‍ തങ്ങളുടെ നിലപാട് മാറ്റിയെന്നും, രാഷ്ട്രീയ മുതലെടുപ്പ് ലക്ഷ്യമിട്ട് അതില്‍ ചിലര്‍ കോണ്‍ഗ്രസ് നേതാക്കളെ സമീപിക്കുകയാണെന്നും മാക്സി ആരോപിച്ചു. യാഥാര്‍ഥ്യങ്ങള്‍ മനസ്സിലാക്കാതെയാണ് ഇത്രയും തുക മുടക്കി നിര്‍മിച്ച ഒരു കെട്ടിടം പൊളിച്ചുകളയണമെന്ന് ആവശ്യപ്പെടുന്നത്.

എല്‍ഡിഎഫ് സര്‍ക്കാര്‍ നിര്‍മിച്ചതെല്ലാം മോശമാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള ഗൂഢശ്രമമാണ് ഇതിനുപിന്നില്‍ നടക്കുന്നത്. എല്ലാവരും സുരക്ഷിതമായി ജീവിക്കണമെന്നാണ് ആഗ്രഹം. ഫ്‌ലാറ്റിലെ ചോര്‍ച്ചയുള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ പരിഹരിച്ച് അറ്റകുറ്റപ്പണികള്‍ നടത്താനുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോവുകയായിരുന്നു. ഫ്‌ലാറ്റ് പൊളിച്ചുകളയുകയല്ല, മറിച്ച് നിലവിലുള്ള പ്രശ്‌നങ്ങള്‍ ശാശ്വതമായി പരിഹരിക്കുകയാണ് വേണ്ടത്. നിര്‍മാണത്തില്‍ യഥാര്‍ഥത്തില്‍ എന്തെങ്കിലും അപാകതകളുണ്ടെങ്കില്‍ അതിന് ഉത്തരവാദികളായവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും കെ ജെ മാക്സി ആവശ്യപ്പെട്ടു.

അതേസമയം, മുണ്ടംവേലിയിലെ ലൈഫ് മിഷന്‍ ഫ്‌ലാറ്റുകളുടെ നിര്‍മാണത്തില്‍ കൊടിയ അഴിമതിയെന്ന് മുഹമ്മദ് ഷിയാസ് എംഎല്‍എ പറഞ്ഞും. ഫ്‌ലാറ്റ് ദുര്‍ബലമാണെന്ന് മദ്രാസ് ഐഐടി കണ്ടെത്തി. 17 കോടിക്ക് നിര്‍മിച്ച ഫ്‌ലാറ്റിന് 28 കോടിയുടെ അറ്റകുറ്റപ്പണി നടത്തി. വിജിലന്‍സ് അന്വേഷണം ഉണ്ടാകുമെന്നും എംഎല്‍എ വ്യക്തമാക്കി.

Content Highlights: Former MLA K J Maxi has responded to the controversy surrounding the condition of the Life Mission flats at Mundamveli in Kochi. He said the LDF government had taken the decision to provide housing for families living in difficult conditions and urged that a Vigilance inquiry be allowed to proceed. Maxi also alleged that the controversy was being used for political retaliation.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us