ജെയിൻ ഡീംഡ്-ടു-ബി യൂണിവേഴ്‌സിറ്റി നൽകിയ 'പ്രൊഫസർ ഓഫ് പ്രാക്ടീസ് പദവി' മുഖ്യമന്ത്രിക്ക് കെണിയാകും

ജെയിൻ യൂണിവേഴ്‌സിറ്റിയുടെ കച്ചവടത്തിന് സർക്കാർ ഒത്താശ ചെയ്യുന്നവെന്ന ആരോപണവും ശക്തമാണ്

ജെയിൻ ഡീംഡ്-ടു-ബി യൂണിവേഴ്‌സിറ്റി നൽകിയ 'പ്രൊഫസർ ഓഫ് പ്രാക്ടീസ് പദവി' മുഖ്യമന്ത്രിക്ക് കെണിയാകും
dot image

കൊച്ചി: ജെയിൻ ഡീംഡ്-ടു-ബി യൂണിവേഴ്സിറ്റി മുഖ്യമന്ത്രിക്ക് നൽകിയ 'പ്രൊഫസർ ഓഫ് പ്രാക്ടീസ്' പദവിയും പിന്നാലെ സർക്കാർ ജെയിൻ യൂണിവേഴ്‌സിറ്റിയുടെ ഡയറക്ടർക്ക് നൽകിയ പദവിയും വിവാദത്തിൽ. ഈ മാസം അഞ്ചിനായിരുന്നു ജെയിൻ യൂണിവേഴ്‌സിറ്റി ഡയറക്ടർ ടോം ജോസഫ് നേരിട്ടെത്തി മുഖ്യമന്ത്രി അടക്കം മൂന്ന് മന്ത്രിമാർക്ക് പദവി സമ്മാനിച്ചത്. പിന്നാലെ ഇക്കഴിഞ്ഞ 18ന് തൊഴിൽ വകുപ്പിന് കീഴിലെ കെഎഎസ്ഇയിൽ ഡയറക്ടറായി ടോം ജോസഫിനെ നിയമിച്ച് ഉത്തരവിറങ്ങുകയായിരുന്നു. വ്യാജ വിദ്യാഭ്യാസ യോഗ്യതാ സർട്ടിഫിക്കറ്റുകൾ ഉണ്ടാക്കിയ കേസിൽ പ്രതിയായ ടോം ജോസഫിന് സർക്കാർ പദവി അനുവദിച്ചത് റിപ്പോർട്ടർ ടിവിയാണ് ഇന്നലെ പുറത്തു കൊണ്ടുവന്നത്.

ജെയിൻ യൂണിവേഴ്‌സിറ്റി നൽകിയ 'പ്രൊഫസർ ഓഫ് പ്രാക്ടീസ് പദവി' മുഖ്യമന്ത്രിക്ക് കെണിയാകുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. പ്രൊഫസർ ഓഫ് പ്രാക്ടീസ് പദവിയുമായി ബന്ധപ്പെട്ടുള്ളത് മുഖ്യമന്ത്രിക്ക് പാലിക്കാൻ കഴിയാത്ത ചട്ടങ്ങളും വ്യവസ്ഥകളുമാണ്. ഈ പദവി വഹിക്കുമ്പോൾ അധ്യാപനം, കരിക്കുലം രൂപീകരണം അടക്കമുള്ള ചുമതലകൾ നിർവ്വഹിക്കണമെന്നാണ് വ്യവസ്ഥ. യുജിസി ചട്ടപ്രകാരം വേതനം വാങ്ങാനും വ്യവസ്ഥയുണ്ട്. എന്നാൽ ഈ വ്യവസ്ഥ പ്രകാരം മുഖ്യമന്ത്രി പ്രതിഫലം വാങ്ങിയാൽ 'ഓഫീസ് ഓഫ് പ്രോഫിറ്റ്' പ്രശ്‌നം വരും.

മുഖ്യമന്ത്രിക്ക് പ്രൊഫസർ ഓഫ് പ്രാക്ടീസ് പദവി നൽകിയതിന് പിന്നാലെ ജെയിൻ ഡയറക്ടർക്ക് കെഎഎസ്ഇയിൽ ഡയറക്ടറായി പദവി നൽകാനുള്ള സർക്കാർ തീരുമാനവും സംശയ നിഴലിലാണ്. ടോം ജോസഫിന് തൊഴിൽ-നൈപുണ്യ വകുപ്പിലെ കെഎഎസ്ഇയിൽ ഡയറർ സ്ഥാനം നൽകിയത് മുഖ്യമന്ത്രിക്ക് ജെയിൻ യൂണിവേഴ്‌സിറ്റി പദവി നൽകി രണ്ടാഴ്ചയ്ക്ക് ഇടയിലായിരുന്നു.

ജെയിൻ യൂണിവേഴ്‌സിറ്റിയുടെ കച്ചവടത്തിന് സർക്കാർ ഒത്താശ ചെയ്യുന്നവെന്ന ആരോപണവും ശക്തമാണ്. മുഖ്യമന്ത്രി വി ഡി സതീശന് പുറമെ രണ്ട് മന്ത്രിമാർ കൂടി ജെയിൻ യൂണിവേഴ്‌സിറ്റിയുടെ പ്രൊഫസർ ഓഫ് പ്രാക്ടീസ് സ്വീകരിച്ചിരുന്നു. മന്ത്രിമാരായ ഷിബു ബേബി ജോൺ, റോജി എം ജോൺ എന്നിവർക്കാണ് പദവി സമ്മാനിച്ചത്. എല്ലാവർക്കും പദവി സമ്മാനിച്ചത് ടോം ജോസഫാണ്.

ടോമിന്റെ ക്രിമിനൽ പശ്ചാത്തലം റിപ്പോർട്ടർ ടി വി നേരത്തെ പുറത്തുവിട്ടിരുന്നു. വ്യാജ വിദ്യാഭ്യാസ രേഖകൾ ഉണ്ടാക്കിയതിന് ടോം ജോസഫ് 2012ൽ അറസ്റ്റിലായിരുന്നു. പിന്നീട് ജാമ്യത്തിൽ ഇറങ്ങി പേര് പരിഷ്‌കരിച്ച് കേസിന് മറയിടാനായിരുന്നു ശ്രമം. കേസിലെ പേര് ടോം ബേബി എന്നായിരുന്നെങ്കിൽ പിന്നീട് പേര് മാറ്റി ടോം എം ജോസഫ് എന്നാക്കുകയായിരുന്നു. ജെയിൻ സർവകലാശാലാ തലപ്പത്ത് എത്തിയതിന് ശേഷമായിരുന്നു പേരുമാറ്റം. ഇതിൻ്റെ ചുവട് പിടിച്ചായിരുന്നു ടോം ജോസഫിൻ്റെ സർക്കാർ പദവിയിലേയ്ക്കുള്ള നിയമനം.

Content Highlights: The Professor of Practice position awarded to the Chief Minister by Jain Deemed to be University could create political and administrative complications

dot image
To advertise here,contact us
dot image