

കൊച്ചി: മുട്ടിൽ മരംമുറി കേസിൽ വനംവകുപ്പിന്റെ വാദങ്ങൾ പൊളിഞ്ഞു. വനഭൂമിയിൽ നിന്നാണ് മരം മുറിച്ചതെന്ന് വനം വകുപ്പിന് തെളിയിക്കാനായില്ല. മരം മുറിച്ചത് എവിടെ നിന്നാണെന്ന് കണ്ടെത്താനായില്ലെന്നാണ് വനംവകുപ്പ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിലുള്ളത്. വനത്തിൽ നന്ന് മരം മുറിച്ചതിനുള്ള വകുപ്പുകൾ ചുമത്തിയായിരുന്നു നേരത്തെ അഗസ്റ്റിൻ സഹോദരന്മാർക്കെതിരെ വനംവകുപ്പ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നത്.
അഞ്ച് വർഷത്തോളം എടുത്താണ് വനംവകുപ്പ് സുൽത്താൻ ബത്തേരി കോടതിയിൽ കുറ്റപത്രം നൽകിയത്. കുറ്റപത്രം നൽകാൻ ഇത്രയും വൈകിയത് എന്തുകൊണ്ടാണെന്ന് വനംവകുപ്പ് കോടതിയിൽ വ്യക്തമാക്കിയിട്ടില്ല. എഫ്ഐആറിൽ ചേർത്തിരിക്കുന്ന വകുപ്പുകൾ സാധൂകരിക്കുന്ന തെളിവുകൾ കണ്ടെത്താൻ കഴിയാത്തത് മൂലമാണ് കുറ്റംപത്രം സമർപ്പിക്കാൻ വൈകിയത്. കുറ്റപത്രം നൽകാതെ കേസ് നീട്ടാനുള്ള ശ്രമം ഹൈക്കോടതി തടയുകയായിരുന്നു. കുറ്റപത്രം ഉടൻ നൽകണമെന്ന് ഹൈക്കോടതി നിർദ്ദേശം നൽകിയതോടെയാണ് വനംവകുപ്പ് സുൽത്താൻ ബത്തേരി കോടതിയിൽ കുറ്റപത്രം സമർപ്പിക്കാൻ നിർബന്ധിതരായത്.
ഇതിനിടെ കൊച്ചി പടമുഗളിൽ നിന്ന് കണ്ടെത്തിയ മരം അഗസ്റ്റിൻ സഹോദരങ്ങളുടേത് തന്നെയെന്ന് പൊലീസിൻ്റെ പ്രത്യേക അന്വേഷണ സംഘം റിപ്പോർട്ട് നൽകിയിരുന്നു. മരം മുറിച്ചത് ജോസ്‌കുട്ടി അഗസ്റ്റിന്റെ ഭൂമിയിൽ നിന്നെന്നാണ് പൊലീസ് എസ്ഐടിയുടെ കണ്ടെത്തൽ. എസ്ഐടി സംഘം സുൽത്താൻ ബത്തേരി കോടതിയിൽ 2026ലാണ് റിപ്പോർട്ട് നൽകിയത്. മുറിച്ച മരങ്ങൾ വനഭൂമിയിൽ നിന്നുള്ളതാണോ എന്ന് കണ്ടെത്താൻ നടത്തിയ ഡിഎൻഎ റിപ്പോർട്ടും അഗസ്റ്റിൻ സഹോദരങ്ങൾക്ക് അനുകൂലാണ്. എസ്ഐടി റിപ്പോർട്ട് പുറത്ത് വന്നതോടെ മുട്ടിൽ മരം മുറിയുമായി ബന്ധപ്പെട്ട കള്ളപ്രചാരണം കൂടിയാണ് പൊളിഞ്ഞത്. വനം കൊള്ളനടന്നു എന്നാണ് അന്ന് മാധ്യമങ്ങൾ നടത്തിയ സംഘടിത പ്രചാരണം.
വനഭൂമിയിൽ നിന്ന് മരം മുറിച്ചതായി കുറ്റപത്രത്തിൽ വനംവകുപ്പിന് തെളിയിക്കാൻ കഴിയാതെ വന്നതോടെ അഗസ്റ്റിൻ സഹോദരങ്ങളെ റിമാൻഡ് ചെയ്യാനായി എഫ്ഐആറിൽ ആരോപിച്ച കുറ്റങ്ങൾ കൂടിയാണ് ചോദ്യം ചെയ്യപ്പെടുന്നത്. വനഭൂമിയിൽ നിന്ന് മരംമുറിച്ചുവെന്ന വാദമായിരുന്നു അഗസ്റ്റിൻ സഹോദരന്മാരുടെ മുൻകൂർ ജാമ്യം തടയാൻ നേരത്തെ വനംവകുപ്പ് ഹൈക്കോടതിയെ അറിയിച്ചിരുന്നത്. അഗസ്റ്റിൻ സഹോദരന്മാരെ അറസ്റ്റ് ചെയ്ത ഘട്ടത്തിൽ ഹൈക്കോടതിയിൽ ഉയർത്തിയ വാദങ്ങളാണ് സുൽത്താൻ ബത്തേരി കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ തെളിവില്ലാത്തതിനാൽ വനംവകുപ്പ് ഒഴിവാക്കിയിരിക്കുന്നത്.
സുൽത്താൻ ബത്തേരി കോടതിയിൽ സമർപ്പിച്ച വനംവകുപ്പിൻ്റെ കുറ്റപത്രപ്രകാരം ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതിയിലെ വഞ്ചനാകേസും ഇനി നിലനിൽക്കില്ലെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. വനത്തിലെ മരം വിറ്റ് വഞ്ചിച്ചു എന്നാണ് ചോറ്റാനിക്കര കോടതിയിലെ കേസ്.
Content Highlights: The Muttil tree felling case has dealt a setback to the Forest Department as it failed to establish that the trees were illegally cut from forest land