കറണ്ട് ചാര്‍ജ് കൂടുമോ കുറയുമോ? സ്വിച്ച് പലതവണ ഇടുന്നതിനെക്കുറിച്ച് ചില രഹസ്യങ്ങള്‍ അറിയാം

ഫാനിന്റെയും ലൈറ്റിന്റെയും കാര്യത്തില്‍ വൈദ്യുത ഉപയോഗം എങ്ങനെയാണ്

കറണ്ട് ചാര്‍ജ് കൂടുമോ കുറയുമോ? സ്വിച്ച് പലതവണ ഇടുന്നതിനെക്കുറിച്ച് ചില രഹസ്യങ്ങള്‍ അറിയാം
dot image

ആരെങ്കിലും മുറിയില്‍ നിന്ന് പുറത്തുപോകുമ്പോള്‍ ലൈറ്റും ഫാനും ഓഫ് ചെയ്യാറുണ്ട് അല്ലേ?. കുറച്ചുസമയത്തിന് ശേഷം വീണ്ടും റൂമിലേക്ക് തിരിച്ചെത്തുമ്പോള്‍ വീണ്ടും സ്വിച്ച് ഓണ്‍ ചെയ്യും. എന്നാല്‍ ഇങ്ങനെ ഇടയ്ക്കിടെ സ്വിച്ച് ഓഫ് ചെയ്യുകയും ഓണ്‍ ചെയ്യുകയും ചെയ്താല്‍ കറന്റ് കൂടുതല്‍ പോകുമോ?.

ഒരുപാട് തവണ സ്വിച്ച് ഓഫ് ചെയ്യുകയും ഓണ്‍ ചെയ്യുകയും ചെയ്യുന്നത് വൈദ്യുതി ഉപയോഗം കൂടുതലാക്കും. അതുകൊണ്ട് കുറച്ചുസമയത്തേക്ക് മാത്രം പുറത്ത് പോകേണ്ടി വന്നാല്‍ ഫാനും ലൈറ്റും ഓണാക്കി വയ്ക്കുന്നത് തന്നെയാണ് നല്ലത് എന്നൊരു ധാരണ പലര്‍ക്കുമുണ്ട്. എന്നാല്‍ യഥാര്‍ഥത്തില്‍ കാര്യം അങ്ങനെയാണോ?.

 turning a switch on and off increase the electric charge

സ്വിച്ച് ഓണ്‍ ചെയ്യുമ്പോള്‍ അധിക വൈദ്യുതി പോകുമോ?

ഒരു ഉപകരണം ഓണ്‍ ചെയ്യുമ്പോള്‍ ചെറിയ തോതില്‍ അധിക വൈദ്യുതി ആവശ്യമായി വരാം. ഇതിനെ 'സ്റ്റാര്‍ട്ടപ്പ്' അല്ലെങ്കില്‍ 'ഇന്റഷ് കറന്റ്' എന്ന് വിളിക്കാം. എന്നാല്‍ ഈ അധിക ഉപയോഗം വളരെ ചെറിയ സമയത്തേക്കും വളരെ കുറഞ്ഞ അളവിലുമാണ്. ഉപകരണം ആവശ്യമില്ലാത്ത സമയത്തും തുടര്‍ച്ചയായി പ്രവര്‍ത്തിപ്പിക്കുന്ന സമയത്തും ഉപയോഗിക്കുന്ന വൈദ്യുതിയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് വളരെ കുറവാണ്. അതിനാല്‍ ലൈറ്റും ഫാനും ആവശ്യമില്ലാത്തപ്പോള്‍ ഓഫ് ചെയ്യുന്നതാണ് വൈദ്യുതി ലാഭിക്കാന്‍ നല്ലത്.

ഫാനിന്റെ കാര്യത്തില്‍ എന്താണ് സംഭവിക്കുന്നത്?

ഫാന്‍ പ്രവര്‍ത്തിക്കുന്ന ഓരോ മണിക്കൂറിലും വൈദ്യുതി ഉപയോഗിക്കുന്നുണ്ട്. ഫാന്‍ കുറച്ച് സ്പീഡിലാണെങ്കിലും വൈദ്യുതി ഉപയോഗം പൂര്‍ണമായി ഇല്ലാതാകുന്നില്ല. അതുകൊണ്ട് മുറിയില്‍ ആരുമില്ലെങ്കില്‍ ഫാന്‍ ഓണാക്കി വയ്ക്കുന്നതില്‍ പ്രത്യേകിച്ച് കാര്യമില്ല. പുറത്തുപോകുമ്പോള്‍ ഫാന്‍ ഓഫ് ചെയ്യുന്നത് വൈദ്യുതി ഉപയോഗം കുറയ്ക്കും.

വീണ്ടും ഓണ്‍ ചെയ്യുമ്പോള്‍ കൂടുതല്‍ കറന്റ് പോകും എന്ന പേടിയില്‍ ഫാന്‍ വെറുതെ ഓണാക്കി വയ്‌ക്കേണ്ടതില്ല. പ്രത്യേകിച്ച് ദിവസവും മണിക്കൂറുകളോളം ഉപയോഗിക്കുന്ന ഫാനാണെങ്കില്‍ ആവശ്യമില്ലാത്ത സമയത്ത് ഓഫ് ചെയ്യുന്നത് വൈദ്യുതി ബില്‍ കുറയ്ക്കാന്‍ സഹായിക്കും.

 turning a switch on and off increase the electric charge

ലൈറ്റും ഇതുപോലെ തന്നെ

ലൈറ്റ് ഓണ്‍ ചെയ്തിട്ടാല്‍ വൈദ്യുതി ഉപയോഗിക്കും. ഓഫ് ചെയ്താല്‍ ഉപയോഗം നില്‍ക്കും. അതുകൊണ്ട് മുറിയില്‍ ആരുമില്ലെങ്കില്‍ ലൈറ്റ് ഓണാക്കി വയ്ക്കുന്നതിന് പകരം ഓഫ് ചെയ്യുന്നതാണ് ശരിയായ രീതി. 'ബ്യൂറോ ഓഫ് എനര്‍ജി എഫിഷ്യന്‍സി'യും ആവശ്യമില്ലാത്തപ്പോള്‍ ലൈറ്റുകള്‍ ഓഫ് ചെയ്യുന്നത് വൈദ്യുതി ലാഭിക്കാനുള്ള പ്രധാന മാര്‍ഗമായി നിര്‍ദേശിക്കുന്നുണ്ട്.
ഇക്കാലത്ത് വീടുകളില്‍ കൂടുതലായി ഉപയോഗിക്കുന്ന LED ലൈറ്റുകളിലും സ്വിച്ച് ഓണ്‍ ചെയ്യുമ്പോഴുള്ള ചെറിയ വൈദ്യുതി വര്‍ധനവ്, ലൈറ്റ് ദീര്‍ഘനേരം ഓണാക്കി വയ്ക്കുന്നതിലൂടെ ഉണ്ടാകുന്ന ഉപയോഗവുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ ചെറുതാണ്.

ഇടയ്ക്കിടെ ഓഫ്-ഓണ്‍ ചെയ്യുന്നത് നല്ലതാണോ?

വൈദ്യുതി ലാഭിക്കുന്ന കാര്യത്തില്‍ ആവശ്യമില്ലാത്തപ്പോള്‍ ഓഫ് ചെയ്യുന്നതാണ് നല്ലത്. എന്നാല്‍ ചില പഴയ തരത്തിലുള്ള ലൈറ്റുകളില്‍ നിരന്തരം ഓണ്‍-ഓഫ് ചെയ്യുന്നത് ലൈറ്റിന്റെ ആയുസിനെ ബാധിക്കാം. അതേസമയം, ഇന്ന് സാധാരണ വീടുകളില്‍ ഉപയോഗിക്കുന്ന LED ലൈറ്റുകള്‍ക്ക് ഈ പ്രശ്‌നം പഴയ CFL, ഫ്‌ളൂറസന്റ് ലൈറ്റുകളെ അപേക്ഷിച്ച് വളരെ കുറവാണ്.

ചെറിയ സമയം പുറത്തുപോകുമ്പോഴും ഓഫ് ചെയ്യണോ?

ഒരു മുറിയില്‍ നിന്ന് പുറത്തുപോകുമ്പോള്‍ കുറച്ച് നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ തിരിച്ചെത്തുന്ന സാഹചര്യമാണെങ്കില്‍ ഓരോ തവണയും സ്വിച്ച് ഇടുന്നതിലൂടെ ലഭിക്കുന്ന സാമ്പത്തിക ലാഭം വളരെ ചെറുതായിരിക്കും. പക്ഷേ മുറിയില്‍ ആരുമില്ലാത്ത സമയത്തും ഫാനും ലൈറ്റും തുടര്‍ച്ചയായി ഓടുന്നത് ശീലമാകുന്നുവെങ്കില്‍ ദിവസങ്ങള്‍ കഴിയുമ്പോള്‍ ആ ചെറിയ ഉപയോഗങ്ങള്‍ ചേര്‍ന്ന് വൈദ്യുതി ബില്ലില്‍ വ്യത്യാസമുണ്ടാക്കും.

 turning a switch on and off increase the electric charge

കറന്റ് ബില്‍ കുറയ്ക്കാനുള്ള ശരിയായ ശീലം?

  • ഫാനും ലൈറ്റും മാത്രമല്ല വീട്ടിലെ എല്ലാ വൈദ്യുത ഉപകരണങ്ങളെ സംബന്ധിച്ചും പ്രധാനപ്പെട്ട കാര്യം ആവശ്യമുള്ളപ്പോള്‍ മാത്രം ഉപയോഗിക്കുക എന്നതാണ്.
  • മുറിയില്‍ നിന്ന് പുറത്തുപോകുമ്പോള്‍ ലൈറ്റ് ഓഫ് ചെയ്യുക
  • ആരുമില്ലാത്ത മുറിയിലെ ഫാന്‍ ഓഫ് ചെയ്യുക
  • ഉപയോഗം കഴിഞ്ഞാല്‍ ആവശ്യമായ ഉപകരണങ്ങള്‍ ഓഫ് ചെയ്യുക
  • കൂടുതല്‍ സമയം ഉപയോഗിക്കുന്ന ഫാനുകള്‍ക്ക് ഊര്‍ജക്ഷമമായ മോഡലുകള്‍ പരിഗണിക്കാം
  • LED ലൈറ്റുകള്‍ ഉപയോഗിക്കുന്നത് സാധാരണ പഴയ ബള്‍ബുകളെക്കാള്‍ വൈദ്യുതി ഉപയോഗം കുറയ്ക്കാന്‍ സഹായിക്കും.

Content Highlights: Does switching it on and off frequently consume more electricity?

dot image
To advertise here,contact us
dot image