

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സ്‌പോണ്‍സര്‍ വിവാദത്തില്‍ യുഡിഎഫ് സര്‍ക്കാരിനെ വിമര്‍ശിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പുറത്ത് പേര് പറയാന്‍ കൊള്ളാതെ ഏതോ അതിസമ്പന്നന്മാരുടെ കയ്യില്‍ മുഖ്യമന്ത്രിയും സര്‍ക്കാരും അമര്‍ന്ന് പോയിരിക്കുന്നുവെന്ന് പറഞ്ഞാണ് അദ്ദേഹം പ്രതികരിച്ചത്. 'താന്‍ പോകുന്ന വഴിയേ പോകാന്‍ മറ്റു മന്ത്രിമാര്‍ക്ക് മുഖ്യമന്ത്രി സമ്മതം കൊടുത്തിരിക്കുകയാണ്. പണക്കാരെ കാണുമ്പോള്‍ കവാത്ത് മറക്കണം. അവര്‍ കൊടുക്കുന്ന വിമാനത്തിലോ കാറിലോ സഞ്ചരിക്കാം', എന്നും ബിനോയ് വിശ്വം പറഞ്ഞു.
സിപിഐ നേതാക്കള്‍ ആരില്‍ നിന്നും അവിഹിതമായി പണം വാങ്ങിയിട്ടുണ്ടാകില്ലെന്നും പാര്‍ട്ടി ഫണ്ടിലേക്ക് സമ്മേളനങ്ങളിലേക്കുമല്ലാതെ സിപിഐ നേതാക്കള്‍ ഫണ്ട് വാങ്ങില്ലെന്നും ബിനോയ് വിശ്വം വ്യക്തമാക്കി. എന്‍ ശശിധരരന്‍ കര്‍ത്തയുടെ ഡയറിയില്‍ സി കെ ചന്ദ്രപ്പന്റെയും പന്ന്യന്‍ രവീന്ദ്രന്റെയും പേരുണ്ടല്ലോ എന്ന് ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം പ്രതികരിച്ചത്. അതേസമയം, സിപിഐഎമ്മിനെ രാഷ്ട്രീയമായി കടന്നാക്രമിക്കാന്‍ വന്നാല്‍ സിപിഐ പ്രതിരോധിക്കുമെന്നും ബിനോയ് വിശ്വം പറഞ്ഞു. പിണറായി വിജയനെതിരായ എസ്‌ഐടി അന്വേഷണത്തില്‍ നോക്കട്ടെ എന്ന് മാത്രം ബിനോയ് വിശ്വത്തിന്റെ മറുപടി.
Content Highlights: CPI state secretary Binoy Viswam criticised the UDF government over the controversy surrounding sponsors for the Chief Minister and ministers.