

അങ്കമാലി: കെഎസ്ആര്‍ടിസിക്ക് ബസ് വാങ്ങി നല്‍കി അങ്കമാലി സ്വദേശി. ബസ്സിനായി 40 ലക്ഷം രൂപയുടെ ചെക്ക് മുഖ്യമന്ത്രിക്ക് കൈമാറി. ഹീമാന്‍ റോബോട്ടിക് കാര്‍ പാര്‍ക്കിങ് പ്രൈവറ്റ് ലിമിറ്റഡ് ഉടമ ജോസ് ആണ് ബസ് സമ്മാനിച്ചത്. കേരളത്തില്‍ ആദ്യമായാണ് ഒരു സ്വകാര്യ വ്യക്തിയോ സ്ഥാപനമോ കെഎസ്ആര്‍ടിസിക്ക് ബസ് വാങ്ങി നല്‍കുന്നതെന്ന് മന്ത്രി റോജി എം ജോണ്‍ പറഞ്ഞു.
ഏതെങ്കിലും വ്യക്തികള്‍ക്കോ കൂട്ടായ്മകള്‍ക്കോ സംഘടനകള്‍ക്കോ സര്‍ക്കാരിന് ബസുകള്‍ വാങ്ങി നല്‍കാമെന്ന് സര്‍ക്കാര്‍ അധികാരമേറ്റ സമയത്ത് അറിയിച്ചിരുന്നു. സര്‍ക്കാര്‍ ചെലവില്‍ പിന്നീട് അവര്‍ കൂടി ആഗ്രഹിക്കുന്ന റൂട്ടില്‍ സര്‍വീസ് നടത്താമെന്ന് ഗതാഗത മന്ത്രി സി പി ജോണ്‍ നേരത്തെ പറഞ്ഞിരുന്നു. അതിനെ തുടര്‍ന്നാണ് അങ്കമാലി സ്വദേശിയായ ജോസ് കെഎസ്ആര്‍ടിസിക്കു വേണ്ടി ബസ് വാങ്ങി നല്‍കിയിരിക്കുന്നത്. ഇന്ന് അദ്ദേഹം മുഖ്യമന്ത്രിയെ നേരില്‍കണ്ട് ബസ് നല്‍കുന്നതായുള്ള വിവരങ്ങള്‍ കൈമാറുകയായിരുന്നു. മറ്റു ചിലരും ബസുകള്‍ വാങ്ങിനല്‍കാന്‍ രംഗത്തെത്തിയെന്നാണ് വിവരം.
അങ്കമാലി ഡിപ്പോയില്‍ നിന്നാണ് ബസ് സര്‍വീസ് നടത്തുക. അതിരപ്പിള്ളി വിനോദസഞ്ചാര മേഖലയെ തെക്കന്‍ കേരളവുമായി ബന്ധിപ്പിക്കുന്ന രീതിയില്‍ റൂട്ട് വേണമെന്നാണ് ജോസിന്റെ ആവശ്യം. സര്‍ക്കാരിന്റെ നൂറുദിന കര്‍മപദ്ധതിയുടെ ഭാഗമായി, പൊതുഗതാഗത സൗകര്യം മെച്ചപ്പെടുത്തുന്നതിനായാണ് ബസുകള്‍ സ്പോണ്‍സര്‍ ചെയ്യാന്‍ കെഎസ്ആര്‍ടിസി അവസരമൊരുക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, സഹകരണ സ്ഥാപനങ്ങള്‍, കമ്പനികള്‍, ട്രസ്റ്റുകള്‍, സന്നദ്ധ സംഘടനകള്‍, ക്ലബ്ബുകള്‍, വാണിജ്യ വ്യവസായ സ്ഥാപനങ്ങള്‍, വ്യക്തികള്‍ എന്നിവര്‍ക്ക് പുറമെ കമ്പനികളുടെ സിഎസ്ആര്‍ ഫണ്ട് ഉപയോഗിച്ചും ബസുകള്‍ നല്‍കാം.
Content Highlights: Angamaly native Jose has donated ₹40 lakh towards a new KSRTC bus, with the service planned from Angamaly depot and a proposed route connecting Athirappilly with southern Kerala