

കൊച്ചി: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസിലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് കത്തില്‍ അന്വേഷണത്തിന് നിര്‍ദേശിച്ചത് സര്‍ക്കാരിനെതിരായ ജനവികാരങ്ങളില്‍ നിന്നും വാഗ്ദാന ലംഘനങ്ങളില്‍ നിന്നും യൂടേണുകളില്‍ നിന്നും ചര്‍ച്ചകള്‍ മാറ്റിമറിക്കാന്‍ ആണെന്ന് സിപിഐഎം നേതാവ് അഡ്വ. കെ എസ് അരുണ്‍ കുമാര്‍. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഉള്‍പ്പെടെ സിഎംആര്‍എല്ലില്‍ നിന്നും വാങ്ങിച്ചതും തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണത്തില്‍പ്പെടാത്തതുമായ തുക ഉള്‍പ്പെടെ അന്വേഷിക്കുമല്ലോയെന്നും അരുണ്‍ കുമാര്‍ ചോദിച്ചു. ലാവലിന്‍, നയതന്ത്ര ബാഗേജ് വഴി സ്വര്‍ണക്കടത്ത്, ബിരിയാണി ചെമ്പില്‍ സ്വര്‍ണക്കടത്ത്, ഈന്തപ്പഴത്തിന്റെ കുരുവിന്റെ ഉള്ളില്‍ ഉള്ള സ്വര്‍ണക്കടത്ത്, ഖുര്‍ആനിന്റെ ഉള്ളില്‍ വെച്ച് സ്വര്‍ണക്കടത്ത്, വടക്കാഞ്ചേരി ഫ്‌ളാറ്റ് അഴിമത് അടക്കം അന്വേഷിച്ച കേന്ദ്രത്തിൽ മുട്ടയിട്ടു തിരിച്ചുപോയ കാര്യം മറക്കരുതെന്നും കെ എസ് അരുണ്‍ കുമാര്‍ പരിഹസിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് സര്‍ക്കാര്‍ നീക്കത്തിനെതിരായ രൂക്ഷവിമര്‍ശനം.
രണ്ട് കമ്പനികള്‍ തമ്മില്‍ കരാറില്‍ ഒപ്പിട്ട് ബാങ്ക് അക്കൗണ്ട് വഴി ആദായനികുതി അടച്ച് കൈമാറിയ തുകയില്‍ സര്‍ക്കാരിന് എന്താണ് കാര്യമെന്നും അരുണ്‍ കുമാര്‍ ചോദിച്ചു. 'ആദ്യം ആദായനികുതി വകുപ്പിന്റെ അന്വേഷണം….. തുടര്‍ന്ന് എന്ററീം സെറ്റില്‍മെന്റ് ബോര്‍ഡ്…… പിന്നെ കമ്പനി കാര്യവകുപ്പിന്റെ രജിസ്ട്രാര്‍ ഓഫ് കമ്പനീസ് അന്വേഷണം…….പിന്നെ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്റെ വക അന്വേഷണം……. തുടര്‍ന്ന് ഇഡിവക അന്വേഷണം. സെലക്ടീവ് പ്രോസിക്യൂഷന്‍….. സെലക്ടീവ് ലീക്കേജുകള്‍. ഈ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ഒന്നും കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ ഇനി കേരള പോലീസ് അന്വേഷിച്ച് തെളിവ് കണ്ടെത്തണമത്രേ!', അരുണ്‍ കുമാര്‍ കുറിച്ചു.
അജ്ഞാതരായ ശതകോടീശ്വരന്മാരായ സുഹൃത്തുക്കളുടെ സൗജന്യ'സഹായങ്ങള്‍ക്കായി' മത്സരിക്കുന്ന മന്ത്രിസഭയാണിതെന്നും അരുണ്‍ കുമാര്‍ വിമര്‍ശിച്ചു. വിദേശയാത്ര പോയ മന്ത്രിമാര്‍ എവിടെയാണ് എന്ന് അവര്‍ക്ക് പോലും അറിയാത്ത സ്ഥിതിയാണ്. ഹെലികോപ്റ്റര്‍ യാത്രയിലെ കറക്കം കഴിഞ്ഞ് ഇപ്പോള്‍ ചാര്‍ട്ടേഡ് വിമാനത്തില്‍ കറങ്ങുന്ന മുഖ്യമന്ത്രി. കോടിക്കണക്കിന് രൂപയുടെ ആഢംബര കാര്‍ സ്വകാര്യ വ്യക്തി സ്‌പോണ്‍സര്‍ ചെയ്തപ്പോള്‍ എല്ലാം നിയമവും ധാര്‍മികതയും മറന്ന് അത് സ്വീകരിച്ച തദ്ദേശമന്ത്രി. ഒരു വര്‍ഷം എടുക്കാന്‍ കഴിയുന്ന കടം നാലുമാസം കൊണ്ട് എടുത്തു തീര്‍ത്ത് പൂവില്‍ നിന്ന് തേന്‍ കുടിക്കുന്ന ധനകാര്യ മന്ത്രിയായ മുഖ്യമന്ത്രി എന്നിവരാണ് കേരളത്തിലേതെന്നും അരുണ്‍ കുമാര്‍ വിമര്‍ശിച്ചു.
ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണ്ണരൂപം-
അജ്ഞാതരായ ശത കോടീശ്വന്മാരായ സുഹൃത്തുക്കളുടെ സൗജന്യ "സഹായങ്ങൾക്കായി " മത്സരിക്കുന്ന മന്ത്രി സഭ.
ശബരിമല ദർശനം കഴിഞ്ഞ് പുറത്തിറങ്ങിയ അയ്യപ്പന്മാർക്ക് അപ്പവും അരവണയും കിട്ടാത്തതിനാൽ അവർ കണ്ണീർ വാർത്ത് മലയിറങ്ങുന്നു.......
ഒന്നര മാസം മുൻപ് നടന്ന വെള്ളപ്പൊക്കത്തിൽ അടിയന്തര സഹായം പോലും കിട്ടാതെ ആലപ്പുഴ പത്തനംതിട്ട കോട്ടയം ജില്ലയിലെ ദുരിതബാധിതരായ ജനങ്ങൾ അവരുടെ ദുരന്ത കഥ മാധ്യമങ്ങൾക്ക് മുന്നിൽ വിവരിക്കുന്നു.....
വിദേശയാത്ര പോയ മന്ത്രിമാർ എവിടെയാണ് എന്ന് അവർക്ക് പോലും അറിയാത്ത സ്ഥിതി.......
ഹെലികോപ്റ്റർ യാത്രയിലെ കറക്കം കഴിഞ്ഞ് ഇപ്പോൾ ചാർട്ടേഡ് വിമാനത്തിൽ കറങ്ങുന്ന മുഖ്യമന്ത്രി........
കോടിക്കണക്കിന് രൂപയുടെ ആഡംബരക്കാർ സ്വകാര്യ വ്യക്തി സ്പോൺസർ ചെയ്തപ്പോൾ എല്ലാം നിയമവും ധാർമികതയും മറന്ന് അത് സ്വീകരിച്ച തദ്ദേശമന്ത്രി.......
ഒരു വർഷം എടുക്കാൻ കഴിയുന്ന കടം നാലുമാസം കൊണ്ട് എടുത്തു തീർത്ത് പൂവിൽ നിന്ന് തേൻ കുടിക്കുന്ന ധനകാര്യ മന്ത്രിയായ മുഖ്യമന്ത്രി.........
അധികാരത്തിൽ ഏറ്റാൻ വേണ്ടി കഠിനാധ്വാനം ചെയ്ത ചാനലുകൾ ഇന്നലെ മുതൽ ഈ വിഷയങ്ങൾ അടക്കം ഏറ്റെടുത്തപ്പോൾ തന്നെ തീരുമാനിച്ചിരുന്നു മാധ്യമങ്ങളുടെ ചർച്ച തിരിച്ചുവിടാനുള്ള ഗവൺമെന്റിന്റെ ഭാഗത്തുനിന്നുള്ള ഇടപെടൽ ഇന്ന് തന്നെ ഉണ്ടാകുമെന്ന്.......
ഗവൺമെൻറ് എതിരായിട്ടുള്ള ജനവികാരങ്ങളിൽ നിന്നും വാഗ്ദാന ലംഘനങ്ങളിൽ നിന്നും യൂടേണുകളിൽ നിന്നും ചർച്ചകൾ മാറ്റിമറിക്കണം.
അതിനായി ഇപ്പോഴിതാ ബ്രേയ്ക്കിംഗ് ന്യൂസ്.....
മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും ചർച്ച നടത്തി പിണറായി വിജയനും മുഹമ്മദ് റിയാസിനും എതിരെ അന്വേഷണം പ്രഖ്യാപിച്ചത്രേl.
ഏതാ കേസ്?
രണ്ടു കമ്പനികൾ തമ്മിൽ കരാറിൽ ഒപ്പിട്ട് ബാങ്ക് അക്കൗണ്ട് വഴി ആദായനികുതി അടച്ച്, ജി എസ് ടി അടച്ച്, ഐ ജി എസ് ടി അടച്ച് കൈമാറിയ തുകയിൽ ഗവൺമെൻറ് എന്ത് കാര്യം?
ഗവൺമെന്റിന് എന്ത് ലാഭം? ഗവൺമെന്റിന് എന്ത് നഷ്ടം?
ആദ്യം ആദായനികുതി വകുപ്പിന്റെ അന്വേഷണം..... തുടർന്ന് എന്ററീം സെറ്റിൽമെൻറ് ബോർഡ്...... പിന്നെ കമ്പനി കാര്യവകുപ്പിന്റെ രജിസ്ട്രാർ ഓഫ് കമ്പനീസ് അന്വേഷണം.......
പിന്നെ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷന്റെ വക അന്വേഷണം....... തുടർന്ന് ഇഡിവക അന്വേഷണം.
സെലക്ടീവ് പ്രോസിക്യൂഷൻ..... സെലക്ടീവ് ലീക്കേജുകൾ.
ഈ കേന്ദ്ര അന്വേഷണ ഏജൻസികൾ ഒന്നും കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിൽ ഇനി കേരള പോലീസ് അന്വേഷിച്ച് തെളിവ് കണ്ടെത്തണമത്രേ!
അത്ര രണ്ടു വിജിലൻസ് കോടതി, കേരളാഹൈക്കോടതി, സുപ്രീംകോടതിയും വിധി പറഞ്ഞ കേസ്. ഒരുതരത്തിലും ഗവൺമെൻറ് സി എം ആർ എൽ കമ്പനിക്കുവേണ്ടി നയാപൈസയുടെ ഉപകാരം ചെയ്തിട്ടില്ല എന്നും ഒരു കേസ് രജിസ്റ്റർ ചെയ്യാൻ ചെയ്തത് അന്വേഷിക്കാൻ പോലും യോഗ്യമായ പരാതിയല്ല ഈ വിഷയത്തിൽ ഉള്ളത് എന്നും രാജ്യത്തെ നീതിപീഠങ്ങൾ എല്ലാം കണ്ടെത്തിയ കേസ്.
തെളിവ് എവിടെ എന്ന് കോടതി ചോദിച്ചപ്പോൾ മനോരമയുടെയും മാതൃഭൂമിയുടെയും പത്രത്താളുകൾ കോടതികളിൽ ഹാജരാക്കിയ മാത്യു കുടൽനാടൻ...... അപ്പോൾ ഇനി ഈ കേസിനെക്കുറിച്ച് മിണ്ടിയാൽ പത്ത് ലക്ഷം രൂപ പിഴയിടും എന്ന് പ്രഖ്യാപിച്ച സുപ്രീം കോടതി.
ഇതേ ED തന്നെ ഇതേ പോലെ "അന്വേഷണ വിവരങ്ങൾ" കത്തുകൊടുത്തപ്പോൾ പരമോന്നത നീതിപീഠം വരെ ജുഡീഷ്യൽ സ്ക്രൂട്ടണി നടത്തിയ വിഷയത്തിൽ കേരള പോലീസിന് ഒന്നും ചെയ്യാൻ കഴിയില്ല എന്ന് മനസ്സിലാക്കി അന്വേഷണ ആവശ്യത്തെ തള്ളിക്കളഞ്ഞ സാഹചര്യവും നമ്മുടെ മുന്നിലുണ്ട്. പക്ഷേ കേരളത്തിലെ ഭരണം മാറി ഒരു സുവർണാവസരം വന്നിരിക്കുന്നു എന്ന് സംഘപരിവാർ നേതൃത്വം കൊടുക്കുന്ന ഇഡി മനസ്സിലാക്കിയപ്പോൾ തങ്ങളുടെ ആഗ്രഹം സഫലീകരിക്കാൻ പറ്റിയ ഒറ്റ ചങ്ങാതി കേരളം ഭരിക്കുന്നു എന്നതുകൊണ്ട് ഇഡി വീണ്ടും കത്തുമായി രംഗത്ത്. വാളയാർ ചെക്ക് പോസ്റ്റ് അപ്പുറത്തേക്ക് ഇഡിയെ കുറ്റം പറയുന്ന ചെന്നിത്തലയും വിഡി സതീശനും ഒരു കത്ത് കിട്ടിയ ഉടനെ അന്വേഷണവുമായി രംഗത്ത്....
അന്വേഷിക്കട്ടെ...... അന്വേഷിക്കട്ടെ....... തകർത്ത് അന്വേഷിക്കട്ടെ.
ലാവലിൻ, നയതന്ത്ര ബാഗേജ് വഴി സ്വർണ്ണക്കടത്ത്, ബിരിയാണി ചെമ്പിൽ സ്വർണം കടത്ത്, ഈന്തപ്പഴത്തിന്റെ കുരുവിന്റെ ഉള്ളിൽ ഉള്ള സ്വർണം കടത്ത്, ഖുർആനിന്റെ ഉള്ളിൽ വച്ച് സ്വർണം കടത്ത്, വടക്കാഞ്ചേരി ഫ്ലാറ്റ് അഴിമതി ഇതൊക്കെ അന്വേഷിച്ച കേന്ദ്രത്തിൽ മുട്ടയിട്ടു തിരിച്ചു പോയ കാര്യം മറക്കരുത്.
പിന്നെ മിസ്റ്റർ ചെന്നിത്തല, താങ്കൾ ഉൾപ്പെടെ സിഎംആർ എല്ലിൽ നിന്നും വാങ്ങിച്ചതും ഇലക്ഷൻ കമ്മീഷന്റെ കണക്കിൽ പെടുത്താത്തതുമായ ആ തുക ഉൾപ്പെടെ അന്വേഷിക്കുമല്ലോ അല്ലേ?
ഒരു കമ്പനി സേവനത്തിന് കൊടുത്ത പ്രതിഫലമായ തുക
ബാങ്ക് വഴി നൽകിയ ഒന്നേ
മുക്കാൽ കോടിയെ കുറിച്ച് അന്വേഷിക്കുമ്പോൾ....... ആ ഡയറിയിൽ ഉൾപ്പെട്ട ആ 181 കോടിയേ കുറിച്ച് അന്വേഷിക്കാൻ വിട്ടു പോകരുത് എന്ന് DGP യോട് ഓർമിപ്പിക്കണേ.....
Content Highlights: Adv K S Arun Kumar alleged that the CMRL-Exalogic ED inquiry discussion was aimed at diverting attention from public issues, promises and policy reversals