

തിരുവനന്തപുരം: ഇ ഡി കത്തിലെ അന്വേഷണത്തില്‍ പ്രതികരണവുമായി പി എ മുഹമ്മദ് റിയാസ് എംഎല്‍എ. ഒരു തരത്തിലുള്ള തെറ്റും ചെയ്തിട്ടില്ലെന്നും നല്ല ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകുമെന്നും റിയാസ് പറഞ്ഞു. തുടര്‍നടപടികള്‍ നിയമവിദഗ്ധരുമായി ചര്‍ച്ച ചെയ്യും. കേസിനെ നിയമപരമായി നേരിടുമെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോടായിരുന്നു റിയാസിന്റെ പ്രതികരണം.
'ഇന്ത്യയില്‍ പലയിടങ്ങളിലും ഇ ഡി പിന്തുടരുന്ന രീതിയെ ബിജെപി ഇതര രാഷ്ട്രീയപാര്‍ട്ടികള്‍ ശക്തമായി എതിര്‍ത്തിട്ടുണ്ട്. അങ്ങനെ മുന്‍പന്തിയില്‍ നിന്ന രാഷ്ട്രീയ പാര്‍ട്ടികളില്‍ ഒന്നാണ് കോണ്‍ഗ്രസ്. ആ കോണ്‍ഗ്രസ് നയിക്കുന്ന ഒരു സംസ്ഥാന സര്‍ക്കാര്‍ ഇ ഡി നല്‍കിയ റിപ്പോര്‍ട്ട് വിശ്വാസത്തിലെടുത്ത് അന്വേഷണത്തിന് തീരുമാനമെടുത്തത് സമൂഹം ചര്‍ച്ച ചെയ്യും. ഇതുമായി ബന്ധപ്പെട്ട് ഒരുപാട് വ്യാജ വാര്‍ത്തകള്‍ വന്നിട്ടുണ്ട്. അതിനെ നിയമപരമായി നേരിടും', മുഹമ്മദ് റിയാസ് പറഞ്ഞു. ഏതൊക്കെ തരത്തില്‍ എന്തൊക്കെ നീക്കങ്ങള്‍ നടത്തിയാലും പേടിക്കാനില്ല. ജീവിതത്തില്‍ ഇതുവരെ കാണാത്ത ആളെ വെച്ചുവരെ കഥ മെനഞ്ഞുവെന്നും റിയാസ് കൂട്ടിച്ചേര്‍ത്തു.
ഇ ഡി കത്തിന്റെ അടിസ്ഥാനത്തില്‍ കേസെടുക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതികരിച്ച് സിപിഐഎം ജനറല്‍ സെക്രട്ടറിയും രംഗത്തെത്തി. വിഷയത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്ന് എം എ ബേബി പറഞ്ഞു. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് എതിര്‍ പാര്‍ട്ടികളെ ഭീഷണിപ്പെടുത്തുതയാണ്. ഭീഷണികൊണ്ടോ വശീകരണം കൊണ്ടോ ബിജെപിയുടെ കൂട്ടുകക്ഷിയായി മാറുന്ന പാര്‍ട്ടിയല്ല സിപിഐഎം. അത് ബിജെപിക്ക് ഇനിയും മനസിലായിട്ടില്ല. കോണ്‍ഗ്രസ് കര്‍ണാടകയില്‍ അടക്കം ഇ ഡിയെ എതിര്‍ക്കുകയാണ്. കോണ്‍ഗ്രസിന്റ അഖിലേന്ത്യ നേതൃത്വം കേരളത്തിലെ സര്‍ക്കാര്‍ നിലപാടിനെ അംഗീകരിക്കുമോ എന്ന് അറിയണം. കേരളത്തിലെ സര്‍ക്കാര്‍ മോദിയുടെ വേട്ടയ്ക്ക് കൂട്ട് നില്‍ക്കുകയാണ്. പിണറായിയുടെ മകളായതുകൊണ്ടാണ് വീണ അടക്കമുള്ളവര്‍ക്കെതിരായ കേസെന്നും എം എ ബേബി പറഞ്ഞു.
Content Highlights- P A Mohammed Riyas said he had not committed any wrongdoing and would move forward with confidence regarding the investigation linked to the Enforcement Directorate’s letter