

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും രാത്രികാല വൈദ്യുതി നിയന്ത്രണമുണ്ടാകുമെന്ന് കെഎസ്ഇബി. 500 മെഗാവാട്ടിന്റെ കുറവ് പ്രതീക്ഷിക്കുന്നുണ്ടെന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ദീര്‍ഘകാല കരാറിന്റെ ഭാഗമായി ലഭിക്കേണ്ട 380 മെഗാവാട്ട് ഇന്ന് ലഭിക്കില്ലെന്നും കെഎസ്ഇബി വ്യക്തമാക്കി.
മധ്യപ്രദേശില്‍ നിന്നുള്ള സ്വാപ്പ് വഴിയുള്ള 200 മെഗാവാട്ടും മുടങ്ങും. പല ജില്ലകളിലും മഴയുണ്ടെങ്കിലും ഉപഭോഗത്തില്‍ കാര്യമായ കുറവില്ല. മഴയും പവര്‍ എക്‌സ്‌ചേഞ്ചില്‍ നിന്നുള്ള വൈദ്യുതി ലഭ്യതയും കാരണം ഇന്നലെ നിയന്ത്രണം വേണ്ടിവന്നില്ല. ഇന്ന് സമാനമായ സാഹചര്യമല്ല. വൈകിട്ട് 6.45 നും രാത്രി 12.45 നുമിടയില്‍ നിയന്ത്രണമുണ്ടാകുമെന്നും കെഎസ്ഇബി വ്യക്തമാക്കി.
ഇന്നലെ നേരിയ ആശ്വാസമായി മഴ എത്തിയതോടെ വൈദ്യുതി നിയന്ത്രണം വേണ്ടിവന്നിരുനിന്നില്ല. വൈദ്യുതി ഉപയോഗത്തില്‍ കുറവുവന്നെന്നും പീക്ക് ടൈം ആവശ്യകത കുറഞ്ഞെന്നും കെഎസ്ഇബി വ്യക്തമാക്കിയിരുന്നു. ആവശ്യമായ വൈദ്യുതി ലഭിച്ചതോടെയാണ് ഇന്നലത്തെ നിയന്ത്രണം ഒഴിവാക്കാനായത്. 12.45 വരെയും നിയന്ത്രണം വേണ്ടി വന്നില്ലെന്ന് കെഎസ്ഇബി അറിയിച്ചിരുന്നു.
20 ദിവസത്തിനിടെ നിയന്ത്രണം ഒഴിവായ നാലാം നാളായിരുന്നു ഇന്നലെ. സെപ്റ്റംബര്‍ ഒന്ന് മുതല്‍ 20 വരെയുള്ള ദിവസങ്ങളില്‍ ഏറ്റവും കുറവ് ഉപഭോഗം രേഖപ്പെടുത്തിയ ദിവസമായിരുന്നുവെന്നും കെഎസ്ഇബി അറിയിച്ചു.
Content Highlights: kseb power restriction night electricity control continues in kerala