ഹജ്ജ് ക്യാമ്പയിനുകളിൽ മാധ്യമപ്രവർത്തകർക്കും സെലിബ്രിറ്റികൾക്കും നിയന്ത്രണങ്ങളുമായി കുവെെറ്റ്

ഹജ്ജ് സീസണിൽ പങ്കെടുക്കുന്ന മാധ്യമപ്രവർത്തകർ നിർബന്ധമായും കുവെെറ്റിലെ ഔദ്യോ​ഗിക ഹജ്ജ് മിഷൻ മാധ്യമ സംഘത്തിന്റെ ഭാ​ഗമായിരിക്കണം

ഹജ്ജ് ക്യാമ്പയിനുകളിൽ മാധ്യമപ്രവർത്തകർക്കും സെലിബ്രിറ്റികൾക്കും നിയന്ത്രണങ്ങളുമായി കുവെെറ്റ്
dot image

ഹജ്ജ് ക്യാമ്പയിനുകളിലെ മാധ്യമപ്രവർത്തകരുടെയും സെലിബ്രിറ്റികളുടെയും പങ്കാളിത്തത്തിന് പുതിയ നിയന്ത്രണങ്ങളുമായി കുവൈറ്റ്. ഹജ്ജ് സീസണിൽ സൗദിയിൽ കഴിയുമ്പോൾ ഹജ്ജ് സേവന കമ്പനികളുടെ വാണിജ്യ പ്രചാരണത്തിനായി സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിനും വിലക്കേർപ്പെടുത്തി.

1448 ഹിജ്റ വർഷത്തെ ഹജ്ജ് സീസണിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചതിന് പിന്നാലെയാണ് കുവെെറ്റ് ഇസ്‌ലാമിക് അഫയേഴ്‌സ്‌ മന്ത്രാലയം ലൈസൻസുള്ള ഹജ്ജ് ഓപ്പറേറ്റർമാർക്ക് പുതിയ നിർദേശങ്ങൾ നൽകിയത്. ഹജ്ജ് സീസണിൽ പങ്കെടുക്കുന്ന മാധ്യമപ്രവർത്തകർ നിർബന്ധമായും കുവെെറ്റിലെ ഔദ്യോ​ഗിക ഹജ്ജ് മിഷൻ മാധ്യമ സംഘത്തിന്റെ ഭാ​ഗമായിരിക്കണം. എന്നാൽ ഇവരെ കുവെെറ്റിലെ ഹജ്ജ് കമ്പനികളുടെ ഭരണപരമോ സംഘടനാപരമോ ആയ ജീവനക്കാരായി ഉൾപ്പെടുത്തില്ല എന്നും അധികൃതർ അറിയിച്ചു. ഹജ്ജ് ക്യാമ്പയിനുകളോടൊപ്പം യാത്ര ചെയ്യുന്ന സെലിബ്രിറ്റികൾക്കും ഇതേ നിയന്ത്രണങ്ങൾ ബാധകമാണ്. ഹജ്ജ് സംഘങ്ങളോടൊപ്പം യാത്ര ചെയ്യുന്ന മാധ്യമപ്രവർത്തകരുടെയും പൊതുപ്രവർത്തകരുടെയും ഉത്തരവാദിത്തങ്ങളിൽ വ്യക്തമായ വേർതിരിവ് ഉറപ്പാക്കാനാണ് ഈ നടപടിയെന്നും മന്ത്രാലയം വ്യക്തമാക്കി.

ഹജ്ജ് സീസണിൽ സൗദിയിൽ കഴിയുന്ന മാധ്യമപ്രവർത്തകരും സെലിബ്രിറ്റികളും തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴി ഹജ്ജ് കമ്പനികളെ പ്രമോട്ട് ചെയ്യുന്നതിനും വിലക്കുണ്ട്. ഹജ്ജ് ക്യാമ്പയിനുകളോടൊപ്പം യാത്ര ചെയ്യുന്ന ജീവനക്കാരുടെ പട്ടിക തയ്യാറാക്കുമ്പോൾ പുതിയ നിബന്ധനകൾ പാലിക്കണമെന്നും എല്ലാ ജീവനക്കാരുടെയും ചുമതലകൾ നിലവിലുള്ള നിയമങ്ങൾക്ക് അനുസൃതമാണെന്ന് ഉറപ്പാക്കണമെന്നും ലൈസൻസുള്ള ഓപ്പറേറ്റർമാർക്ക് നിർദേശം നൽകി. നിയമലംഘനങ്ങൾ ഉണ്ടായാൽ ബന്ധപ്പെട്ട ഹജ്ജ് ഓപ്പറേറ്റർമാർ ഉത്തരവാദികളായിരിക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.

കുവൈറ്റ് ഹജ്ജ് അധികൃതരും സൗദി അധികൃതരും തമ്മിലുള്ള ഏകോപനത്തിന്റെ ഭാഗമായി ഹജ്ജ് ക്യാമ്പയിനുകൾ, തീർഥാടകർക്കുള്ള സേവനങ്ങൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട നടപടികൾ തുടരുകയാണ്. താമസം, ഗതാഗതം, മറ്റ് ക്രമീകരണങ്ങൾ എന്നിവ സംബന്ധിച്ച സൗദി നിയമങ്ങൾ ലൈസൻസുള്ള ഹജ്ജ് ഓപ്പറേറ്റർമാർ കൃത്യമായി പാലിക്കണമെന്ന് മന്ത്രാലയം നേരത്തെയും നിർദേശങ്ങൾ നൽകിയിരുന്നു.

Content Highlights: Kuwait has introduced new rules limiting the participation of journalists and celebrities in Hajj campaign operations and commercial promotion on social media.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us