

കൊച്ചി: പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട കേസിലെ ചോദ്യം ചെയ്യലുകള്‍ക്കായി പിഎസ്‌സി അംഗങ്ങള്‍ നേരിട്ട് ഹാജരാകുന്നതിനായി ഇന്ന് വീണ്ടും എസ്‌ഐടി നോട്ടീസ് നല്‍കും. പിഎസ്‌സിക്ക് പ്രത്യേക നിയമപരിരക്ഷ ഇല്ലെന്ന നിയമോപദേശത്തിന് പിന്നാലെയാണ് നടപടി. പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിന്റെ ഭാഗമായി ക്രൈംബ്രാഞ്ച് ഓഫീസില്‍ നേരിട്ട് ഹാജരാകാനാണ് നിര്‍ദേശം. ആദ്യം നോട്ടീസ് അയച്ച നാലുപേര്‍ക്ക് വീണ്ടും നോട്ടീസ് അയയ്ക്കും. അത് നിരസിച്ചാല്‍ വാറന്റിനായി കോടതിയെ സമീപിക്കാനാണ് എസ്‌ഐടിയുടെ തീരുമാനം. തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ഓഫീസില്‍ എത്താന്‍ കഴിയാത്ത പിഎസ്‌സിയിലെ മുതിര്‍ന്ന അംഗങ്ങള്‍ക്ക് അതാത് ജില്ലകളിലെ ക്രൈംബ്രാഞ്ച് ഓഫീസില്‍ ചോദ്യം ചെയ്യുന്നതില്‍ തടസ്സമില്ലെന്നും എസ്‌ഐടി വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം ക്രൈംബ്രാഞ്ച് ഓഫീസില്‍ ഹാജരാകണമെന്ന നിര്‍ദേശത്തെ ചോദ്യം ചെയ്ത് പിഎസ്‌സി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ആസൂത്രണ ബോര്‍ഡ് പരീക്ഷാ ക്രമക്കേട് കേസിലെ നോട്ടീസ് റദ്ദാക്കണമെന്നാണ് ആവശ്യം. ഇതിനിടെ ചോദ്യം ചെയ്യലിന് അംഗങ്ങള്‍ ക്രൈംബ്രാഞ്ച് ഓഫീസില്‍ നേരിട്ട് ഹാജരാകണമെന്ന നിയമോപദേശം എസ്‌ഐടിക്ക് ലഭിച്ചിരുന്നു. ചോദ്യം ചെയ്യലിനായി അന്വേഷണ സംഘം പിഎസ്സി ആസ്ഥാനത്ത് പോകേണ്ടന്നാണ് അന്വേഷണ സംഘത്തിന് നിയമോപദേശം ലഭിച്ചത്. പിഎസ്‌സി അംഗങ്ങള്‍ക്ക് പ്രത്യേക പരിരക്ഷ ഇല്ലെന്നും നിയമോപദേശത്തില്‍ വ്യക്തമാക്കിയിരുന്നു. അംഗങ്ങള്‍ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പറയുന്ന സ്ഥലത്ത് ചെല്ലണം എന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നത്.
ആസൂത്രണ ബോര്‍ഡിലെ പരീക്ഷാ തട്ടിപ്പുമായി ബന്ധപ്പെട്ട് പിഎസ്‌സിക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഉയര്‍ന്നത്. ഈ മാസം 15 മുതല്‍ പിഎസ്‌സി അംഗങ്ങളുടെ മൊഴിയെടുക്കാനായിരുന്നു ക്രൈംബ്രാഞ്ചിന്റെ തീരുമാനം. അന്വേഷണസംഘത്തിലെ എസ് പി സഖറിയയാണ് ചോദ്യം ചെയ്യലിനുള്ള നോട്ടീസ് നല്‍കിയത്. അംഗങ്ങളെ ചോദ്യം ചെയ്ത ശേഷം ചെയര്‍മാന്‍ എം ആര്‍ ബൈജുവിനെ ചോദ്യം ചെയ്യാനായിരുന്നു ക്രൈംബ്രാഞ്ചിന്റെ നീക്കം. എന്നാല്‍ ചോദ്യം ചെയ്യലിനായി ക്രൈംബ്രാഞ്ച് ആസ്ഥാനത്തേക്ക് പോകേണ്ടതില്ലെന്നാണ് പിഎസ്‌സി അംഗങ്ങള്‍ തീരുമാനം എടുത്തത്. നോട്ടീസ് ലഭിച്ചിട്ടും ഹാജരാകാന്‍ അംഗങ്ങള്‍ വിസമ്മതിച്ചിരുന്നു. അന്വേഷണ സംഘം ആസ്ഥാനത്തേക്ക് എത്തണമെന്നായിരുന്നു ഇവരുടെ ആവശ്യം.
Content Highlights: SIT will issue fresh notices to Kerala PSC members asking them to appear directly for questioning in the exam irregularities case