'നിയമോപദേശം ലാവ്‌ലിന്‍ കേസിന്റെ തുടര്‍ച്ച': കേസെടുത്താല്‍ രാഷ്ട്രീയമായും നിയമപരമായും നേരിടാന്‍ സിപിഐഎം

പുതിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്താമെന്നാണ് അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം

'നിയമോപദേശം ലാവ്‌ലിന്‍ കേസിന്റെ തുടര്‍ച്ച': കേസെടുത്താല്‍ രാഷ്ട്രീയമായും നിയമപരമായും നേരിടാന്‍ സിപിഐഎം
dot image

തിരുവനന്തപുരം: സിഎംആര്‍എല്‍- എക്‌സാലോജിക് സാമ്പത്തിക ഇടപാടിലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കത്തില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ യുഡിഎഫ് സര്‍ക്കാര്‍ കേസെടുക്കുമോ എന്നതില്‍ ആകാംക്ഷ. ആഭ്യന്തര സെക്രട്ടറിക്ക് ലഭിച്ച നിയമോപദേശം ഇന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് കൈമാറും. മുഖ്യമന്ത്രി വിഡി സതീശന്റെ നിലപാടാകും നിര്‍ണായകമാകുക. പുതിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്താമെന്നാണ് അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം.

അതേസമയം പിണറായിക്കെതിരെ കേസെടുത്താല്‍ രാഷ്ട്രീയമായും നിയമപരമായും നേരിടാനാണ് സിപിഐഎം തീരുമാനം. സിഎംആര്‍എല്‍ കേസില്‍ രമേശ് ചെന്നിത്തലയും കുഞ്ഞാലിക്കുട്ടിയും പണം വാങ്ങിയതിനെക്കുറിച്ച് നിയമോപദേശം നല്‍കിയിട്ടുണ്ടോ എന്ന് സിപിഐഎം കേന്ദ്രകമ്മറ്റിയംഗം ടി എം തോമസ് ഐസക് ചോദിച്ചു. പണം വാങ്ങിയെന്ന് സമ്മതിച്ച രണ്ട് മന്ത്രിമാര്‍ക്കെതിരെ അന്വേഷണം വേണമെന്നും തോമസ് ഐസക് റിപ്പോര്‍ട്ടറിനോട് പ്രതികരിക്കവെ ആവശ്യപ്പെട്ടു. രാഷ്ട്രീയ താല്പര്യത്തോടെയുള്ള നിയമോപദേശം ലാവലിന്‍ കേസിന്റെ തുടര്‍ച്ചയെന്നാണ് പി ജയരാജന്റെ പ്രതികരണം.

പണം വാങ്ങി എന്ന് സമ്മതിച്ച രണ്ടു മന്ത്രിമാര്‍ക്കെതിരെ അന്വേഷണം വേണ്ടേ എന്ന് ചോദിച്ച തോമസ് ഐസക്, ഇഡിയോടൊപ്പം ഒത്തുകളിക്കാനാണ് യുഡിഎഫ് തീരുമാനിച്ചിരിക്കുന്നതെന്നും വിമര്‍ശിച്ചു. 'വി ഡി സതീശന് അത്രയ്ക്ക് വിശ്വാസമാണ് ബിജെപിയിലും ഇ ഡിയിലും. സതീശന്‍ സര്‍ക്കാരിനെതിരെ വരുന്ന ജനരോഷത്തെ വഴിതിരിച്ചുവിടാനാണ് ഈ രാഷ്ട്രീയ ഇടപെടല്‍. എന്തോ വലിയ അഴിമതി നടന്നുവെന്ന പ്രതീതി സൃഷ്ടിക്കാനാണ് ശ്രമം. പിണറായി വിജയന്റെ മകള്‍ സര്‍വീസ് ഫീ ആയി വാങ്ങിയ പണത്തെ കുറിച്ചാണ് അന്വേഷണം നടക്കുന്നത്. ഈ പ്രശ്‌നം ഇവിടംകൊണ്ട് തീരാന്‍ പോകുന്നില്ല. രണ്ട് മാന്യമന്ത്രിമാരുടെയും അഴിമതി ശക്തമായി തുറന്നു കാണിക്കും', തോമസ് ഐസക് പറഞ്ഞു.

ഇപ്പോഴത്തെ സര്‍ക്കാര്‍ നിയോഗിച്ച അഡ്വക്കേറ്റ് ജനറലില്‍ നിന്ന് വ്യത്യസ്തമായ ഒരു നിയമപദേശം പ്രതീക്ഷിക്കുന്നില്ലെന്നാണ്, പിണറായിക്കും റിയാസിനും എതിരെ കേസെടുക്കാമെന്ന മറുപടിയില്‍ പി ജയരാജന്‍ പ്രതികരിച്ചത്. നിയമത്തേക്കാള്‍ ഉപരി രാഷ്ട്രീയപരമായ താല്‍പ്പര്യത്തോടെയാണ് ഇത്തരം ഉപദേശം നല്‍കുന്നത്. ലാവലിന്‍ കേസിന്റെ തുടര്‍ച്ചയായി മാത്രമേ ഇതിനെയും കാണാന്‍ കഴിയൂ. രാഷ്ട്രീയ പ്രേരിതമായ ഇ ഡി ആഖ്യാനത്തിന് സര്‍ക്കാര്‍ അനുമതി കൊടുക്കാനേ സാധ്യതയുള്ളൂ. ബിജെപിയെയും ആര്‍എസ്എസിനെയും തൃപ്തിപ്പെടുത്തുന്ന തരത്തിലുള്ള ഇടപെടലാണ് കേരള സര്‍ക്കാരിന്റേത്. കേന്ദ്രം ഭരിക്കുന്ന മോദിയുടെ പേരിലും സ്വാതന്ത്ര്യ സമരത്തെ ഒറ്റുകൊടുത്ത സവര്‍ക്കറുടെ പേരിലും ദാമോദര്‍ ഉണ്ട്. അതേപോലെ കേരള മുഖ്യമന്ത്രിയുടെ പേരിലും ദാമോദര്‍ ഉണ്ട്. ദാമോദര്‍ മാത്രമല്ല ദാമോദര മേനോന്‍. സംഘപരിവാറിന് കേരളത്തില്‍ പിടിമുറുക്കാന്‍ പരവതാനി വിരിക്കാനുള്ള ശ്രമത്തിലാണ് സതീശന്‍ സര്‍ക്കാര്‍.

സിഎംആര്‍എല്ലില്‍ നിന്ന് ഇപ്പോള്‍ ഭരിക്കുന്ന സര്‍ക്കാരിലെ രണ്ടു മന്ത്രിമാര്‍ ഫണ്ട് വാങ്ങിയിട്ടുണ്ട് എന്ന് അവര്‍ തന്നെ സമ്മതിച്ചു. അത് വെള്ളപ്പണം അല്ല കള്ളപ്പണമാണ്. അത് വാങ്ങിയ വിദ്വാന്മാര്‍ ഇപ്പോഴും സതീശന്റെ മന്ത്രിസഭയില്‍ ഇരിക്കുകയാണ്. അത് മൂടിവെച്ച് സിപിഐഎമ്മിനെ ജനമധ്യത്തില്‍ താറടിക്കാന്‍ ശ്രമിക്കുകയാണ്. പുകമറ ഉണ്ടാക്കി പിണറായി വിജയനെ താറടിച്ചു കാണിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. യുഡിഎഫിന്റെ ഭരണകാലം സംഘപരിവാറിന് വെടിമരുന്ന് ഉണ്ടാക്കാനുള്ള കാലമായിട്ടാണ് ബിജെപി കണക്കാക്കുന്നത്. 2031 ലെ തെരഞ്ഞെടുപ്പില്‍ കേരളം കീഴടക്കാനുള്ള തീരുമാനത്തിന്റെ മുന്നോടിയാണ് ഇത്', പി ജയരാജന്‍ പറഞ്ഞു.

Content Highlights: The CPM has decided to respond through political and legal channels if a case is registered against Pinarayi Vijayan. The party is preparing to address any such action on both fronts.

dot image
To advertise here,contact us
dot image