പൊലീസ് ന്യൂസ് റൂമില്‍ കടന്നുകയറുന്നത് അംഗീകരിക്കാനാകില്ല, വിഷയത്തെ ഗൗരവത്തോടെ കാണണം: എം വി ഗോവിന്ദന്‍

മാധ്യമ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നാക്രമണങ്ങള്‍ കേട്ടുകേള്‍വി ഇല്ലാത്തത് പോലെ നടക്കുന്നു. അടിയന്തരാവസ്ഥക്കാലത്തിന് സമാനമായ സാഹചര്യമാണ് കേരളത്തില്‍.

പൊലീസ് ന്യൂസ് റൂമില്‍ കടന്നുകയറുന്നത് അംഗീകരിക്കാനാകില്ല, വിഷയത്തെ ഗൗരവത്തോടെ കാണണം: എം വി ഗോവിന്ദന്‍
dot image

തിരുവനന്തപുരം: യുഡിഎഫിനെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. യുഡിഎഫ് ഓരോ ദിവസവും പിന്നോട്ട് പോയിക്കൊണ്ടിരിക്കുന്ന കാഴ്ചയാണ് കാണുന്നതെന്ന് അദ്ദേഹം വിമര്‍ശിച്ചു. കേരളത്തെയാകെ ഇരുട്ടിലേക്ക് നയിക്കുന്ന നിലപാടാണ് യുഡിഎഫ് സ്വീകരിക്കുന്നത്. കളവുകള്‍ പറയുന്നത് മുഖ്യമന്ത്രി തുടരുകയാണ്. മാധ്യമസ്വാതന്ത്ര്യങ്ങളിലേക്കും ജനാധിപത്യാവകാശങ്ങളിലേക്കും കടന്നുകയറുകയാണെന്നും എം വി ഗോവിന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

'കേരളത്തെയാകെ ഇരുട്ടിയേക്ക് നയിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. പ്രതിസന്ധിയുടെ പേരില്‍ സ്വകാര്യ കമ്പനികളില്‍ നിന്ന് വൈദ്യുതി വാങ്ങുന്നതിനുള്ള ഡീല്‍ ഉണ്ടാക്കുന്നുവെന്ന വാര്‍ത്തകള്‍ വരുന്നു. കോര്‍പ്പറേറ്റ് കമ്പനികള്‍ക്ക് ലാഭം കൊയ്യാനുള്ള പദ്ധതികളായി ഇത് കണക്കാക്കാം', എംവി ഗോവിന്ദന്‍ ചൂണ്ടിക്കാട്ടി.

വിദൂരമായ വിമര്‍ശനം പോലും അംഗീകരിക്കാന്‍ യുഡിഎഫ് സര്‍ക്കാരിന് കഴിയുന്നില്ലെന്നാണ്, കെ എസ് അരുണ്‍കുമാറിനെതിരായ കേസില്‍ എം വി ഗോവിന്ദന്‍ പ്രതികരിച്ചത്. വിമര്‍ശിക്കുന്നവരെ കേസില്‍ ഉള്‍പ്പെടുത്തുന്നത് ഇതിന്റെ ഉദാഹരണമാണ്. മാധ്യമ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നാക്രമണങ്ങള്‍ കേട്ടുകേള്‍വി ഇല്ലാത്തത് പോലെ നടക്കുന്നു. അടിയന്തരാവസ്ഥക്കാലത്തിന് സമാനമായ സാഹചര്യമാണ് കേരളത്തില്‍.

ഒരു മാധ്യമ സ്ഥാപനത്തിന്റെ ന്യൂസ് റൂമില്‍ പൊലീസ് കടന്നുകയറുന്ന സ്ഥിതി റിപ്പോര്‍ട്ടര്‍ ചാനലുമായി ബന്ധപ്പെട്ട് ഉണ്ടായി. വലതുപക്ഷ മാധ്യമങ്ങള്‍ക്ക് ഇതൊരു പ്രശ്‌നമായി തോന്നുന്നില്ല. വിഷയത്തെ ഗൗരവത്തോടെ കാണണം. അതിനെതിരായ നിലപാടുകള്‍ മാധ്യമ ശ്യംഖലയില്‍ ഉണ്ടാകേണ്ടതാണ്. പക്ഷേ അത് ഉണ്ടാകുന്നില്ല. മാധ്യമസ്ഥാപനത്തിന്റെ ഉടമയ്‌ക്കെതിരെ എന്തെങ്കിലും കേസ് ഉണ്ടെങ്കില്‍ അത് അങ്ങനെ കൈകാര്യം ചെയ്യാം. അതിന്റെ പേരില്‍ ന്യൂസ് റൂമില്‍ കയറുന്നത് അംഗീകരിക്കാനാകില്ലെന്ന് എം വി ഗോവിന്ദന്‍ വ്യക്തമാക്കി.

കേന്ദ്ര ഏജന്‍സികള്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് നേരെ ഇന്ത്യയിലുടനീളം വിവിധ രീതിയില്‍ ഇടപെടുന്നു. കേന്ദ്ര ഏജന്‍സികളിലൂടെ രാഷ്ട്രീയ നേട്ടം ഉണ്ടാക്കാനാണ് ശ്രമം. ഭീഷണിക്ക് വഴങ്ങാതെ നിലപാട് സ്വീകരിച്ച് മുന്നോട്ട് പോകുമ്പോള്‍ അവരെ വശത്താക്കാന്‍ ഭീഷണിപ്പെടുത്തുന്നു. അതുവഴി ഒപ്പം നിര്‍ത്താന്‍ കഴിയുമോ എന്ന പരീക്ഷണമാണ് കേന്ദ്രസര്‍ക്കാര്‍ നടത്തുന്നത്. ഇടതുപക്ഷം ഇത് വകവെക്കാതെ ശക്തമായി മുന്നോട്ട് പോകുന്നു. ഈ നിലപാട് സ്വീകരിക്കുന്ന പിണറായി വിജയനെ ഇ ഡി കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിക്കുന്നു. ഇത് പിണറായിക്ക് എതിരല്ല, പിണറായിയുടെ പേര് പറഞ്ഞ് പാര്‍ട്ടിയെ ആണ് ലക്ഷ്യം വെക്കുന്നത്. റിയാസിന്റെ കാര്യത്തിലും അങ്ങനെ തന്നെയാണ്. വ്യക്തികള്‍ അല്ല അവരുടെ ലക്ഷ്യം പാര്‍ട്ടിയാണ്.

രമേശ് ചെന്നിത്തലയുടെയും കുഞ്ഞാലിക്കുട്ടിയുടെയും പേരുകള്‍ പണം വാങ്ങിയവരുടെ പട്ടികയില്‍ ഉണ്ട്. അവര്‍ അത് സമ്മതിച്ചിട്ടുണ്ട്. വീണ മാത്രമാണ് കമ്പനികള്‍ തമ്മിലുള്ള സേവനത്തിന് പണം വാങ്ങിയിട്ടുള്ളത്. രമേശ് ചെന്നിത്തലയും കുഞ്ഞാലിക്കുട്ടിയും വാങ്ങിയ പണം നിയമാനുസൃതമല്ല എന്നത് വ്യക്തമാണ്. ഇ ഡി കള്ളക്കഥകള്‍ മെനയുകയാണ്. ഇടതുപക്ഷ പ്രസ്ഥാനത്തെ ദുര്‍ബലപ്പെടുത്തേണ്ടത് വലതുപക്ഷ അജണ്ട ആണ്. മാധ്യമങ്ങളെയും യുഡിഎഫിനെയും കൂടെക്കൂട്ടി ഇടതുപക്ഷത്തെ ദുര്‍ബലപ്പെടുത്താന്‍ ബിജെപി ശ്രമിക്കുന്നു. അതിനെ ഞങ്ങള്‍ ശരിയായ രീതിയില്‍ കൈകാര്യ ചെയ്യുമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

ബേപ്പൂര്‍ മണ്ഡലത്തിലെ വാട്‌സ്ആപ്പ് ഗ്രൂപ്പ് വിവാദത്തില്‍, വികസനപ്രവര്‍ത്തനത്തിന് ഉണ്ടാക്കിയ ഗ്രൂപ്പിനെ ഹവാല ഇടപാട് എന്ന് പ്രചരിപ്പിക്കുകയാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ചാറ്റുകള്‍ പുറത്തുവന്നപ്പോള്‍ കള്ളക്കഥകള്‍ പൊളിഞ്ഞു. ഹവാല പോയിട്ട് ഒരു ഹ പോലുമില്ല. തെറ്റായ വാര്‍ത്ത പ്രചരിപ്പിക്കാന്‍ മാധ്യമങ്ങള്‍ക്ക് നല്‍കുകയാണ്. തെറ്റായ പ്രചാരണങ്ങള്‍ക്ക് എതിരെ വിപുലമായ ക്യാംപയിന്‍ നടത്താന്‍ തീരുമാനിച്ചിട്ടുണ്ടെന്നും എം വി ഗോവിന്ദന്‍ വ്യക്തമാക്കി.

ഒരു സംരംഭത്തെക്കുറിച്ച് ആലോചിക്കുന്നതില്‍ എന്താണ് തെറ്റെന്ന് മുഹമ്മദ് റിയാസിനെതിരായ ആരോപണത്തില്‍ എം വി ഗോവിന്ദന്‍ പ്രതികരിച്ചു. 'ആലോചന നടത്തിയാല്‍ ഹവാല ആകുമോ? മുഹമ്മദ് റിയാസില്‍ നിന്നും ശരിയായ രീതിയില്‍ വിശദീകരണം ലഭിച്ചിട്ടുണ്ട്. ശുദ്ധമായ കള്ളമാണ് ഇ ഡി പറയുന്നത് എന്ന് റിയാസ് വ്യക്തമാക്കി. ഓരോ തവണയും തോറ്റു തുന്നം പാടുമ്പോള്‍ പുതിയ പുതിയ കഥയുമായി ഇ ഡി വരുന്നു. സംരംഭവുമായി ബന്ധപ്പെട്ട ഒരു കാര്യങ്ങളും ഞങ്ങളുടെ മുന്നില്‍ വന്നിട്ടില്ല. ഭാവി ബിസിനസ് എന്താണ് എന്ന കാര്യം പാര്‍ട്ടിക്ക് അറിയില്ല. അത് ഞങ്ങള്‍ക്ക് അറിയേണ്ട കാര്യമില്ല. ബിസിനസ് തുടങ്ങുന്നതിനു മുമ്പ് അത് അറിയേണ്ട കാര്യമില്ല. നവംബറില്‍ എല്ലാ പാര്‍ട്ടി അംഗങ്ങളുടെയും കുടുംബത്തിന്റെയും സ്വത്തു വിവരങ്ങള്‍ പരിശോധിക്കും. ഞങ്ങളെ സംബന്ധിച്ച് മറച്ചു വയ്‌ക്കേണ്ട ഒരു കാര്യവുമില്ല', എം വി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.

Content Highlights: CPM State Secretary M V Govindan has launched sharp criticism against the UDF. His remarks come amid ongoing political exchanges between the CPM and the opposition alliance in Kerala.

dot image
To advertise here,contact us
dot image