

കൊച്ചി: റിപ്പോര്‍ട്ടര്‍ ടി വി ന്യൂസ് ഡെസ്‌കിലെ പൊലീസ് ഗുണ്ടായിസത്തില്‍ വിമര്‍ശനവുമായി പി സന്തോഷ് കുമാര്‍ എംപി. റിപ്പോര്‍ട്ടര്‍ ടിവി ഓഫീസില്‍ പൊലീസ് കാണിച്ച് കൂട്ടിയത് കേരളത്തിന് തന്നെ നാണക്കേടാണെന്നും സംഭവത്തില്‍ സിപിഐ അങ്ങേയറ്റം അപലപിക്കുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു. മതനിരപേക്ഷ കേരളത്തില്‍ ഉറച്ച നിലപാടെടുക്കുന്ന ചാനലാണ് റിപ്പോര്‍ട്ടറെന്നും സംഭവത്തില്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഭരണ നേതൃത്വത്തിന്റെ സമ്മതമില്ലാതെ ഇത് നടക്കില്ല. പൊലീസിൻ്റെ ഭാഗത്ത് നിന്നും വകതിരിവില്ലാത്ത നടപടിയാണ് കണ്ടത്. ആസൂത്രിതമായതും സംഘടിതവുമായ നീക്കമാണിതെന്നും സന്തോഷ് കുമാര്‍ എംപി പറഞ്ഞു.
ഇതിനിടെ മുഖ്യമന്ത്രിക്കെതിരെ കടുത്ത വിമര്‍ശനവുമായി സിപിഐ രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രി പറയുന്ന നിലപാടുകള്‍ക്ക് സ്ഥിരതയില്ലെന്ന് സിപിഐ ആരോപിച്ചു. നിലപാടുകളില്‍ സ്ഥിരതയുള്ള മുഖ്യമന്ത്രിക്കായി കോണ്‍ഗ്രസ് കേരളത്തോട് കനിയണമെന്നും വ്യവസ്ഥയും വെള്ളിയാഴ്ചയും ഇല്ലാത്ത മുഖ്യമന്ത്രിയാണ് കേരളത്തിലുള്ളത് എന്നതിന്റെ തെളിവാണിതെന്നും സിപിഐ കുറ്റപ്പെടുത്തി.
റിപ്പോര്‍ട്ടര്‍ ടി വി ഓഫീസിലെ പൊലീസ് ഗുണ്ടായിസത്തില്‍ പ്രതികരിച്ച് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ കെ രാഗേഷും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവും രംഗത്തെത്തി. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പഠിക്കുകയാണ് വിഡി സതീശനെന്ന് കെ കെ രാഗേഷ് പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട വ്യക്തി എംഡിഎംഎ കേസില്‍ പിടിക്കപ്പെട്ടിരുന്നു. ഈ വിവരങ്ങള്‍ പുറത്തുവിട്ടത് റിപ്പോര്‍ട്ടര്‍ ടിവിയാണ്. കൂടുതല്‍ വിവരങ്ങള്‍ ഈ വാര്‍ത്തയില്‍ ഉണ്ടാകുമോയെന്ന് അറിയാനാവും ജേണലിസ്റ്റുകളുടെ മൊബൈല്‍ പിടിച്ചെടുത്തതെന്നും വാര്‍ത്തയുടെ ഉറവിടം കണ്ടെത്താനുള്ള ആസൂത്രിത ശ്രമമാണിതെന്നും കെ കെ രാഗേഷ് പറഞ്ഞു. ഈ കേസില്‍ ഇതുവരേയും ശക്തമായ നടപടികള്‍ പൊലീസ് സ്വീകരിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ന്യൂസ് റൂമിലേക്ക് പൊലീസ് ഇരച്ചു കയറുന്നതും മാധ്യമപ്രവര്‍ത്തകരുടെ മൊബൈല്‍ കസ്റ്റഡിയിലെടുത്തതും എന്തിനാണെന്നും അദ്ദേഹം ചോദിച്ചു. ടിജി മോഹന്‍ദാസിന്റെ വീട് തപ്പി പൊലീസ് നടന്നത് 11 ദിവസമാണ്. ഈ പൊലീസാണ് ന്യൂസ് റൂമിലേക്ക് ഇരച്ച് കയറുന്നതെന്നും കെ കെ രാഗേഷ് പറഞ്ഞു.
ന്യായീകരിക്കാന്‍ കഴിയാത്ത ഭരണകൂട ഭീകരതയാണ് സംഭവിച്ചതെന്നും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്നും പിഎസ് സഞ്ജീവ് പറഞ്ഞു. ഞങ്ങള്‍ക്കെതിരെ വാര്‍ത്ത കൊടുത്താല്‍ ഇതാവും അവസ്ഥ എന്ന പ്രഖ്യാപനമാണ് യുഡിഎഫ് നടത്തുന്നത്. സംഘപരിവാറിനോടൊപ്പം നില്‍ക്കുന്ന സമ്മിശ്ര യുഡിഎഫാണ് കേരളത്തിലുള്ളതെന്നും റിപ്പോര്‍ട്ടര്‍ ടിവിയോടൊപ്പം കേരളത്തിലെ വിദ്യാര്‍ത്ഥി സമൂഹം അണിചേരുന്നുവെന്നും പിഎസ് സഞ്ജീവ് കൂട്ടിച്ചേര്‍ത്തു. ഇതിനിടെ റിപ്പോര്‍ട്ടര്‍ ടിവിയില്‍ പൊലീസ് നടത്തിയ അതിക്രമത്തില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ രംഗത്തെത്തിയിരുന്നു. പലയിടങ്ങളിലും പ്രതിഷേധ മാർച്ച് നടന്നു. കണ്ണൂര്‍ പാടിയോട്ടുചാലിൽ ഡിവൈഎഫ്‌ഐ വായ മൂടിക്കെട്ടി പ്രതിഷേധം സംഘടിപ്പിച്ചു.
Content Highlights: Left leaders have criticised the police action at the Reporter TV news desk