വിനോദസഞ്ചാരികൾക്ക് ആവേശം; ദുബായ് ഹത്ത റിസോർട്ട് ഒമ്പതാം സീസൺ ആരംഭിക്കുന്നു

പഴമയും ആധുനികതയും സമന്വയിപ്പിച്ചുള്ള പുതിയ താമസസൗകര്യങ്ങളാണ് ഇത്തവണത്തെ പ്രധാന ആകർഷണം

വിനോദസഞ്ചാരികൾക്ക് ആവേശം; ദുബായ് ഹത്ത റിസോർട്ട് ഒമ്പതാം സീസൺ ആരംഭിക്കുന്നു
dot image

യുഎഇയിൽ ശീതകാലത്തിന് തുടക്കമാകുന്നതോടെ പ്രശസ്തമായ ടൂറിസം കേന്ദ്രമായ ദുബായ് ഹത്ത റിസോർട്ട് ഒമ്പതാം സീസണിനായി തുറക്കുന്നു. സെപ്റ്റംബർ 28-നാണ് ഹത്ത റിസോർട്ട് വീണ്ടും തുറക്കുക. ദുബായ് നഗരത്തിൽ നിന്ന് ഏകദേശം 90 മിനിറ്റ് യാത്ര ചെയ്താൽ എത്താമായിരുന്ന ഈ പർവ്വത റിസോർട്ട്, വേനൽച്ചൂട് കുറയുന്നതോടെ സഞ്ചാരികളെ സ്വീകരിക്കാൻ പൂർണ്ണ സജ്ജമായിക്കഴിഞ്ഞു. ഹത്ത വാഡി ഹബ്ബിലെ സാഹസിക വിനോദങ്ങൾ, ട്രെക്കിംഗ്, മൗണ്ടൻ ബൈക്കിംഗ് എന്നിവയ്‌ക്കൊപ്പം പുതിയ താമസസൗകര്യങ്ങളും ഇത്തവണ സഞ്ചാരികളെ കാത്തിരിക്കുന്നുണ്ട്.

പഴമയും ആധുനികതയും സമന്വയിപ്പിച്ചുള്ള പുതിയ താമസസൗകര്യങ്ങളാണ് ഇത്തവണത്തെ പ്രധാന ആകർഷണം. 1948, 1958 വർഷങ്ങളിലെ പുരാതന കോച്ചുകൾ നവീകരിച്ച് നിർമ്മിച്ച പ്രത്യേക ഹെറിറ്റേജ് ട്രെയിലറുകൾ ഇത്തവണ പുതുതായി അവതരിപ്പിച്ചിട്ടുണ്ട്. എയർ കണ്ടീഷണർ, ടി.വി, വൈഫൈ, പ്രൈവറ്റ് ബി.ബി.ക്യൂ ഏരിയ തുടങ്ങിയ സൗകര്യങ്ങളുള്ളതാണ് ഈ ട്രെയിലറുകൾ. കൂടാതെ, ഇവിടുത്തെ പ്രീമിയർ ലോഡ്ജുകളിൽ പ്രൈവറ്റ് സ്വിമ്മിംഗ് പൂളുകളും മറ്റ് ലോഡ്ജുകളിൽ പുത്തൻ ഇന്റീരിയർ അലങ്കാരങ്ങളും ഉൾപ്പെടുത്തി വലിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഹത്ത ഡാമിന് അഭിമുഖമായി സിമ്മിംഗ് പൂളും ഡൈനിംഗ് സൗകര്യങ്ങളുമുള്ള 'കാരവൻ ഹത്ത' എന്ന പുതിയ താമസ ആശയവും ഈ സീസണിൽ സജ്ജമാകും.

യാത്രക്കാർക്ക് പ്രകൃതിയോട് ചേർന്ന് നിൽക്കുന്ന മികച്ച അനുഭവം നൽകാനാണ് ഇത്തവണ കൂടുതൽ സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നതെന്ന് ദുബായ് ഹോൾഡിംഗ് അസറ്റ് മാനേജ്‌മെന്റ് വൈസ് പ്രസിഡന്റ് റൂഡി സുബ്ര വ്യക്തമാക്കി. രാത്രിയിലെ താമസത്തിനൊപ്പം പർവ്വതനിരകളിലൂടെയുള്ള ട്രെക്കിംഗിനും പകൽ സമയത്തെ സാഹസിക വിനോദങ്ങൾക്കുമായി സഞ്ചാരികൾക്ക് തങ്ങൾക്ക് അനുയോജ്യമായ പാക്കേജുകൾ തിരഞ്ഞെടുക്കാം. വരാനിരിക്കുന്ന മാസങ്ങളിൽ കൂടുതൽ ആവേശകരമായ പരിപാടികൾ ഹത്തയിൽ അരങ്ങേറും.

സാഹസിക പ്രേമികൾക്കായി ഹത്ത വാഡി ഹബ്ബിലെ വിനോദങ്ങൾക്ക് പുറമെ വരാനിരിക്കുന്ന നവംബറിൽ അൾട്രാ ട്രെയിൽ ദുബായ് ഉൾപ്പെടെയുള്ള കായിക മേളകളും സംഘടിപ്പിക്കുന്നുണ്ട്. സ്വദേശികളായ ഇമിറാത്തി സംരംഭകരുടെ ഭക്ഷണ ശാലകളും വിനോദ പങ്കാളികളും ഇതിന്റെ ഭാഗമായി പ്രവർത്തിക്കുന്നുണ്ട്. പരിസ്ഥിതിക്കും പ്രകൃതിക്കും ഹാനികരമാകാത്ത രീതിയിൽ വിനോദങ്ങളിൽ ഏർപ്പെടാൻ സഞ്ചാരികൾ ശ്രദ്ധിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു. വിസിറ്റ് ഹത്ത‌ വെബ്‌സൈറ്റ് വഴി സെപ്റ്റംബർ 28 മുതലുള്ള താമസം ഇപ്പോൾ ബുക്ക് ചെയ്യാം.

Content Highlights: Dubai’s Hatta Resort has launched its ninth season, welcoming tourists with new experiences and attractions. The seasonal opening is part of Dubai’s tourism activities aimed at offering visitors outdoor and leisure experiences.

dot image
To advertise here,contact us
dot image