

പാകിസ്താന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ മുഹമ്മദ് റിസ്വാന്‍ നാഷണല്‍ സൈബര്‍ ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സിക്ക് കൊറിയര്‍ വഴി രേഖാമൂലം മറുപടി സമര്‍പ്പിച്ചു. അതേസമയം, ഏജന്‍സി നല്‍കിയ സമന്‍സുമായി ബന്ധപ്പെട്ട് റിസ്വാന്‍ കൂടുതല്‍ വ്യക്തത ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 'എന്തിനാണ് എന്നെ എന്‍.സി.സി.ഐ വിളിച്ചുവരുത്തിയത്?' എന്ന് റിസ്വാന്‍ തന്റെ കത്തില്‍ ചോദിച്ചതായി സൂചനയുണ്ട്. കൂടാതെ തന്റെ മൊബൈല്‍ ഫോണ്‍ ഇതുവരെ തിരികെ നല്‍കാത്തത് എന്തുകൊണ്ടാണെന്നും, താന്‍ ലംഘിച്ചതായി ആരോപിക്കപ്പെടുന്ന അച്ചടക്ക ലംഘനം എന്താണെന്ന് വ്യക്തമാക്കണമെന്നും താരം ആവശ്യപ്പെട്ടു. 'ഏത് കാരണത്താലാണ് നിങ്ങള്‍ എന്നെ വിളിക്കുന്നത് എന്ന് എനിക്ക് അറിയണം' -റിസ്വാന്‍ വ്യക്തമാക്കി.
ഇംഗ്ലണ്ടിനെതിരെയുള്ള 0-3 എന്ന നാണംകെട്ട ടെസ്റ്റ് പരമ്പര തോല്‍വിക്ക് പിന്നാലെ, ഡ്രസ്സിംഗ് റൂമിലെ വിവരങ്ങള്‍ ചോര്‍ത്തി നല്‍കി എന്ന ആരോപണത്തിലാണ് റിസ്വാനെയും ഓപ്പണിംഗ് ബാറ്റര്‍ ഇമാം-ഉല്‍-ഹഖിനെയും എന്‍.സി.സി.ഐ ചോദ്യം ചെയ്യുന്നത്. ഇവരുടെ മൊബൈല്‍ ഫോണുകളില്‍ നിന്ന് കളിക്കാരുടെ ഫോണുകള്‍ പിടിച്ചെടുത്ത് അധികൃതര്‍ക്ക് കൈമാറുകയായിരുന്നു. തോല്‍വിക്ക് മുമ്പും ശേഷവും ഇരുവരും നടത്തിയ സംശയാസ്പദമായ സാമ്പത്തിക ഇടപാടുകളാണ് അന്വേഷണത്തിന്റെ പ്രധാന കേന്ദ്രമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ലീഡ്‌സിലെ ഇന്നിംഗ്‌സ് തോല്‍വിക്കും ലോര്‍ഡ്‌സിലെ 194 റണ്‍സിന്റെ പരാജയത്തിനും പിന്നാലെ താരങ്ങളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും പരിശോധനയിലാണ്.
ലോര്‍ഡ്‌സിലെ തോല്‍വിക്ക് ശേഷം പി.സി.ബി വലിയ അഴിച്ചുപണി നടത്തുകയും ഹെഡ് കോച്ച് സര്‍ഫറാസ് അഹമ്മദ്, ബോളിങ് കോച്ച് ഉമര്‍ ഗുല്‍ എന്നിവരുള്‍പ്പെടെ ഏഴ് കളിക്കാരെ ടീമില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തിരുന്നു. ലോര്‍ഡ്‌സ് ടെസ്റ്റിനിടെ കാലിനേറ്റ പരുക്ക് വ്യാജമായി കാണിച്ചെന്ന ആരോപണത്തിലും ഇമാം-ഉല്‍-ഹഖ് അന്വേഷണം നേരിടുന്നുണ്ട്. ഫീല്‍ഡിങ്ങിനിടെ പരുക്കേറ്റ ശേഷം ഇരു ഇന്നിങ്‌സുകളിലും ബാറ്റ് ചെയ്യാന്‍ ഇറങ്ങാതിരുന്ന ഇമാം, നാലാം ദിവസം കാലില്‍ ടേപ്പ് ഒട്ടിച്ച് ത്രോ-ഡൗണുകള്‍ പരിശീലിക്കുന്നത് കണ്ടതാണ് സംശയത്തിന് ഇടയാക്കിയത്. വ്യാജ പരുക്ക്, വിവരങ്ങള്‍ ചോര്‍ത്തല്‍ തുടങ്ങിയ വിഷയങ്ങളില്‍ നടപടി നേരിടുന്ന ഇമാമിന് രണ്ട് വര്‍ഷത്തെ വിലക്ക് ശുപാര്‍ശ ചെയ്തതായും റിപ്പോര്‍ട്ടുകളുണ്ട്.
content highlights: Mohammad Rizwan Demands Explanation from Investigation Agency