സിഎംആര്‍എല്‍ കേസ്; സുബൈറിന്റെ പേരില്‍ ഹവാല ഇടപാടുമായി ബന്ധപ്പെട്ട കേസുകളില്ലെന്ന് പൊലീസ്

വീണ ടിക്കെതിരായ കേസില്‍ ഹവാല ഇടനിലക്കാരനായി ഇ ഡി ആരോപിക്കുന്ന വ്യക്തിയാണ് സുബൈര്‍

സിഎംആര്‍എല്‍ കേസ്; സുബൈറിന്റെ പേരില്‍ ഹവാല ഇടപാടുമായി ബന്ധപ്പെട്ട കേസുകളില്ലെന്ന് പൊലീസ്
dot image

കൊച്ചി: സിഎംആര്‍എല്‍എക്‌സാലാജിക് കേസുമായി ബന്ധപ്പെട്ട് ഹവാല ഇടനിലക്കാരനായി എന്‍ഫോഴ്‌സ്‌മെന്‌റ് ആരോപിക്കുന്ന സുബൈര്‍ കരുവൻപൊയിലിന്റെ പേരില്‍ രണ്ട് ക്രിമിനല്‍ കേസുകള്‍ മാത്രം. ഹവാല ഇടപാടുമായി ബന്ധപ്പെട്ട് ഇയാള്‍ക്കെതിരെ കേസുകളില്ലെന്ന് പൊലീസ് വ്യക്തമാക്കി. വീണ ടിക്കെതിരായ കേസില്‍ ഹവാല ഇടനിലക്കാരനായി ഇ ഡി ആരോപിക്കുന്ന വ്യക്തിയാണ് സുബൈര്‍. സുബൈറുമായി ഹസന്‍ വാരിസ് നടത്തിയ വാട്സാപ്പ് ചാറ്റുകള്‍ ഇ ഡി കണ്ടെത്തിയിരുന്നു.

'ഡി എക്സ് ബി സുബൈര്‍ കൊടുവള്ളി ഹവാ' എന്ന പേരിലായിരുന്നു ഫോണില്‍ പേര് സേവ് ചെയ്തിരുന്നത്. ഹസന്‍ വാരിസുമായി ടൈല്‍സ് വാങ്ങാന്‍ പോയപ്പോള്‍ ഉള്ള ബന്ധമാണുള്ളതെന്നാണ് സുബൈര്‍ പറയുന്നത്. മുഹമ്മദ് റിയാസിനെ മന്ത്രി എന്ന നിലയ്‌ക്കേ അറിയൂ. ഒരു വാട്‌സാപ്പ് ചാറ്റും തങ്ങള്‍ തമ്മിലില്ല. ഇ ഡി ഇതുവരെ തന്നെ ബന്ധപ്പെട്ടിട്ടില്ല. ഫോണ്‍ ആര്‍ക്ക് വേണമെങ്കിലും പരിശോധിക്കാം. ഏത് അന്വേഷണത്തിന് വേണമെങ്കിലും ഫോണ്‍ ഹാജരാക്കാന്‍ തയ്യാറാണെന്നും സുബൈര്‍ പറഞ്ഞു.

കഴിഞ്ഞ ആഴ്ചയായിരുന്നു സിഎംആര്‍എല്‍-എക്സാലോജിക് സാമ്പത്തിക ഇടപാടില്‍ ഡിജിപിക്ക് ഇ ഡി കത്ത് നല്‍കിയത്. പിണറായി വിജയന്‍, വീണ ടി, മുന്‍ മന്ത്രിയും എംഎല്‍എയുമായ പി എ മുഹമ്മദ് റിയാസ് എന്നിവര്‍ക്കെതിരെ കേസെടുക്കണമെന്നായിരുന്നു ആവശ്യം. വീണ വഴി പിണറായി വിജയന്‍ 3.28 കോടി രൂപ സിഎംആര്‍എല്ലില്‍ നിന്ന് കൈക്കൂലി വാങ്ങിയെന്ന് കത്തിലുള്ളതായി നേരത്തെ വിവരം പുറത്തുവന്നിരുന്നു.

Also Read:

കൈക്കൂലിപ്പണം മുഹമ്മദ് റിയാസ് വീണ വഴിയും സുഹൃത്തുകള്‍ വഴിയും ദുബായിലേക്ക് അയച്ചു. കൈക്കൂലിപ്പണം കൈപ്പറ്റാനും കടത്താനും വീണ, പിതാവ് പിണറായി വിജയനെയും ഭര്‍ത്താവ് കൂടിയായ റിയാസിനെയും സഹായിച്ചുവെന്നും കത്തില്‍ പറയുന്നുണ്ട്. ഇടപാടുകള്‍ക്കായി എക്‌സാലോജിക് സൊല്യൂഷന്‍സ് വാഹനം ഉപയോഗിച്ചു, സിഎംആര്‍എല്‍ എം ഡി കൈക്കൂലി പണം നല്‍കി, സിഎംആര്‍എല്‍ മുന്‍ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ പി സുരേഷ് കുമാര്‍ കൈക്കൂലി ഇടപാടുകള്‍ നടത്തുന്നതിന് സഹായിച്ചു. കൈക്കൂലി പണം കൈപ്പറ്റുന്നതിനും കൈമാറുന്നതിനും വീണയെയും റിയാസിനെയും ഷൈജല്‍, പി നിഖില്‍, ഹസ്സന്‍ വാരിസ്, ഫൈസാജ് വി പി, നന്ദുലാല്‍ എം എന്നിവര്‍ സഹായിച്ചതായും ഇ ഡിയുടെ കത്തില്‍ പറയുന്നുണ്ട്.

അതേസമയം, ഇ ഡി ഭീഷണിപ്പെടുത്തിയതോടെയാണ് മുഹമ്മദ് റിയാസിനെതിരെ മൊഴി നല്‍കിയതെന്ന ആരോപണവുമായി ഹസന്‍ വാരിസ് രംഗത്തെത്തിയിരുന്നു. തന്റെ മൊഴിയ്ക്ക് നിയമപരമായി സാധുതയില്ലെന്നും മൊഴി പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് ഇ ഡിക്ക് ഹസന്‍ വാരിസ് സത്യവാങ്മൂലം നല്‍കുകയും ചെയ്തിട്ടുണ്ട്. ആഗസ്റ്റ് 18നാണ് ഇ ഡി ചോദ്യം ചെയ്തതെന്നും അതേദിവസം തന്നെ തന്റെ മൊഴി രേഖപ്പെടുത്തി അതില്‍ ഒപ്പ് വെപ്പിച്ചെന്നും ഹസന്‍ വാരിസ് സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നു.

പി എ മുഹമ്മദ് റിയാസില്‍ നിന്നോ അദ്ദേഹത്തിന്റെ ഏതെങ്കിലും ബന്ധുവില്‍ നിന്നോ പണം കൈപ്പറ്റിയിട്ടില്ല. ഒരുകാലത്തും ഒരാള്‍ക്കും പി എ മുഹമ്മദ് റിയാസിന്റെ നിര്‍ദേശപ്രകാരം പണം കൈമാറിയിട്ടില്ല. എന്നാല്‍ റിയാസിനെതിരെ മൊഴി നല്‍കുകയും പേപ്പറില്‍ ഒപ്പിടുകയും ചെയ്തില്ലെങ്കില്‍ തന്റെ 22 കാരിയായ ഇളയ മകളെ ബുദ്ധിമുട്ടിക്കുമെന്നും നിലവിലെ കേസില്‍ പ്രതിയാക്കുമെന്നും ഇ ഡി ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തിയെന്ന് ഹസന്‍ വാരിസ് ആരോപിച്ചിരുന്നു.

Content Highlights: subair karuvampoil linked to cmrl exalogic case has two cases

dot image
To advertise here,contact us
dot image