

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ എസ്‌ഐആര്‍ നടപടികളുടെ ഭാഗമായി സിപിഐ നേതാവ് ആനി രാജയ്ക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ നോട്ടീസ്. വോട്ടര്‍ പട്ടികയിലെ പേരില്‍ അവ്യക്തതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. അന്തിമ പട്ടികയിലുണ്ടാകണമെങ്കില്‍ ആവശ്യമായ രേഖകളുമായി ഹാജരാകണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശമുണ്ട്. 1987ന് മുമ്പുള്ള രേഖകള്‍ ഈ മാസം 17ന് ഹാജരാക്കാനാണ് നിര്‍ദ്ദേശം.
ഇതിനിടെ തന്നെ വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കാനുള്ള നീക്കമാണിതെന്ന് പ്രതികരിച്ച് ആനി രാജ രംഗത്തെത്തിയിരുന്നു. കഴിഞ്ഞ 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ താന്‍ സ്ഥാനാര്‍ത്ഥിയായിരുന്നുവെന്നും അന്ന് കമ്മീഷന്‍ കാണാത്ത പ്രശ്നമാണ് ഇപ്പോള്‍ ഉന്നയിക്കുന്നതെന്നും ആനി രാജ റിപ്പോര്‍ട്ടറിനോട് പറഞ്ഞു. ഡല്‍ഹിയില്‍ കൂട്ടത്തോടെ ആളുകളെ വോട്ടര്‍ പട്ടികയില്‍ നിന്നും വെട്ടി മാറ്റിയ സംഭവം വിവാദമായ പശ്ചാത്തലത്തിലാണ് ആനി രാജയ്‌ക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. 11 ലക്ഷത്തില്‍ താന്‍ ഉണ്ടാകുമെന്ന് സ്വപ്നത്തില്‍ പോലും വിചാരിച്ചില്ലെന്നും ആനി രാജ പ്രതികരിച്ചു. ആനി രാജക്കൊപ്പമുള്ള 'രാജ'യിലാണ് അവ്യക്തത. 1990ല്‍ ഡി രാജയുമായുള്ള വിവാഹത്തിന് ശേഷമാണ് ആനി രാജ എന്ന പേരിലേക്ക് മാറ്റിയത്. അതില്‍ എങ്ങനെയാണ് രേഖകള്‍ ഹാജരാക്കുന്നതെന്നും ആനി രാജ ചോദിച്ചു.
ഡല്‍ഹിയില്‍ എസ്‌ഐആര്‍ പ്രക്രിയ ആരംഭിക്കുന്നതിന് മുന്‍പ് 11 ലക്ഷത്തോളം വോട്ടര്‍മാരെ ഒഴിവാക്കിയിരുന്നു. എസ്‌ഐആര്‍ നടപടികള്‍ ആരംഭിക്കുന്നതിന് പതിനാറ് മാസങ്ങള്‍ക്ക് മുന്‍പാണ് ഇത്തരത്തില്‍ വോട്ടര്‍മാരെ ഒഴിവാക്കിയത്. വര്‍ഷങ്ങളായി താമസിക്കുന്നവരുടെ പേരുകളും വെട്ടിയ പട്ടികയിലുണ്ട്. വോട്ടര്‍പട്ടികയില്‍ നിന്ന് പേര് നീക്കം ചെയ്ത വിവരം അറിഞ്ഞില്ലെന്നായിരുന്നു വോട്ടര്‍മാരുടെ പ്രതികരണം. മൂന്ന് മാസത്തിലൊരിക്കല്‍ നടക്കുന്ന വോട്ടര്‍പട്ടിക പുതുക്കലിന്റെ ഭാഗമായും മാപ്പിംഗ് വേളയില്‍ സംഭവിച്ച സാങ്കേതിക പിഴവുകള്‍ കാരണവുമാകാം ഇത്രയധികം പേരുകള്‍ നീക്കം ചെയ്യപ്പെട്ടതെന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണം. സംഭവത്തില്‍ ആം ആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
Content Highlights: The Election Commission has issued a notice to Annie Raja in connection with the Special Intensive Revision of electoral rolls in Delhi