

പാലക്കാട്: പിഎം ശ്രീ പദ്ധതി നടപ്പാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രം രണ്ടാമതും കത്തയച്ചെന്ന് സ്ഥിരീകരിച്ച് വിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദ്ദീന്‍. കത്ത് ചീഫ് സെക്രട്ടറിക്കാണ് ലഭിച്ചതെന്ന് വ്യക്തമാക്കിയ മന്ത്രി അടിയന്തരമായി കൂടിയാലോചനകള്‍ നടത്തുമെന്നും വ്യക്തമാക്കി. സര്‍ക്കാര്‍ തലത്തിലും മുന്നണിയിലും ചര്‍ച്ചകള്‍ നടത്തി മുഖ്യമന്ത്രി നിലപാട് അറിയിക്കും. തനിക്ക് ഒറ്റയ്ക്ക് നിലപാട് പറയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
ചര്‍ച്ചകള്‍ക്ക് ശേഷം മുഖ്യമന്ത്രി പറയുന്നത് പോലെയായിരിക്കും പിഎം ശ്രീയുടെ ഭാവിയെന്നാണ് മന്ത്രി വിശദീകരിച്ചത്. പദ്ധതി പൂര്‍ണമായി തള്ളണോ അതോ ഉപാധികളോടെ അനുവദിക്കണോ എന്നതൊക്കെ ആലോചിച്ചു തീരുമാനിക്കും. പിഎം ശ്രീയില്‍ വ്യത്യസ്തമായ വീക്ഷണങ്ങളുണ്ട്. എന്നാല്‍ തെരഞ്ഞെടുപ്പിന് മുമ്പും ശേഷവും യുഡിഎഫില്‍ പദ്ധതിയോട് എതിര്‍പ്പ് തന്നെയാണെന്നും ഷംസുദ്ദീന്‍ പറഞ്ഞു. രഹസ്യമായി കരാറില്‍ ഒപ്പിട്ട് ഞങ്ങള്‍ തയ്യാറാണ് എന്ന് പറഞ്ഞത് കഴിഞ്ഞ സര്‍ക്കാരാണെന്ന് കുറ്റപ്പെടുത്തിയ മന്ത്രി കേന്ദ്രത്തില്‍ നിന്ന് കേരളത്തിന് അവകാശപ്പെട്ട 2000 കോടിയോളം രൂപ കിട്ടാനുണ്ടെന്നും ചൂണ്ടിക്കാണിച്ചു. എസ്എസ്‌കെ ഫണ്ട് വിദ്യാഭ്യാസ വകുപ്പിന്റെ നട്ടെല്ലാണെന്നും അത് തടഞ്ഞു വച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പിഎം ശ്രീയുടെ പേരില്‍ കേരളത്തിന്റെ ഫണ്ട് തടഞ്ഞുവയ്ക്കരുത് എന്ന് കേന്ദ്രമന്ത്രിയോട് താന്‍ പറഞ്ഞിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
ഈ സര്‍ക്കാര്‍ വന്നതിന് ശേഷം രണ്ടാം തവണയാണ് പദ്ധതിയില്‍ സംസ്ഥാനത്തിന് കേന്ദ്രം കത്തയക്കുന്നത്. കേരളം പദ്ധതിയുടെ ഭാഗമായി തുടരണം എന്നാണ് കത്തിലെ ആവശ്യം. ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക്കണമെന്നും കേരളം ഇതിനകം ധാരണാപത്രം ഒപ്പിട്ടതാണെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഉപസമിതിയുടെ നടപടികള്‍ വേഗത്തിലാക്കണമെന്നും വിദ്യാര്‍ത്ഥികളുടെ താല്പര്യം സംരക്ഷിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിരുന്നു. പദ്ധതിയുമായി മുന്നോട്ട് തന്നെ പോകണമെന്നാണ് കത്തിലെ ആവശ്യം.
മുന്‍ സര്‍ക്കാര്‍ പിഎം ശ്രീ ധാരണാ പത്രത്തില്‍ ഒപ്പിട്ടതടക്കമുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. എന്നാല്‍ പദ്ധതി സംബന്ധിച്ച് ഉപസമിതി രൂപീകരിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം തുടര്‍ നടപടികള്‍ ഉണ്ടാകുമെന്നുമാണ് സര്‍ക്കാര്‍ അറിയിച്ചിരുന്നത്. പിന്നാലെയാണ് ഉപസമിതിയുടെ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കണമെന്ന് കാട്ടി കേന്ദ്രം സംസ്ഥാനത്തിന് കത്തയച്ചത്. എന്നാല്‍ ഇനിയും ഒരു ഉപസമിതി കൂടി ചേരേണ്ടതുണ്ടെങ്കിയും അത് എപ്പോഴാണ് എന്ന കാര്യത്തില്‍ വ്യക്തത ഇല്ല.
വിഷയത്തില്‍ സര്‍ക്കാര്‍ തീരുമാനത്തെ ഇന്നലെ നടന്ന കെപിസിസി യോഗത്തിന്റെ നിലപാട് സ്വാധീനിക്കും എന്നാണ് വിവരം. കഴിഞ്ഞ ദിവസം നടന്ന കെപിസിസി യോഗത്തിലും രാഷ്ട്രീയ കാര്യ സമിതിയിലും പിഎം ശ്രീ ഉപേക്ഷിക്കണമെന്ന അഭിപ്രായം ഉയര്‍ന്നു വന്നിരുന്നു. പദ്ധതിയുമായി മുന്നോട്ട് പോയാല്‍ അത് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ ബുദ്ധിമുട്ടാകും എന്നാണ് നേതാക്കള്‍ ഉയര്‍ത്തിയ അഭിപ്രായം. കഴിഞ്ഞ തെരഞ്ഞടുപ്പില്‍ പദ്ധതിക്കെതിരായി എടുത്ത തീരുമാനമടക്കം യുഡിഎഫിന്റെ വിജയത്തിന് കാരണമായെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടിയിരുന്നു. അതിനാല്‍ തന്നെ ഉപസമിതി തീരുമാനം എടുക്കുന്നതിന് മുമ്പ് യുഡിഎഫിന്റെ രാഷ്ട്രീയ തീരുമാനത്തിന് കൂടി കാത്തിരിക്കും എന്നാണ് വിലയിരുത്തല്‍. പൊതു ഇടത്തില്‍ യുഡിഎഫ് ഘടക കക്ഷികളും പോഷക സംഘടനകളും പദ്ധതിക്കെതിരെ രംഗത്ത് വന്നതും വെല്ലുവിളിയാകും.
Content Highlights: The Centre has sent a second letter to Kerala seeking implementation of the PM SHRI scheme. Education Minister N Shamsudheen said the government will hold consultations before deciding whether to reject the scheme or accept it with conditions. He also raised concerns over funds allegedly withheld by the Centre.