'പാസ്പോർട്ട്, ബാ​ഗ് പരിശോധനകൾ ഒഴിവാകണം'; ദുബായ് എയർപോർട്ടിനെക്കുറിച്ച് സ്വപ്നപദ്ധതി പങ്കുവെച്ച് സിഇഒ

ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയത്തുതന്നെ യാത്രക്കാരുടെയും പാസ്‌പോർട്ടിന്റെയും വിവരങ്ങൾ പൂർണ്ണമായും ശേഖരിക്കുകയാണ് ഇതിന്റെ ആദ്യ ഘട്ടം.

'പാസ്പോർട്ട്, ബാ​ഗ് പരിശോധനകൾ ഒഴിവാകണം'; ദുബായ് എയർപോർട്ടിനെക്കുറിച്ച് സ്വപ്നപദ്ധതി പങ്കുവെച്ച് സിഇഒ
dot image

ദുബായ് വിമാനത്താവളങ്ങളിലെ യാത്രാനുഭവം ഭാവിയിൽ എങ്ങനെയുള്ളതായിരിക്കുമെന്ന തന്റെ സ്വപ്ന പദ്ധതിയും കാഴ്ചപ്പാടും പങ്കുവെച്ച് ദുബായ് എയർപോർട്ട്സ് സിഇഒ പോൾ ഗ്രിഫിത്ത്സ്. പാസ്‌പോർട്ട് പരിശോധനയോ ലാപ്ടോപ്പും ബാ​​ഗിലെ വസ്തുക്കളും പുറത്തെടുക്കേണ്ട ബുദ്ധിമുട്ടോ ഇല്ലാതെ, ടിക്കറ്റെടുത്ത് നേരെ വിമാനത്തിലേക്ക് നടന്നു കയറാവുന്ന വിപ്ലവകരമായ യാത്രാനുഭവമാണ് താൻ ആ​ഗ്രഹിക്കുന്നതെന്ന് പോൾ ​ഗ്രിഫിത്ത്സ് മാധ്യമങ്ങളോട് പ്രതികരിച്ചു. എയർപോർട്ടിൽ എത്തുന്ന ഒരാൾക്ക് താൻ ഒരു വിമാനത്താവളത്തിലാണ് നിൽക്കുന്നത് എന്ന് പോലും തോന്നാത്ത വിധത്തിലുള്ള അനുഭവമായിരിക്കും ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയത്തുതന്നെ യാത്രക്കാരുടെയും പാസ്‌പോർട്ടിന്റെയും വിവരങ്ങൾ പൂർണ്ണമായും ശേഖരിക്കുകയാണ് ഇതിന്റെ ആദ്യ ഘട്ടം. വിമാനത്താവളത്തിലെത്തിയാൽ ചെക്ക്-ഇൻ കൗണ്ടറുകൾക്ക് മുന്നിൽ വരിനിൽക്കാതെയും പാസ്‌പോർട്ട് കൈയിലെടുക്കാതെയും യാത്ര ചെയ്യാം. ബാഗുകൾ സുരക്ഷിതമായി നിശ്ചിത സ്ഥാനത്ത് വെച്ചശേഷം മുന്നോട്ട് നടക്കുമ്പോൾ തന്നെ മതിലുകളിലും സീലിംഗിലും ഘടിപ്പിച്ചിട്ടുള്ള അത്യാധുനിക ഫേഷ്യൽ റെക്കഗ്നിഷൻ ക്യാമറകൾ വഴി വ്യക്തിവിവരങ്ങൾ സ്ഥിരീകരിക്കും. പാസ്‌പോർട്ട് പരിശോധനകൾക്കോ സുരക്ഷാ പരിശോധനകൾക്കോ വേണ്ടി യാത്രാതടസ്സം ഉണ്ടാകില്ലെന്നും അദ്ദേഹം തന്റെ കാഴ്ചപ്പാടിലൂടെ വ്യക്തമാക്കുന്നു.

സുരക്ഷാ പരിശോധനയുടെ ഭാഗമായി ബാഗിൽ നിന്ന് ലാപ്ടോപ്പുകളോ ലിക്വിഡ് സാധനങ്ങളോ പുറത്തെടുക്കേണ്ടി വരുന്ന രീതി പൂർണ്ണമായും അവസാനിപ്പിക്കും. ഡിജിറ്റൽ യുഗത്തിലും പേപ്പർ ടാഗുകൾ ഉപയോഗിക്കുന്ന രീതി ഒഴിവാക്കി കാറുകളിലെ യൂണിക് വിൻ (VIN) നമ്പർ പോലെ ബാഗുകൾക്കും ഡിജിറ്റൽ വ്യക്തിത്വം നൽകണമെന്നതാണ് അദ്ദേഹത്തിന്റെ ആശയം. ബാഗുകൾ തറനിരപ്പിലൂടെ നീങ്ങുന്ന കൺവെയർ ബെൽറ്റുകളിൽ വെച്ച്, യാത്രക്കാർ സാധാരണ നടന്നുപോകുമ്പോൾ തന്നെ പരിശോധന പൂർത്തിയാക്കുന്ന സംവിധാനമാണ് വിഭാവനം ചെയ്യുന്നത്. GDRFA-യുമായി സഹകരിച്ച് നിലവിലെ ദുബായ് എയർപോർട്ടിലും (DXB) ഇത്തരം അത്യാധുനിക സ്ക്രീനിംഗ് മെഷീനുകൾ ഘടിപ്പിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

ദുബായ് ആർടിഎയുമായി സഹകരിച്ച് ട്രെയിൻ മാർഗ്ഗം എയർപോർട്ടിലെത്തുന്നവർക്ക് നേരിട്ട് വിമാനത്തിന്റെ 50 മീറ്റർ അടുത്തുവരെയോ ലൗഞ്ചുകളിലേക്കോ നടന്നെത്താനുള്ള സൗകര്യവും അദ്ദേഹത്തിന്റെ പദ്ധതികളിലുണ്ട്. പുതിയ ടെർമിനലുകൾ നിർമ്മിക്കുന്നതിനേക്കാൾ കുറഞ്ഞ ചെലവിൽ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി യാത്രക്കാരുടെ സമയ ലാഭം ഉറപ്പാക്കാനാകും. 2032-ഓടെ ആദ്യഘട്ട പ്രവർത്തനങ്ങൾ ആരംഭിക്കുന്ന അൽ മക്തൂം എയർപോർട്ട്, പൂർണ്ണ സജ്ജമാകുമ്പോൾ പ്രതിവർഷം 26 കോടി യാത്രക്കാരെ ഉൾക്കൊള്ളുന്ന ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളമായി മാറും. യാത്രാസമയം എങ്ങനെ വിനിയോഗിക്കണമെന്ന് യാത്രക്കാർക്ക് തന്നെ തീരുമാനിക്കാനാവുന്ന വലിയ മാറ്റത്തിനാണ് തങ്ങൾ തുടക്കമിടുന്നതെന്ന് സിഇഒ കൂട്ടിച്ചേർത്തു.

Content Highlights: The CEO of Dubai Airports has shared a future vision in which passengers could travel through the airport without conventional passport and bag checks. The proposed concept focuses on using advanced technology to make passenger processing faster and more seamless.

dot image
To advertise here,contact us
dot image