

തിരുവനന്തപുരം: പിഎം ശ്രീയില്‍ കേരളത്തിന് വീണ്ടും കത്തയച്ച് കേന്ദ്രം. കേരളം പദ്ധതിയുടെ ഭാഗമായി തുടരണം എന്നാണ് കത്തിലെ ആവശ്യം. കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറിയാണ് ചീഫ് സെക്രട്ടറിക്ക് കത്തയച്ചത്. ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക്കണമെന്നും കേരളം ഇതിനകം ധാരണാപത്രം ഒപ്പിട്ടതാണെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഉപസമിതിയുടെ നടപടികള്‍ വേഗത്തിലാക്കണമെന്നും വിദ്യാര്‍ത്ഥികളുടെ താല്പര്യം സംരക്ഷിക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു. ഈ സര്‍ക്കാര്‍ വന്നതിന് ശേഷം അയക്കുന്ന രണ്ടാമത്തെ കത്താണ് ഇത്.
പദ്ധതിയുമായി മുന്നോട്ട് തന്നെ പോകണമെന്നാണ് കത്തിലെ ആവശ്യം. മുന്‍ സര്‍ക്കാര്‍ പിഎം ശ്രീ ധാരണാ പത്രത്തില്‍ ഒപ്പിട്ടതടക്കമുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. എന്നാല്‍ പദ്ധതി സംബന്ധിച്ച് ഉപസമിതി രൂപീകരിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം തുടര്‍ നടപടികള്‍ ഉണ്ടാകുമെന്നുമാണ് സര്‍ക്കാര്‍ അറിയിച്ചിരുന്നത്. പിന്നാലെയാണ് ഉപസമിതിയുടെ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കണെന്ന് കാട്ടി കേന്ദ്രം സംസ്ഥാനത്തിന് കത്തയച്ചത്. എന്നാല്‍ ഇനിയും ഒരു ഉപസമിതി കൂടി ചേരേണ്ടതുണ്ടെങ്കിയും അത് എപ്പോഴാണ് എന്ന കാര്യത്തില്‍ വ്യക്തത ഇല്ല.
പദ്ധതി സംബന്ധിച്ച കൂടുതല്‍ കാര്യങ്ങള്‍ പഠിക്കേണ്ടതുണ്ടെന്നും അതിനാല്‍ സ്വാഭാവികമായും കാലതാമസം ഉണ്ടാകുമെന്നുമാണ് ഉപസമി അദ്ധ്യക്ഷനായ വിദ്യാഭ്യാസ മന്ത്രി തന്നെ വ്യക്തമാക്കിയിരിക്കുന്നത്. ഭിന്നാഭിപ്രായങ്ങള്‍ കൂടി ഉയരുന്ന പശ്ചാത്തലത്തില്‍ വീണ്ടും കാലതാമസം വന്നേക്കുമെന്നാണ് വിലയിരുത്തല്‍. അതിനാല്‍ തന്നെ കേന്ദ്രത്തിന്റെ കത്തില്‍ സംസ്ഥാനം എങ്ങനെ പ്രതികരിക്കും എന്നതാണ് പ്രധാനം. കേന്ദ്ര വിഹിതം ലഭിച്ചേ മതിയാകൂ എന്നാണ് കെപിസിസി യോഗത്തില്‍ മുഖ്യമന്ത്രി നിലപാടെടുത്തിരുന്നത്.
വിഷയത്തില്‍ സര്‍ക്കാര്‍ തീരുമാനത്തെ ഇന്നലെ നടന്ന കെപിസിസി യോഗത്തിന്റെ നിലപാട് സ്വാധീനിക്കും എന്നാണ് വിവരം. കഴിഞ്ഞ ദിവസം നടന്ന കെപിസിസി യോഗത്തിലും രാഷ്ട്രീയ കാര്യ സമിതിയിലും പിഎം ശ്രീ ഉപേക്ഷിക്കണമെന്ന അഭിപ്രായം ഉയര്‍ന്നു വന്നിരുന്നു. പദ്ധതിയുമായി മുന്നോട്ട് പോയാല്‍ അത് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ ബുദ്ധിമുട്ടാകും എന്നാണ് നേതാക്കള്‍ ഉയര്‍ത്തിയ അഭിപ്രായം. കഴിഞ്ഞ തെരഞ്ഞടുപ്പില്‍ പദ്ധതിക്കെതിരായി എടുത്ത തീരുമാനമടക്കം യുഡിഎഫിന്റെ വിജയത്തിന് കാരണമായെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടിയിരുന്നു. അതിനാല്‍ തന്നെ ഉപസമിതി തീരുമാനം എടുക്കുന്നതിന് മുമ്പ് യുഡിഎഫിന്റെ രാഷ്ട്രീയ തീരുമാനത്തിന് കൂടി കാത്തിരിക്കും എന്നാണ് വിലയിരുത്തല്‍. പൊതു ഇടത്തില്‍ യുഡിഎഫ് ഘടക കക്ഷികളും പോഷക സംഘടനകളും പദ്ധതിക്കെതിരെ രംഗത്ത് വന്നതും വെല്ലുവിളിയാകും.
Content Highlights: The Centre has written to Kerala again, urging the state to continue participating in the PM SHRI scheme. The Union Education Secretary highlighted Kerala’s existing MoU and called for faster subcommittee proceedings while prioritising students’ interests and quality education.