വരുന്നു NSE ഐപിഒ; ബിഗ് എൻട്രി സെപ്റ്റംബർ 17ന്, ഓഹരി വിൽപന കുറച്ച് വമ്പൻ നിക്ഷേപകർ

സെപ്റ്റംബർ 24ന് ഓഹരി വിപണിയിൽ NSE ലിസ്റ്റ് ചെയ്യുമെന്നാണ് പ്രതീക്ഷ

വരുന്നു NSE ഐപിഒ; ബിഗ് എൻട്രി സെപ്റ്റംബർ 17ന്, ഓഹരി വിൽപന കുറച്ച് വമ്പൻ നിക്ഷേപകർ
dot image

വർഷങ്ങളായി നിക്ഷേപകർ കാത്തിരുന്ന നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ IPOയ്ക്ക് ഒടുവിൽ തീയതി ആയി . ഏറെ പ്രതീക്ഷയോടെ നിക്ഷേപകർ കാത്തിരുന്ന പ്രാഥമിക ഓഹരി വിൽപ്പന സെപ്റ്റംബർ 17ന് ആരംഭിക്കും. സെപ്റ്റംബർ 21 വരെ IPOയിൽ നിക്ഷേപിക്കാം. സെപ്റ്റംബർ 16ന് ആങ്കർ നിക്ഷേപകർക്കുള്ള ബിഡ്ഡിങ് നടക്കും. ഏകദേശം സെപ്റ്റംബർ 24ന് ഓഹരി വിപണിയിൽ NSE ലിസ്റ്റ് ചെയ്യുമെന്നാണ് പ്രതീക്ഷ.

എന്നാൽ IPOയ്ക്ക് മുന്നോടിയായി ഒരു പ്രധാന മാറ്റം സംഭവിച്ചിട്ടുണ്ട്. നിലവിലുള്ള ഓഹരി ഉടമകൾ വിൽക്കാനിരുന്ന ഓഹരികളുടെ എണ്ണം കുറച്ചതോടെ IPOയുടെ വലുപ്പവും താഴ്ന്നു. നേരത്തെ NSEയുടെ മൊത്തം ഓഹരി മൂലധനത്തിന്റെ ഏകദേശം 6 ശതമാനം വിൽക്കാനായിരുന്നു പദ്ധതി.

ഇപ്പോൾ ഇത് ഏകദേശം 5.2 ശതമാനമായി കുറഞ്ഞു. നേരത്തെ 14.89 കോടി ഓഹരികൾ വിൽക്കാനായിരുന്നു നീക്കം. ഇപ്പോൾ ഏകദേശം 12.64 കോടി ഓഹരികളാണ് OFS ( ഓഫർ ഫോർ സെയിൽ ) വഴി വിൽക്കുന്നത്. ഐപിഒയുടെ മറ്റൊരു പ്രത്യേകത ഇത് പൂർണമായും OFS ആയിരിക്കും എന്നതാണ്. പുതിയ ഓഹരികൾ NSE പുറത്തിറക്കുന്നില്ല.

ഐപിഒയിലൂടെ വഴി ലഭിക്കുന്ന തുക NSEയുടെ അക്കൗണ്ടിലേക്ക് നേരിട്ട് എത്തില്ല. നിലവിലുള്ള ഓഹരി ഉടമകൾ അവരുടെ ഓഹരികൾ വിറ്റ് ലഭിക്കുന്ന തുകയാണ് ഐപിഒയുടെ വരുമാനം. ഐപിഒയുടെ പ്രൈസ് ബാൻഡ് 1,700 മുതൽ 1,785 രൂപ വരെയാണ്. ഉയർന്ന വിലയായ 1,785 രൂപ കണക്കിലെടുത്താൽ IPOയുടെ മൂല്യം ഏകദേശം 22,600 കോടി വരും. കമ്പനിയുടെ മൊത്തം മൂല്യം ഏകദേശം 4.42 ലക്ഷം കോടി വരെ എത്താനും സാധ്യതയുണ്ട്. നേരത്തെ NSE ഓഹരിക്ക് 2,000 മുതൽ 2,100 രൂപ വരെ വില ലഭിക്കുമെന്നായിരുന്നു വിപണിയിലെ പ്രതീക്ഷ. എന്നാൽ അന്തിമ വില പരിധി അതിനേക്കാൾ താഴെയായതോടെ ചില നിലവിലുള്ള ഓഹരി ഉടമകൾ IPOയിൽ വിൽക്കുന്ന ഓഹരികളുടെ എണ്ണം കുറയ്ക്കാൻ തീരുമാനിക്കുകയായിരുന്നു.

എന്തുകൊണ്ടാണ് OFS കുറച്ചത്?

നിലവിലെ വില പരിധിയേക്കാൾ ഉയർന്ന മൂല്യം ലിസ്റ്റിംഗിന് ശേഷം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ചില ഓഹരി ഉടമകൾ ഇപ്പോൾ കൂടുതൽ ഓഹരികൾ കൈവശം വയ്ക്കാൻ തീരുമാനിച്ചതെന്നാണ് റിപ്പോർട്ടുകൾ. നാഷണൽ ഇൻഷുറൻസ് കമ്പനി, ജനറൽ ഇൻഷുറൻസ് കോർപ്പറേഷൻ, സ്റ്റോക്ക് ഹോൾഡിങ് കോർപ്പറേഷൻ, മോർഗൻ സ്റ്റാൻലിയുമായി ബന്ധപ്പെട്ട എംഎസ് സ്ട്രാറ്റജിക്, സിംഗപ്പൂർ ആസ്ഥാനമായ മഹോഗനി എന്നിവ വിൽപ്പന കുറച്ചവരിൽ ഉൾപ്പെടുന്നു. ബാങ്ക് ഓഫ് ബറോഡയും ഇന്ത്യൻ ബാങ്കും വിൽക്കാനിരുന്ന ഓഹരികളുടെ എണ്ണത്തിൽ കുറവ് വരുത്തിയിട്ടുണ്ട്.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും കാനഡ പെൻഷൻ പ്ലാൻ ഇൻവെസ്റ്റ്മെന്റ് ബോർഡും ഉൾപ്പെടെയുള്ള നിലവിലെ ഓഹരി ഉടമകളാണ് ഓഫർഫോർ സെയിൽ വഴി ഓഹരികൾ വിൽക്കുന്നത്. NSEയുടെ വിലനിർണയത്തിലും IPOയുടെ വലുപ്പത്തിലും വിപണിയിലെ ചില മാറ്റങ്ങൾ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ഓപ്ഷൻസ് ട്രേഡിങ്ങുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ, ഡെറിവേറ്റീവ് ഇടപാടുകളിലെ ഉയർന്ന നികുതി, ബാങ്ക് ഫണ്ടിങ്ങിലെ നിയന്ത്രണങ്ങൾ തുടങ്ങിയവ വിപണി ഇടപാടുകളെ ബാധിച്ചിട്ടുണ്ട്.

NSEയുടെ വരുമാനത്തിന്റെ 60 ശതമാനത്തിലധികം ഓപ്ഷൻസ് ഇടപാടുകളിൽ നിന്നുള്ള ചാർജുകളുമായി ബന്ധപ്പെട്ടതാണ്. ഓഗസ്റ്റിൽ NSEയുടെ ഓപ്ഷൻസ് ടേൺഓവർ മുൻവർഷത്തെ അപേക്ഷിച്ച് 12 ശതമാനത്തിലധികം കുറഞ്ഞതായും റിപ്പോർട്ടുകളുണ്ട്. അതേസമയം, 2027 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ NSEയുടെ അറ്റാദായം 6.7 ശതമാനം ഉയർന്ന് 3,120 കോടിയിലെത്തി. പ്രവർത്തന വരുമാനം 13 ശതമാനം വർധിച്ച് 4,560 കോടിയായതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

വർഷങ്ങളായുള്ള കാത്തിരിപ്പിന് ശേഷം NSE IPO വിപണിയിലെത്തുമ്പോൾ നിക്ഷേപകരുടെ പ്രധാന ശ്രദ്ധ പ്രൈസ് ബാൻഡ്, IPO സബ്സ്ക്രിപ്ഷൻ, ലിസ്റ്റിംഗ് വില എന്നിവയിലായിരിക്കും .1,700 മുതൽ 1,785 രൂപ വരെയുള്ള വിലയിൽ IPO എത്രത്തോളം നിക്ഷേപകരെ ആകർഷിക്കും എന്നതാണ് ഇനി പ്രധാന ചോദ്യം. അതേസമയം, IPOയിൽ വിൽപന കുറച്ച ചില വലിയ ഓഹരി ഉടമകളുടെ തീരുമാനം ലിസ്റ്റിംഗിന് ശേഷമുള്ള NSEയുടെ മൂല്യനിർണയത്തെക്കുറിച്ചുള്ള പ്രതീക്ഷകൾക്കും സൂചന നൽകുന്നതാണ്.

Content Highlights: NSE IPO to open on Sep 17; OFS reduced ahead of much-awaited issue

dot image
To advertise here,contact us
dot image