

കോഴിക്കോട്: ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ സ്ഥാനം പ്രഖ്യാപിക്കാത്തതില്‍ കടുത്ത അതൃപ്തിയില്‍ എം കെ മുനീര്‍. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും പി കെ കുഞ്ഞാലിക്കുട്ടിയും പങ്കെടുത്ത വേദി മുനീര്‍ ബഹിഷ്‌കരിച്ചു. കോഴിക്കോട് നടന്ന യൂത്ത് ലീഗ് സമാപന സമ്മേളനത്തില്‍ നിന്നാണ് എം കെ മുനീര്‍ വിട്ടുനിന്നത്. കോഴിക്കോട് ഉണ്ടായിരുന്നിട്ടും സമ്മേളനത്തിലെത്തിയില്ല എന്നതാണ് ശ്രദ്ധേയം. കഴിഞ്ഞ മന്ത്രിസഭാ യോഗത്തില്‍ കമ്മീഷന്‍ ചെയര്‍മാന്‍ സ്ഥാനം പ്രഖ്യാപിക്കുമെന്ന് ഉറപ്പുനല്‍കിയിരുന്നു.
മുസ്‌ലിം ലീഗിലെ മുതിർന്ന നേതാവും മുൻ മന്ത്രിയുമായിരുന്ന മുനീർ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നില്ല. മുഖ്യമന്ത്രി വി ഡി സതീശനും യുഡിഎഫ് കൺവീനർ അടൂർ പ്രകാശും മുസ്‌ലിം ലീഗ് നേതാക്കളുമായി നടത്തിയ ചർച്ചയിലാണ് കാബിനറ്റ് പദവിയുടെ കാര്യത്തിൽ ധാരണയായത്.
വി എം സുധീരന്റെ പേര് മുമ്പ് മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍ അധ്യക്ഷനായിരുന്ന ഭരണപരിഷ്കാര കമ്മീഷൻ സ്ഥാനത്തേക്ക് നേരത്തേ പറഞ്ഞ് കേട്ടിരുന്നുവെങ്കിലും പദവി വേണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. വർഷങ്ങൾക്ക് മുന്നേ ഒരു പദവിയും വേണ്ടെന്ന് താൻ തീരുമാനിച്ചതാണെന്നും അതിൽ മാറ്റമില്ലെന്നുമാണ് സുധീരൻ പറഞ്ഞത്. കേരള കോൺഗ്രസ് നേതാവും മുൻമന്ത്രിയുമായ പി ജെ ജോസഫിനെ ഭരണപരിഷ്‌കാര കമ്മീഷൻ അധ്യക്ഷനാക്കണമെന്ന ആവശ്യവും ഉയർന്ന് വന്നിരുന്നു.
Content Highlights: M K Muneer Expresses Strong Discontent Over Delay in Announcing Administrative Reforms Commission Chairman