'പിണറായിയെ മൂക്കില്‍ വലിച്ച് കയറ്റും എന്നാണ് പറയുന്നത്, അത്രയും വലിപ്പമുള്ള മൂക്ക് ഇ ഡിക്കില്ല'; എം സ്വരാജ്

ഇ എം എസ്സിനെ കള്ളനെന്ന് അധിക്ഷേപിച്ചൊരു കാലമുണ്ടായിരുന്നുവെന്നും എം സ്വരാജ് ചൂണ്ടിക്കാട്ടി

'പിണറായിയെ മൂക്കില്‍ വലിച്ച് കയറ്റും എന്നാണ് പറയുന്നത്, അത്രയും വലിപ്പമുള്ള മൂക്ക് ഇ ഡിക്കില്ല'; എം സ്വരാജ്
dot image

തിരുവനന്തപുരം: വിശ്വാസ്യത സമ്പൂര്‍ണ്ണമായും നഷ്ടപ്പെട്ട ഏജന്‍സിയാണ് ഇ ഡിയെന്ന് എം സ്വരാജ്. ബിജെപിയെ എതിര്‍ക്കുന്നവരെ വേട്ടയാടുന്ന ഏജന്‍സിയാണ് ഇ ഡി. മറ്റ് പാര്‍ട്ടിക്കാരെ വേട്ടയാടി ബിജെപിയില്‍ എത്തിക്കുന്ന പണിയാണ് എടുക്കുന്നത്. പിണറായിയെ മൂക്കില്‍ വലിച്ച് കയറ്റും എന്നാണ് പറയുന്നത്. എന്നാല്‍ പിണറായിയെ വലിക്കാന്‍ മാത്രം വലിപ്പമുള്ള മൂക്ക് ഇഡി ക്ക് ഇല്ലെന്നും സ്വരാജ് തുറന്നടിച്ചു.

ഇ എം എസ്സിനെ കള്ളനെന്ന് അധിക്ഷേപിച്ചൊരു കാലമുണ്ടായിരുന്നുവെന്നും എം സ്വരാജ് ചൂണ്ടിക്കാട്ടി. സാമാന്യബുദ്ധിയുള്ളവര്‍ ആരോപണം പുച്ഛിച്ച് തള്ളുമെന്നും കോടതിയുടെ വരാന്തയില്‍ നില്‍ക്കാന്‍ കെല്‍പ്പില്ലാത്ത കള്ളക്കേസാണിതെന്നും നിയമപരമായും രാഷ്ട്രീയമായും ഇതിനെ നേരിടുമെന്നും അദ്ദേഹം പറഞ്ഞു.

ഇതിനിടെ ഇ ഡി നീക്കത്തിൽ പിണറായി വിജയനെ പിന്തുണച്ച് സിപിഐഎം പൊളിറ്റ്ബ്യൂറോ രംഗത്തെത്തിയിട്ടുണ്ട്. പിണറായി വിജയൻ, മകൾ വീണ, മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്യണമെന്ന് കേരള പൊലീസിനോട് ആവശ്യപ്പെട്ട എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടപടിയെ സിപിഐഎം പൊളിറ്റ്ബ്യൂറോ ശക്തമായി അപലപിച്ചു. വീണയ്‌ക്കെതിരായ അന്വേഷണം തുടക്കം മുതൽ തന്നെ അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനെ ലക്ഷ്യമിട്ട് മാത്രമായിരുന്നുവെന്ന് വ്യക്തമായിരുന്നു എന്നാണ് സിപിഐഎം പൊളിറ്റ്ബ്യൂറോ പ്രസ്താവനയിൽ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. പ്രതിപക്ഷ നേതാക്കളെ ലക്ഷ്യമിട്ട് കേന്ദ്ര ഏജൻസികളെ നരേന്ദ്ര മോദി സർക്കാർ ദുരുപയോഗം ചെയ്യുന്ന പതിവ് രീതിയാണ് ഇതെന്നും സിപിഐഎം കുറ്റപ്പെടുത്തി.

'കെപിസിസി പ്രസിഡൻ്റ് ഇഡിയുടെ നടപടിയെ പിന്തുണയ്ക്കുകയും കേസ് രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരിക്കുകയാണ്. ഇത് കോൺഗ്രസ് പാർട്ടിയുടെ ഇരട്ടത്താപ്പാണ് തുറന്നുകാട്ടുന്നത്. രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾക്കെതിരായ ഇഡി നടപടികളെ ഇതേ കോൺഗ്രസ് പാർട്ടി എതിർക്കുകയാണെ'ന്നും പ്രസ്താവനയിൽ സിപിഐഎം ചൂണ്ടിക്കാണിച്ചിട്ടുണ്ട്. 'നേരത്തെ കേരളത്തിലെ ഒരു കോൺഗ്രസ് എംഎൽഎ പിണറായി വിജയനെതിരെ കേസ് രജിസ്റ്റർ ചെയ്യണമെന്നാവശ്യപ്പെട്ട് വിജിലൻസ് കോടതിയെയും ഹൈക്കോടതിയെയും പിന്നീട് സുപ്രീം കോടതിയെയും സമീപിച്ചിരുന്നുവെന്നത് ഓർക്കേണ്ടതാണ്. എന്നാൽ, ഈ വിഷയത്തിൽ കേസ് രജിസ്റ്റർ ചെയ്യണമെന്ന അദ്ദേഹത്തിന്റെ ആവശ്യം കോടതികൾ തള്ളുകയായിരുന്നു. ഇപ്പോൾ അതേ കേസ് തന്നെ പിണറായി വിജയനെതിരെ കെട്ടിച്ചമക്കുകയാണെ'ന്നും സിപിഐഎം കുറ്റപ്പെടുത്തി. ഇ ഡി ഏജന്റായി പ്രവർത്തിക്കരുതെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ വി ഡി സതീശൻ സർക്കാരിന് മുന്നറിയിപ്പ് നൽകി. പിണറായി വിജയനെതിരായ രാഷ്ട്രീയ പകപോക്കലിനെതിരെ പാർട്ടി രാഷ്ട്രീയമായും നിയമപരമായും ശക്തമായി പോരാടുമെന്നും സിപിഐഎം പോളിറ്റ്ബ്യൂറോ പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടുണ്ട്.

പിണറായി വിജയനെ പിന്തുണച്ച് സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബിയും രംഗത്തെത്തി. സിപിഐഎമ്മിനെ ഭീഷണിപ്പെടുത്തിയോ സഖാവ് പിണറായി വിജയനെ വളഞ്ഞിട്ടോ തങ്ങളുടെ ലക്ഷ്യം നേടാനാകുമെന്നാണ്
എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കരുതുന്നതെങ്കിൽ അവർ വല്ലാതെ തെറ്റിദ്ധരിച്ചിരിക്കുകയാണെന്നാണ് സിപിഐഎം അഖിലേന്ത്യാ ജനറൽ സെക്രട്ടറി എം എ ബേബി പ്രതികരിച്ചത്. കേരളത്തിലെ ഒരു കോൺഗ്രസ് എംഎൽഎ സമർപ്പിച്ച ഹർജിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടന്ന അതേ കേസിൽ തന്നെ സഖാവ് പിണറായി വിജയനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ കേരള പൊലീസിനെ ഉപയോഗിക്കാനാണ് ഇപ്പോൾ അവർ ശ്രമിക്കുന്നത്. ഈ കേസ് രാജ്യത്തെ വിജിലൻസ് കോടതി, ഹൈക്കോടതി, സുപ്രീം കോടതി എന്നീ മൂന്ന് കോടതികൾ ഇതിനകം തന്നെ തള്ളിക്കളഞ്ഞതാണെന്നും എക്സിൽ പങ്കുവെച്ച കുറിപ്പിൽ എം എ ബേബി വ്യക്തമാക്കി. മോദി സർക്കാർ തങ്ങൾക്ക് കീഴിലുള്ള അന്വേഷണ ഏജൻസികളെ പ്രത്യേകിച്ച് ഇ ഡിയെ രാഷ്ട്രീയ പകപോക്കലിനായി ദുരുപയോഗം ചെയ്യുകയാണെന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. ഇപ്പോൾ ബിജെപി പ്രതീക്ഷിക്കുന്നത് കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫ് സർക്കാർ അവരുടെ താൽപര്യങ്ങൾക്കനുസരിച്ച് പ്രവർത്തിക്കണമെന്നാണ്. കെപിസിസി അധ്യക്ഷൻ ഇതിനോടകം തന്നെ അതിനുള്ള സന്നദ്ധത വ്യക്തമാക്കിയിട്ടുണ്ട്. ഓരോ ദിവസം കഴിയുന്തോറും കേരളത്തിൽ ആരൊക്കെയാണ് തമ്മിൽ ധാരണയിലെത്തിയിരിക്കുന്നതെന്ന് കൂടുതൽ കൂടുതൽ വ്യക്തമാവുകയാണ്. ഈ ഗൂഢനീക്കങ്ങളെ രാഷ്ട്രീയമായും നിയമപരമായും ഞങ്ങൾ ശക്തമായി നേരിടുമെന്നും എം എ ബേബി എക്സിൽ കുറിച്ചിട്ടുണ്ട്.

Content Highlights: M Swaraj launches a sharp attack on the ED, alleging it targets BJP opponents, while vowing to fight the case against Pinarayi Vijayan both legally and politically

dot image
To advertise here,contact us
dot image