

തെഹ്റാൻ: പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമാകുന്നതിനിടെ ഇറാനിലെ ചബഹാറിൽ നിന്ന് ഗൾഫ് ഓഫ് ഒമാൻ, അറബിക്കടൽ എന്നിവയുടെ ചില ഭാഗങ്ങളിലേക്ക് വ്യാപിക്കുന്ന സമുദ്ര മേഖലയെ നിയന്ത്രിത മേഖലയായി പ്രഖ്യാപിക്കുമെന്ന് വ്യക്തമാക്കി ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ്. ഈ മേഖല വഴി കടന്നുപോകുന്ന ഏത് കപ്പലിനുമെതിരെയും ഉപരോധ നടപടികൾ സ്വീകരിക്കുമെന്നും ഐആർജിസി വക്താവ് അറിയിച്ചു.
ഇതിനിടെ ഇറാന്റെ അഞ്ച് ക്രൂഡ് ഓയിൽ ടാങ്കറുകൾ തകർത്തതായാണ് അമേരിക്കൻ സൈന്യം വ്യക്തമാക്കുന്നത്. ഐആർജിസിയുടെ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തെ തുടർന്നാണ് ആക്രമണമെന്നും അമേരിക്ക വ്യക്തമാക്കി. ഇതിന് പിന്നാലെ രണ്ട് അമേരിക്കൻ കപ്പലുകൾക്കും എട്ട് എണ്ണ ടാങ്കറുകൾക്കും നേരെ ആക്രമണം നടത്തിയതായി ഇറാനും അറിയിച്ചു. ഇതിന് പുറമെ മറ്റ് 10 കപ്പലുകളും ആക്രമിച്ചതായാണ് ഇറാൻ്റെ അവകാശവാദം. ഹോർമുസ് കടലിടുക്കിലെ നിരോധിതവും സുരക്ഷിതമല്ലാത്തതുമായ മേഖലയിലൂടെ കടന്നുപോകാൻ ശ്രമിച്ചുവെന്ന് ആരോപിച്ചാണ് അമേരിക്കൻ കപ്പലുകൾക്ക് നേരെ ഇറാൻ ആക്രമണം നടത്തിയത്. നിയമലംഘനം നടത്തിയെന്ന് ആരോപിച്ചാണ് മറ്റ് കപ്പലുകൾക്ക് നേരെ ആക്രമണം നടത്തിയത്. കപ്പലുകൾക്കെതിരായ ആക്രമണം രൂക്ഷമായതോടെ ക്രൂഡ് ഓയിൽ ബാരലിൻ്റെ വില 100 ഡോളറിന് മുകളിലെത്തി.
ആക്രമണത്തെ തുടർന്ന് ഗൾഫ് മേഖലയിൽ നിരവധി കപ്പലുകളിൽ തീപിടുത്തമുണ്ടായതായി ബ്രിട്ടീഷ് സമുദ്ര നിരീക്ഷണ ഏജൻസിയെ ഉദ്ധരിച്ച് റിപ്പോർട്ടുണ്ട്. ദുബായ് തീരത്ത് എണ്ണ ടാങ്കറിന് നേരെയുണ്ടായ ആക്രമണത്തിൽ ഒരു നാവികൻ കൊല്ലപ്പെടുകയും ഒരാള കാണാതാവുകയും ചെയ്തതായി റിപ്പോർട്ടുണ്ട്. ജിബ്രാൾട്ടർ പതാകയുള്ള ഹെർക്കുലീസ് സ്റ്റാർ എന്ന എണ്ണ ടാങ്കിറിലെ ജീവനക്കാരൻ കൊല്ലപ്പെട്ടതായാണ് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്.
അമേരിക്കൻ സൈനികരെ വിന്യസിച്ചിരിക്കുന്ന ജോർദാനിലെ സൈനിക താവളത്തിലും ആക്രമണം നടത്തിയതായാണ് ഐആർജിസിയുടെ അവകാശവാദം. ഇറാനിൽ നിന്ന് തൊടുത്തുവിട്ട 18 ബാലിസ്റ്റിക് മിസൈലുകൾ തങ്ങൾ തകർത്തതായി ജോർദാൻ സ്ഥിരീകരിച്ചിട്ടുണ്ട്. അമേരിക്കൻ നാവികസേനയുടെ കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണങ്ങൾക്ക് തിരിച്ചടിയായി ഇറാന്റെ എണ്ണ ടാങ്കറുകൾക്കെതിരായ ആക്രമണം തുടരുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഇതിനിടെ ഹോർമൂസ് കടലിടുക്കിന് സമീപത്തുനിന്ന് അമേരിക്കയുടെ ആളില്ലാ അന്തർവാഹിനി പിടിച്ചെടുത്തതായി ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സിന്റെ നാവികസേനയുടെ അവകാശവാദം. കാലിഫോർണിയ ആസ്ഥാനമായുള്ള പ്രതിരോധ സാങ്കേതികവിദ്യാ കമ്പനിയായ ആൻഡുറിൽ ഇൻഡസ്ട്രീസ് നിർമിച്ച ‘ഡൈവ്-എൽഡി’ (Dive-LD) എന്ന സ്വയംനിയന്ത്രിത അണ്ടർവാട്ടർ വാഹനമാണ് പിടിച്ചെടുത്തതെന്നാണ് ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇന്നലെ പുലർച്ചെ സങ്കീർണമായ രഹസ്യാന്വേഷണ-പ്രവർത്തന പദ്ധതിയിലൂടെയാണ് ഇത് പിടികൂടിയതെന്നാണ് ഐആർജിസിയുടെ അവകാശവാദം. ലോകത്തിലെ ഏറ്റവും പുതിയ അന്തർവാഹിനി സാങ്കേതികവിദ്യകളിലൊന്നാണ് ഇതിലുള്ളതെന്നും 2025-ലാണ് ഇത് അമേരിക്കൻ സൈനിക വ്യൂഹത്തിന്റെ ഭാഗമായതെന്നുമാണ് ഐആർജിസിയുടെ അവകാശവാദം.
ഏകദേശം ആറ് മീറ്റർ നീളമുള്ള ഈ ആളില്ലാ അന്തർവാഹിനി ദീർഘകാല നിരീക്ഷണം, കടലിന്റെ അടിത്തട്ടിന്റെ മാപ്പിങ്, കടൽമൈനുകൾ കണ്ടെത്തൽ തുടങ്ങിയ ദൗത്യങ്ങൾക്കായി രൂപകൽപ്പന ചെയ്തതാണ്. എന്നാൽ സംഭവത്തിന് ഒരു ദിവസം മുമ്പ് തന്നെ ഈ ഉപകരണം തകരാറിലായിരുന്നുവെന്നാണ് അമേരിക്കയുടെ നിലപാട്. ഡൈവ്-എൽഡി തങ്ങളുടെ ഒരു വാഹനം നഷ്ടപ്പെട്ടതായി ആൻഡുറിൽ ഇൻഡസ്ട്രീസ് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ സംഭവത്തിന്റെ പ്രാധാന്യം കുറച്ചുകാണിക്കുന്ന നിലപാടാണ് കമ്പനി സ്വീകരിച്ചിരിക്കുന്നത്. 'ഡൈവ്-എൽഡി ഒരു ‘അട്രിറ്റബിൾ ഓട്ടോണമസ് സിസ്റ്റം’ ആണ്. അതായത്, അപകടസാധ്യതയേറിയ സാഹചര്യങ്ങളിൽ പ്രവർത്തിക്കാനും വാഹനം നഷ്ടപ്പെടാനുള്ള സാധ്യത കണക്കിലെടുത്തുകൊണ്ടുമാണ് ഇത് ആദ്യം മുതൽ രൂപകൽപ്പന ചെയ്തിരിക്കുന്നത്' എന്നാണ് കമ്പനിയുടെ വിശദീകരണം.
Content Highlights: Iran says it will declare parts of the Gulf of Oman and Arabian Sea as a restricted maritime zone, warning ships passing through the designated area of possible sanctions.