പാളയം പ്രദീപിനായി രമ്യയുടെ അനധികൃത നീക്കം; സ്റ്റാഫിൽ ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് നിയമസഭയ്ക്ക് കത്ത് നൽകി

കത്ത് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ മടക്കി

പാളയം പ്രദീപിനായി രമ്യയുടെ അനധികൃത നീക്കം; സ്റ്റാഫിൽ ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് നിയമസഭയ്ക്ക് കത്ത് നൽകി
dot image

തിരുവനന്തപുരം: പാളയം പ്രദീപിനായി രമ്യ ഹരിദാസ് എംഎല്‍എയുടെ അനധികൃത നീക്കം. പ്രദീപിനെ സ്റ്റാഫില്‍ ഉള്‍പ്പെടുത്താനാണ് രമ്യ അനധികൃത നീക്കം നടത്തിയത്. മുന്‍കാല പ്രാബല്യത്തോടെ പേഴ്‌സണല്‍ സ്റ്റാഫില്‍ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭ സെക്രട്ടറിയുടെ ഓഫീസില്‍ കത്ത് നല്‍കി. എന്നാല്‍ രമ്യ ഹരിദാസ് നല്‍കിയ കത്ത് സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മടക്കി.

പ്രദീപിനെ സ്റ്റാഫില്‍ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് ഇന്നായിരുന്നു രമ്യ ഹരിദാസ് കത്ത് നല്‍കിയത്. മെയ് 21 മുതല്‍ പ്രാബല്യം വേണമെന്നായിരുന്നു രമ്യ കത്തില്‍ ആവശ്യപ്പെട്ടത്. എന്നാല്‍ മുന്‍കാല പ്രാബല്യത്തില്‍ നിയമിക്കാന്‍ കഴിയില്ലെന്നാണ് നിയമസഭാ സെക്രട്ടറിയേറ്റ് അറിയിച്ചത്. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് രമ്യ നല്‍കിയ കത്ത് സ്പീക്കര്‍ മടക്കിയത്. പ്രദീപിനായി മുൻപും രമ്യ ഹരിദാസ് ഇടപെട്ടിരുന്നു. അത്തരത്തിലൊരു വിഷയമായിരുന്നു ചിറയിൻകീഴിൽ കയ്യാങ്കളിയിൽ കലാശിച്ചത്.

വെള്ളിയാഴ്ച രാത്രിയായിരുന്നു ചിറയിന്‍കീഴില്‍ രമ്യ ഹരിദാസ് എംഎല്‍എയും പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളും തമ്മില്‍ വാക്കുതര്‍ക്കവും കയ്യാങ്കളിയും ഉണ്ടായത്. എംഎല്‍എ, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്ത ഔദ്യോഗിക യോഗത്തില്‍ എംഎല്‍എയുടെ അനുയായിയായ പാളയം പ്രദീപ് പങ്കെടുത്തതാണ് തര്‍ക്കത്തിന്റെ തുടക്കം. പ്രദീപ് യോഗത്തില്‍ പങ്കെടുക്കുകയും ചില കരാറുകാര്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തതില്‍ പ്രാദേശിക തലത്തില്‍ എതിര്‍പ്പ് ഉണ്ടായിരുന്നു. യോഗത്തില്‍ പങ്കെടുക്കുന്ന പ്രദീപിന്റെ ദൃശ്യങ്ങള്‍ എംഎല്‍എ തന്നെ പിന്നീട് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ പങ്കുവെയ്ക്കുകയും ചെയ്തിരുന്നു. ഇത് ചോദ്യം ചെയ്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് ആയ സജാദ് ഗ്രൂപ്പില്‍ സന്ദേശം അയക്കുകയായിരുന്നു. പിന്നാലെ രാത്രി രമ്യാ ഹരിദാസും സംഘവും സജാദിന്റെ വീട്ടിലെത്തുകയായിരുന്നു. സജാദിന്റെ മകളെക്കൊണ്ട് ഫോണിലെ സന്ദേശങ്ങള്‍ വായിപ്പിക്കാന്‍ ശ്രമിച്ചെന്ന് ഇവര്‍ ആരോപിച്ചിരുന്നു. വിവരമറിഞ്ഞ് ജില്ലാ പഞ്ചായത്ത് അംഗവും വാട്സാപ് ഗ്രൂപ്പ് അഡ്മിനുമായ സജിത് മുട്ടമ്പലം അടക്കമുള്ളവര്‍ സ്ഥലത്തെത്തി. ഇതോടെയാണ് തര്‍ക്കം കയ്യാങ്കളിയിലേക്കു നീങ്ങിയത്.

Content Highlights- Ramya wrote to the Kerala Assembly requesting that Palayam Pradeep be included in the staff. The Speaker returned the letter. 

dot image
To advertise here,contact us
dot image